Connect with us

Kerala

കോണ്‍ഗ്രസ് അനുകൂല പോലീസ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ നടപടി തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസ് അനുകൂല പോലീസ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ നീക്കമാരംഭിച്ചു. പുതിയ തിരഞ്ഞെടുപ്പിന് കളമൊരുക്കി സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലാവധി അടുത്ത വര്‍ഷം ആഗസ്റ്റിലാണ് അവസാനിക്കുന്നതെങ്കിലും രണ്ട് വര്‍ഷത്തെ കാലാവധിയെന്നത് നിശ്ചയിച്ച് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് വെച്ചാണ് സംസ്ഥാന പോലീസ് മേധാവി പുതിയ ഉത്തരവിറക്കിയത്. മുന്‍കാലങ്ങളില്‍ പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പിനുളള ഷെഡ്യൂള്‍ പോലീസ് മേധാവിക്ക് സമര്‍പ്പിക്കുകയും ഇതനുസരിച്ച് തിരഞ്ഞെടുപ്പിനുളള ഉത്തരവ് ഡി ജി പി പുറത്തിറക്കുകയാണ് ചെയ്യുക. ഇതിനു വിരുദ്ധമായി ഡി ജി പി തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പുറത്തിറക്കി. ഷെഡ്യൂള്‍ പ്രകാരം ജൂലൈ 25ന് ജില്ലാ സെക്രട്ടറി യൂനിറ്റ് മേധാവിക്ക് വോട്ടര്‍ പട്ടിക സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.അന്തിമ വോട്ടര്‍ പട്ടിക ആഗസ്റ്റ് ഏഴിന് പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശപത്രികകള്‍ ഒമ്പതിന് സമര്‍പ്പിക്കണം. യൂനിറ്റ് തല തിരഞ്ഞെടുപ്പുകള്‍ ആഗസ്റ്റ് 17നും ജില്ലാ തല തിരഞ്ഞെടുപ്പ് 24നും നടത്തണം. സംസ്ഥാന ഭാരവാഹികളെ സെപ്റ്റംബര്‍ ആറിന് തിരഞ്ഞെടുക്കണം. സ്ഥലംമാറ്റങ്ങള്‍ നടക്കുന്ന വേളയില്‍ ഇത്തരത്തില്‍ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പോലീസുകാരുടെ പരാതി. മുന്‍കാലങ്ങളില്‍ ഒരു മാസം മുമ്പാണ് ഉത്തരവിറക്കുന്നത്. അതിനാല്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കുമായിരുന്നു. കോണ്‍ഗ്രസ് അനുകൂല അസോസിയേഷന്‍ പിടിച്ചെടുക്കുന്നതിന്റെ മുന്നോടിയാണ് പുതിയ നടപടിയെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
എല്ലാ വര്‍ഷവും ജൂലൈയിലാണ് പോലീസ് അസോസിയേഷനിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ വര്‍ഷം യൂനിറ്റ് തല തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് അസോസിയേഷന്റെ കാലാവധി രണ്ട് വര്‍ഷമാക്കിയത്. അതിനാല്‍ സംസ്ഥാന സമിതിക്ക് രണ്ടു വര്‍ഷം തുടരാനുളള അര്‍ഹതയില്ലെന്നാണ് സര്‍ക്കാറിന്റെ നിലപാട്.