Connect with us

International

എം എച്ച് 370 വിമാനം കണ്ടെത്താനുള്ള തിരച്ചില്‍ തെറ്റായ ദിശയിലായിരുന്നുവെന്ന് അന്വേഷണ സംഘം

Published

|

Last Updated

ക്വലാലംപൂര്‍: കാണാതായ എം എച്ച് 370 വിമാനം കണ്ടെത്താനുള്ള തിരച്ചില്‍ രണ്ട് വര്‍ഷമായി തെറ്റായ ദിശയിലായിരുന്നുവെന്ന് അന്വേഷണ സംഘം. ഡച്ച് കമ്പനിയിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവരുടെ നേതൃത്വത്തില്‍ കാണാതായ വിമാനത്തിന് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. 2014 മാര്‍ച്ചില്‍ 239 യാത്രക്കാരുമായി വിമാനം ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. പടിഞ്ഞാറന്‍ ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 1,20,000 സ്‌ക്വയര്‍ കി. മീറ്റര്‍ ഇതിനകം സംഘം അരിച്ചുപെറുക്കി. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ അന്വേഷണം അവസാനിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. മലേഷ്യ, ചൈന, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മൂന്ന് മാസത്തിനുള്ളില്‍ തിരച്ചില്‍ അവസാനിപ്പിക്കാന്‍ ധാരണയായിരിക്കുന്നത്. ഇതുവരെ സംഘത്തിന് ഒന്നും കണ്ടെത്താനായിട്ടില്ല.
ഇപ്പോള്‍ തിരച്ചില്‍ നടത്തുന്ന ഭാഗത്തല്ല, മറിച്ച് മറ്റെവിടെയോ ആയിരിക്കാം വിമാനം തകര്‍ന്നുവീണത്. സാറ്റലൈറ്റ് ഇമേജുകളില്‍ നിന്ന് മനസ്സിലാക്കിയതനുസരിച്ച് അടയാളപ്പെടുത്തിയ മേഖലയിലല്ല വിമാനം തകര്‍ന്നുവീണത്. മറിച്ച് തകര്‍ന്ന് സമുദ്രത്തില്‍ പതിക്കുന്നതിന് മുമ്പ് ദീര്‍ഘദൂരം സഞ്ചരിച്ചിരിക്കാം. അതുകൊണ്ട് തന്നെ മറ്റേതോ മേഖലയിലായിരിക്കും വിമാനം തകര്‍ന്നുവീണിട്ടുണ്ടാകുകയെന്നും തിരച്ചില്‍ നടത്തുന്ന കമ്പനിയുടെ ഡയറക്ടര്‍ പോള്‍ കെന്നഡി വ്യക്തമാക്കി.
വിമാനം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതു സംബന്ധിച്ച് നിരവധി ഊഹങ്ങള്‍ പ്രചരിച്ചിരുന്നു. വിമാനം തട്ടിക്കൊണ്ടുപോയതാകാമെന്നുവരെ പ്രചാരണങ്ങളുണ്ടായിരുന്നു. തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ രംഗത്തുവരുന്നുണ്ട്.

Latest