കള്ളപ്പണം വെളുപ്പിക്കല്‍: ബംഗ്ലാദേശില്‍ ഖാലിദ സിയയുടെ മകന് ഏഴ് വര്‍ഷം തടവ്‌

Posted on: July 22, 2016 5:29 am | Last updated: July 22, 2016 at 12:30 am
SHARE

ധാക്ക: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയയുടെ മകനെ കോടതി ശിക്ഷിച്ചു. ഏഴ് വര്‍ഷത്തെ തടവിനാണ് 51കാരനായ താരീഖ് റഹ്മാനെ ശിക്ഷിച്ചത്. 25 ലക്ഷം ഡോളറിന്റെ (200 ദശലക്ഷം താക)പിഴയും ചുമത്തിയിട്ടുണ്ട്. പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടിയുടെ നേതാവ് കൂടിയായ താരീഖിനെതിരെ ആസൂത്രിതമായ നീക്കമാണ് നടന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചു. താരീഖിനെയും ആത്മസുഹൃത്ത് ഗിയാസുദ്ദീനുമെതിരായ കേസില്‍ ധാക്ക കോടതി 2013ല്‍ ഇവരെ വെറുതെ വിട്ടിരുന്നു. വിധിക്കെതിരെ അഴിമതിവിരുദ്ധ കമ്മീഷന്‍ അഭിഭാഷകനായ ഖുര്‍ഷിദ് അലാം ഖാനാണ് കോടതിയെ സമീപിച്ചത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും നിയമത്തിന് മുകളില്‍ ആര്‍ക്കും സ്വാധീനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.