29 ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ വ്യോമസേന വിമാനം കാണാതായി

Posted on: July 22, 2016 2:03 pm | Last updated: July 22, 2016 at 11:37 pm
SHARE

an-32-flight-map_650x400_81469179052ചെന്നൈ/ ന്യൂഡല്‍ഹി: ചെന്നൈയില്‍ നിന്ന് ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറിലേക്ക് പോകുന്നതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ എന്‍ – 32 വിമാനം കാണാതായി. ആറ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിനായി ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്. വ്യോമസേന, നാവികസേന, തീരദേശ സേന വിഭാഗങ്ങള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. എട്ട് എയര്‍ക്രാഫ്റ്റുകളും പതിമൂന്ന് കപ്പലുകളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങള്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്.
ഇന്നലെ രാവിലെ 8.30ന് ചെന്നൈയിലെ താംബാരം വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് പതിനാറ് മിനുട്ടിന് ശേഷം 8.46നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ പോര്‍ട്ട്‌ബ്ലെയറിലേക്ക് സര്‍വീസ് നടത്തുന്ന കൊറിയര്‍ വിമാനമാണിത്. രാവിലെ 11.30നാണ് വിമാനം പോര്‍ട്ട് ബ്ലെയറില്‍ എത്തേണ്ടിയിരുന്നതെന്ന് വ്യോമസേന വിംഗ് കമാന്‍ഡര്‍ അനുപം ബാനര്‍ജി പറഞ്ഞു. വിമാനം കാണാതായതായും തിരച്ചില്‍ തുടരുകയാണെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥിരീകരിച്ചു.
ആറ് ക്രൂ അംഗങ്ങള്‍ക്ക് പുറമെ പതിനൊന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍, കരസേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍, നാവികസേനയിലെ ഒമ്പത് പേര്‍, തീരദേശ സേനാ ഉദ്യോഗസ്ഥന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. അവസാന സന്ദേശം ലഭിക്കുമ്പോള്‍ 23,000 അടി ഉയരത്തിലായിരുന്നു വിമാനം. ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങളിലായി തിരച്ചില്‍ നടന്നുവരികയാണെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി കെ ശര്‍മ പറഞ്ഞു. വിമാനത്തില്‍ നിന്ന് അവസാനം സന്ദേശം ലഭിച്ച പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണെന്ന് തീരദേശ സേന അറിയിച്ചു.
തീരദേശ സേനയുടെ സാഗര്‍, സമുദ്ര കപ്പലുകള്‍ ചെന്നൈയില്‍ നിന്നും രാജ്ശ്രീ, രാജ്‌വീര്‍ കപ്പലുകള്‍ പോര്‍ട്ട് ബ്ലെയറില്‍ നിന്നും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അന്തര്‍വാഹിനി ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. മോശം കാലാവസ്ഥ തിരച്ചിലിന് തടസ്സമാകുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയോട് വ്യോമ, നാവിക സേനകള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കി.
റഷ്യന്‍ നിര്‍മിതമായ ഇരട്ട എന്‍ജിനുള്ള നൂറ് എ എന്‍- 32 വിമാനങ്ങളാണ് വ്യോമസേനയിലുള്ളത്. വിമാനത്തിന് നേരിയ തകരാറുകള്‍ ഈ മാസം കണ്ടെത്തിയിരുന്നു. എ എന്‍- 32 വിമാനങ്ങള്‍ ഉക്രൈനിന്റെ സഹായത്തോടെ അപ്‌ഗ്രേഡ് ചെയ്യാനിരിക്കുകയാണ്. നാല് മണിക്കൂര്‍ പറക്കാനുള്ള ഇന്ധനമാണ് വിമാനത്തില്‍ ഉണ്ടാകുക. 2009ലാണ് എ എന്‍- 32 ഇനത്തില്‍പ്പെട്ട വിമാനം ഇതിന് മുമ്പ് അപകടത്തില്‍പ്പെട്ടത്. അരുണാചല്‍ പ്രദേശില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ താഴേക്ക് പതിക്കുകയായിരുന്നു.