ഉദയ് പദ്ധതിയില്‍ കേരളം പങ്കാളിയാകും; നല്ലളം, അരീകോട് ലൈനുകളുടെ ശേഷികൂട്ടും

Posted on: July 22, 2016 5:19 am | Last updated: July 22, 2016 at 12:19 am
SHARE

ന്യൂഡല്‍ഹി: വെദ്യുതി ബോര്‍ഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് രൂപം കൊടുത്ത ഉജ്ജ്വല്‍ ഡിസ്‌കോം അഷ്വുറന്‍സ് യോജനയില്‍ (ഉദയ്) പങ്കാളിയാകാനുള്ള സംസ്ഥാനത്തിന്റെ താത്പര്യം കേന്ദ്ര ഊര്‍ജ മന്ത്രി അംഗീകരിച്ചതായി സംസ്ഥാന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കേന്ദ്ര വൈദ്യുതി, കല്‍ക്കരി, പുനരുപയോഗ ഊര്‍ജ മന്ത്രി പിയൂഷ് ഗോയലിനെ ന്യൂഡല്‍ഹിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉദയ് പദ്ധതിയില്‍ പങ്കാളിയാകാനുള്ള സംസ്ഥാനത്തിന്റെ താത്പര്യം ഒരു പുതിയ കാല്‍വെപ്പായിരിക്കുമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ഉദയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ അടിയന്തരാവശ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വിനിയോഗിക്കുന്ന പവര്‍ സിസ്റ്റം ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്ന് കേരളത്തിലെ പ്രസരണ ലൈനുകളുടെ ശേഷി വര്‍ധിപ്പിക്കാനുള്ള തുക അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
മാടക്കത്തറ, അരീക്കോട്, കക്കയം, നല്ലളം എന്നീ ലൈനുകളുടെ ശേഷി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വര്‍ധിപ്പിക്കുക. സംസ്ഥാനത്തിന്റെ ജലവൈദ്യുത പദ്ധതികള്‍ക്ക് ഒരു മെഗാവാട്ടിന് 3.5 കോടി രൂപ നിരക്കില്‍ കേന്ദ്ര സഹായം അനുവദിക്കാനും ചര്‍ച്ചയില്‍ ധാരണയായി. ഇതിന് പരമാവധി 20 കോടി രൂപ മാത്രമേ ധനസഹായം അനുവദിക്കുകയുള്ളൂവെന്ന പരിധിയും എടുത്ത് കളയും. സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്കായി 10,000 വീടുകളില്‍ പുരപ്പുറ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതിനായി പൂര്‍ണ ധനസഹായം നല്‍കും. കേരളത്തിലെ അര്‍ഹരായ ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഈ സഹായം എത്തിക്കുന്നതിനുള്ള ബൃഹത് പദ്ധതി സംസ്ഥാനം തയ്യാറാക്കി വരികയാണ്. കേരളത്തിലെ ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ഹരിതോര്‍ജ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടപ്പാക്കാനുദ്ദേശിക്കുന്ന ഹരിത ഊര്‍ജ ഇടനാഴിക്കായി 2500 കോടി രൂപയുടെ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിനുള്ള ധനസഹായവും കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു.
സംസ്ഥാനം പ്രൊജക്ട് സമര്‍പ്പിക്കുന്ന മുറക്ക് പുതിയ കല്‍ക്കരി പാടം അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. കേന്ദ്രപദ്ധതികളില്‍ നിന്നുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വൈദ്യുതി മേഖലയില്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കുന്നതിന് സംസ്ഥാനം ആവശ്യപ്പെട്ട 80 കോടി രൂപയില്‍ 40 കോടി രൂപ ഗ്രാന്റായും അവശേഷിക്കുന്ന തുക കടമായും നല്‍കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സ്മാര്‍ട്ട് ഗ്രിഡിന് ആവശ്യപ്പെട്ട 100 കോടി രൂപയുടെ ധനസഹായം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നും കടകംപള്ളി അറിയിച്ചു.
വൈദ്യുതി മേഖലയില്‍ സ്മാര്‍ട്ട് മീറ്ററുകളും സൗരോര്‍ജ്ജ മൈക്രോ ഗ്രിഡും സ്ഥാപിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിപുലമായി ചാര്‍ജിംഗ് സംവിധാനം ഒരുക്കാനുമാണ് 100 കോടി രൂപയുടെ പദ്ധതി.