നിലമ്പൂരില്‍ കോളജ് തുടങ്ങാന്‍ മുഖ്യമന്ത്രിക്ക് കെ എസ് യുവിന്റെ കത്തയക്കല്‍ സമരം

Posted on: July 22, 2016 11:47 am | Last updated: July 22, 2016 at 11:47 am
SHARE

നിലമ്പൂര്‍: മുന്‍ സര്‍ക്കാര്‍ അനുവദിച്ച നിലമ്പൂര്‍ സര്‍ക്കാര്‍ കോളജില്‍ ഉടന്‍ പ്രവേശന നടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു മുഖ്യമന്ത്രിക്ക് 1001 കത്തുകള്‍ അയച്ചു. കത്തയക്കല്‍ സമരം കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഡ്വ. വി എസ് ജോയി ഉദ്ഘാടനം ചെയ്തു. കോളജ് തുടങ്ങാന്‍ നിലമ്പൂരില്‍ വാടക കെട്ടിടം ഒരുക്കാന്‍ കെ എസ് യു തയ്യാറാണെന്ന് ജോയി വ്യക്തമാക്കി.ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ബിരുദ പഠനത്തിന് അവസരമില്ലാതെ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ കോളജ് അട്ടിമറിക്കുന്നതിനെതിരെ ശക്തമായ തുടര്‍ സമരമുണ്ടാകുമെന്നും പറഞ്ഞു.
നിയോജക മണ്ഡലത്തിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സമരത്തിന്റെ ഒന്നാം ഘട്ടമായി നേരത്തെ കെ എസ് യു എം എല്‍ എ ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു. കെ എസ് യു മണ്ഡലം പ്രസിഡന്റ് ഷിജോ മൂത്തേടം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനീഷ് കരുളായി, ഷാജഹാന്‍ പായിമ്പാടം, പ്രദീഷ് മാമ്പൊയില്‍, പി കെ ശമീര്‍, കെ ജിഷ്ണു, അഖില്‍ പ്രസംഗിച്ചു.