Connect with us

Kozhikode

പൊതു പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെതിരെ അപവാദം പ്രചരിപ്പിച്ച് ചേളാരി വിഭാഗം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Published

|

Last Updated

താമരശ്ശേരി: പൊതു പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെതിരെ സാമൂഹിക മാധ്യങ്ങളില്‍ അപവാദം പ്രചരിപ്പിച്ച ചേളാരി വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് മണ്ഡലം എക്‌സിക്യൂട്ടീവ് അംഗമായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെതിരെ കൂടത്തായി ഫൈസി സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. പിതാവിന്റെ ഒരു നന്മയും കിട്ടാത്ത കുടുംബം കലക്കിയാണെന്നും എന്ത് പിരിവിന് പോയാലും 20 രൂപ മാത്രമാണ് നല്‍കുക എന്നും പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ആളെ മനസ്സിലാകാന്‍ ജോലിക്കൊപ്പം വ്യക്തിത്വത്തെ അവഹേളിക്കുന്ന വാക്കുകളുമാണ് ഉപയോഗിച്ചത്. മഹല്ല് കമ്മിറ്റിയില്‍ കയറിപ്പറ്റാന്‍ കുറച്ചുനാള്‍ പള്ളിയില്‍ വന്നു, ഇപ്പോള്‍ പള്ളിയില്‍ കാണാറില്ല, എല്ലാ പാര്‍ട്ടിയിലും കുടുംബത്തിന്റെ സ്വാധീനമുണ്ടാകാന്‍ കോണ്‍ഗ്രസ്സില്‍ നില്‍ക്കുകയാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് ഫേസ് ബുക്കിലൂടെയും വാര്‍ട്‌സ് അപ്പിലൂടെയും പ്രചരിപ്പിച്ചത്. ചേളാരി സമസ്തയുടെ വക്താവായി പ്രത്യക്ഷപ്പെടുന്ന ഫൈസിക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തിയപ്പോള്‍ ഫേസ് ബുക്കില്‍ നിന്നും കുറിപ്പ് നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയ-സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും കുടുംബത്തെയും അവഹേളിക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് കൂടത്തായി വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു. സമാധാനത്തോടെ കഴിഞ്ഞു വരുന്ന പ്രദേശ വാസികള്‍ക്കിടയില്‍ വിഭാഗീതയും സ്പര്‍ദ്ദയും വളര്‍ത്തുന്നതരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്ന് യോഗം ആഹ്വാനം ചെയ്തു. സോഷ്യല്‍ മീഡിയകളില്‍ ഏറെക്കാലമായുള്ള ഇത്തരം അപവാദ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ബ്ലോക്ക് സെക്രട്ടറി പി പി കുഞ്ഞായിന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി സദാനന്ദന്‍, കെ പി അഹമ്മദ് കുട്ടി, കോയക്കുട്ടി, ഹമീദ്, ശ്രീകുമാര്‍ പ്രസംഗിച്ചു.