യാസര്‍ കൊലക്കേസ്: പ്രതികളെ സുപ്രീംകോടതി വെറുതെ വിട്ടു

Posted on: July 22, 2016 6:00 am | Last updated: July 22, 2016 at 12:20 am
SHARE

ന്യൂഡല്‍ഹി: തിരൂര്‍ യാസിര്‍ കൊലക്കേസിലെ പ്രതികളായ അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകരെ സുപ്രിംകോടതി വെറുതെവിട്ടു. പ്രതികളെ ജീവപര്യന്തം തടവിന് ഹൈക്കോടതി ശിക്ഷ വിധിച്ചിരുന്നു. ഈവിധി തള്ളിക്കളഞ്ഞാണ് ജസ്റ്റിസുമാരായ ഗോപാലഗൗഡ, എ കെ ഗോയല്‍ എന്നിവരുള്‍പ്പെട്ട സുപ്രിംകോടതി ബെഞ്ച് പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കി വെറുതെ വിടാന്‍ ഉത്തരവിടുകയായിരുന്നു.
കേസിലെ ഒന്നാംപ്രതി തൃക്കണ്ടിയൂര്‍ സ്വദേശി മഠത്തില്‍ നാരായണന്‍, മൂന്നാം പ്രതി തലക്കാട് സ്വദേശി സുനില്‍കുമാര്‍, ആറാം പ്രതി മനോജ്കുമാര്‍, ഏഴാം പ്രതി കൊല്ലം എടമല സ്വദേശി ശിവപ്രസാദ്, എട്ടാം പ്രതി നിറമരുതൂര്‍ സ്വദേശി നന്ദകുമാര്‍ എന്നിവരെയാണ് സുപ്രീംകോടതി വെറുതെ വിട്ടത്.
1998 ആഗസ്ത് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തട്ടാന്‍ സമുദായക്കാരനായിരുന്ന അയ്യപ്പനെ ഇസ്‌ലാം മതം സ്വീകരിച്ച് യാസിര്‍ എന്ന പേര് സ്വീകരിച്ചതിനെത്തുടര്‍ന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതികള്‍ വെട്ടിക്കൊന്നുവെന്നായിരുന്നു കേസ്. വിചാരണ നടപടികള്‍ക്ക് ശേഷം മഞ്ചേരി സെഷന്‍സ് കോടതി കേസിലെ എട്ട് പ്രതികളെയും വെറുതെ വിട്ടിരുന്നു. തുടര്‍ന്ന്, കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
മൂന്ന് ദിവസം നീണ്ടുനിന്ന വാദംകേള്‍ക്കലിന് ശേഷമാണ് ഇന്നലെ പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടത്.