Connect with us

National

ഹാശിം അന്‍സാരി: ബാബരിയെ നെഞ്ചോട് ചേര്‍ത്ത പോരാളി

Published

|

Last Updated

അയോധ്യ: ബാബരി മസ്ജിദിന്റെ നേര് കോടതി മുറികളില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജീവിതാന്ത്യം വരെ പോരാടിയ ധീരനായ മനുഷ്യനെയാണ് ഹാശിം അന്‍സാരിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം പറഞ്ഞു: “എന്റെ ജീവിത കാലത്ത് ഈ വിഷയത്തില്‍ രമ്യമായ തീര്‍പ്പുണ്ടാകുമെന്ന് കരുതുന്നില്ല. രാഷ്ട്രീയക്കാര്‍ക്ക് പരിഹാരമല്ല വേണ്ടത്. പരിഹാരമുണ്ടായാല്‍ അവര്‍ക്ക് എന്നും എടുത്തുപയോഗിക്കാവുന്ന വിഷയമാണല്ലോ ഇല്ലാതാകുന്നത്. ഈ അനന്തമായ വൈകലില്‍ എനിക്ക് കടുത്ത ദുഃഖമുണ്ട”്. ബാബരി വിഷയത്തില്‍ ഒറ്റയാള്‍ പോരാട്ടമല്ല വേണ്ടത്; മുസ്‌ലിം സമൂഹമൊന്നാകെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയുന്നു.
1949 മുതല്‍ തന്നെ ഈ കേസിന് പിന്നാലെയുണ്ടായിരുന്നു ഹാശിം. ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നെന്ന് മകന്‍ ഇഖ്ബാല്‍ പറഞ്ഞു. ലക്‌നോവിലെ കിംഗ് ജോര്‍ജ് ആശുപത്രി ഐ സി യുവിലായിരുന്നു 92കാരനായ അന്‍സരി. അയോധ്യയില്‍ ജനിച്ച ഇദ്ദേഹമാണ് ബാബരി കേസില്‍ ആദ്യത്തെ ഹരജി 1949ല്‍ ഫൈസാബാദ് സിവില്‍ കോടതിയില്‍ സമര്‍പ്പിക്കുന്നത്. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഈ ഹരജിയില്‍ ഹാശിം അടക്കം ഏഴ് പേരായിരുന്നു മുഖ്യ പരാതിക്കാര്‍. 2010ല്‍ തര്‍ക്ക ഭൂമിയില്‍ മൂന്നില്‍ ഒരു ഭാഗം നിര്‍മോഹി അഖാരക്കും ബാക്കി വഖഫ് ബോര്‍ഡിനും വീതിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ രംഗത്തുവന്ന ഹാശിം, പിന്നീട് ബാബരി വിഷയത്തില്‍ കോടതിക്ക് പുറത്ത് രമ്യമായ പരിഹാരം കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. പുതിയ പ്രശ്‌നപരിഹാര മാര്‍ഗം തേടുന്നതിന്റ ഭാഗമായി അഖാര പരിഷത് പ്രസിഡന്റ് മഹന്ത് ജ്ഞാന്‍ ദാസുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ചെന്ന കേസിലെ ദൃക്‌സാക്ഷിയാണ് ഹാശിം അന്‍സാരി. നിസ്‌കാരം നടക്കുന്ന മസ്ജിദല്ലെന്നും വിഗ്രഹം ക്ഷേത്രത്തില്‍ സ്വയംഭൂവാണെന്നും ഹിന്ദുമഹാസഭ വാദിച്ചപ്പോള്‍, അവസാനമായി താന്‍ അവിടെ ഇശാ നിസ്‌കരിച്ചുവെന്ന് ഹാശിം അസന്ദിഗ്ധമായി വ്യക്തമാക്കി.

Latest