Connect with us

Ongoing News

മാണിയുടെ ചാട്ടങ്ങള്‍

Published

|

Last Updated

കെ എം മാണി എന്തു ചെയ്യും? വലതു മുന്നണി വിടുമോ? നിയമസഭയില്‍ വേറെ ബ്ലോക്കായി ഇരിക്കുമോ? അതോ എന്‍ ഡി എയെ വേള്‍ക്കുമോ? സത്യത്തില്‍ അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് വിരുദ്ധ പ്രസ്താവനകള്‍ ആത്മാര്‍ഥമാണോ? ഈയൊരു പ്രതിച്ഛായയിലും കുമ്മനം രാജശേഖരന്‍ മാണിയെ ക്ഷണിക്കുന്നതിന്റെ രാഷ്ട്രീയ രസതതന്ത്രം എന്താണ്? മാണി ഗൂഢാലോചന, ഗൂഢാലോചന എന്നൊക്കെ ആവര്‍ത്തിക്കുന്നതെന്തിനെക്കുറിച്ചാണ്? തന്റെ രാജിക്ക് വേണ്ടി വാദിച്ച വി എം സുധീരനെ പോലും പിന്തുണക്കേണ്ടിവരുന്ന വിധം അദ്ദേഹം ദുര്‍ബലനായോ?
കുശാഗ്ര രാഷ്ട്രീയ ചാണക്യനായിരുന്ന മാണിയുടെ ഇപ്പോഴത്തെ വെപ്രാളം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പഴയ വിളവുകളൊന്നും ചെലവാകുന്നില്ല. ചകിതനാണദ്ദേഹം. പാര്‍ട്ടിയുടെ കാര്യവും ഏറെക്കുറെ അങ്ങനെത്തന്നെ. എപ്പോഴും ബാര്‍ കോഴ, ബാര്‍ കോഴ എന്ന ദുഃസ്വപ്‌നമാണ് മുന്നില്‍. കൈയില്‍ ഭരണമില്ല. അതുകൊണ്ട് തന്നെ ബജറ്റ് കച്ചോടമില്ലെന്ന് ശത്രുക്കള്‍ പരിഹസിക്കുന്നു.
പുതിയ വിജിലന്‍സ് ഡയറക്ടര്‍ ബാര്‍ കോഴ അധ്യായം തുറക്കുന്നു എന്ന് കേട്ടപ്പോഴാണ് “മുന്നണി മാറ്റം, മുന്നണി മാറ്റം” സ്‌തോത്രത്തിന് തീവ്രത കൂടിയത്. പത്തിവിടര്‍ത്തി ആടില്ല, കടി കിട്ടുമ്പോള്‍ അറിയും എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു ഡയറക്ടര്‍. യു ഡി എഫ് ഭരണകാലത്ത് അദ്ദേഹത്തെ കുറേ സുയ്പ്പാക്കിയിട്ടുണ്ട്. അതാലോചിക്കുമ്പോഴാണ് ~ഒരുള്‍ക്കിടിലം. പോരാത്തതിന് മൂര്‍ഖനായൊരുത്തനുണ്ട് നാട്ടില്‍ സര്‍വതന്ത്ര സ്വതന്ത്രനായി; പി സി ജോര്‍ജ്.
പിണറായി വിജയന്‍ കരുണ ചൊരിയുമായിരിക്കും എന്ന പ്രതീക്ഷ മാത്രമാണ് ആകെ മൊത്തം ബാക്കി. ആ വിശ്വാസത്തിലാണ് ഇടതു പക്ഷത്തെയും മുഖ്യമന്ത്രിയെയും തൃപ്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ വരുന്നത്. അതുകൊണ്ടാണ് മുന്നണി വിടുമെന്നൊക്കെയുള്ള ആത്മഹത്യാ ഭീഷണികള്‍ മുഴങ്ങുന്നത്. ഒരു കാര്യം ഉറപ്പിച്ചു പറയാം. മാണി മുന്നണി വിടാനൊന്നും പോകുന്നില്ല. മുന്നണി മാറിയാല്‍ ആ ദേഷ്യത്തിന് പഴയ കള്ളികളെല്ലാം അറിയുന്ന കോണ്‍ഗ്രസുകാര്‍ ഏടാകൂടമുണ്ടാക്കിയാലോ? അതിനൊന്നും ധൈര്യം പോരാ. യു ഡി എഫ് ദുര്‍ബലമാകുമെന്ന പ്രതീക്ഷയില്‍ ഇടതു പക്ഷത്ത് നിന്ന് എന്തെങ്കിലും ഇളവുകള്‍ കിട്ടുമായിരിക്കും. അതുകൊണ്ട് ഇടിക്കിടെ യു ഡി എഫ് വിരുദ്ധ പ്രസ്താവനകള്‍ ഇങ്ങനെ പുറത്ത് വന്നുകൊണ്ടിരിക്കും. പക്ഷേ, കണ്ണില്‍ ചോരയില്ലാത്ത ഒരു കാരണവരുണ്ട് അപ്പുറത്ത്; വി എസ് അച്യുതാനന്ദന്‍; ആ മഹാനുഭാവന് എല്ലാം ഒരു രസമാണ്. ദുഷ്ടന്‍!
ഇപ്പോഴിതാ, കോഴക്കേസ് നടത്താന്‍ കപില്‍ സിബലിനെ കൂട്ടിക്കൊണ്ടുവന്നത് കച്ചറയായിരിക്കുന്നു. മാണിക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചട്ടങ്ങള്‍ മറികടന്ന് പണം നല്‍കിയെന്ന് മന്ത്രിസഭാ ഉപസമിതിക്കാര്‍ പറയുന്നു. യു ഡി എഫ് സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ ഇടത് സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെതാണ് കണ്ടെത്തല്‍. നിയമവകുപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും എതിര്‍പ്പ് മറികടന്നാണെന്നും അസൂയക്കാര്‍ പറയുന്നുണ്ട്. എങ്ങനെയും പിടിച്ചു നില്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനാണ് നാട്ടുകാരുടെ പണമെടുത്ത് വീശിയത്.
കേസ് പരിഗണിച്ച വേളയില്‍ സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞല്ലോ. സീസര്‍ക്കെതിരെ അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് തോന്നി. അങ്ങനെയാണ് കപില്‍ സിബലിനെ വിമാനമിറക്കിയത്.
പുതിയ കണ്ടെത്തലുകള്‍ കൂടി പുറത്ത് വന്ന സാഹചര്യത്തില്‍ സര്‍ക്കാറില്‍ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാന്‍ പ്രയാസം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ ബാര്‍ കോഴ വീശിയവരാണ് ഇടതുപക്ഷക്കാര്‍. ബജറ്റ് അവതരണം തടഞ്ഞതും സഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ ഉണ്ടായതും ഇതേ തുടര്‍ന്നാണ്. സംസ്ഥാന ചരിത്രത്തില്‍ ബജറ്റ് വിറ്റു എന്ന ആരോപണം ഒരു ധനമന്ത്രിക്കെതിരെ ആദ്യമായി അവര്‍ ഉന്നയിച്ചത് മാണിക്കെതിരെയായിരുന്നു.
എന്തായിരിക്കും മാണിയുടെ അടുത്ത നീക്കങ്ങള്‍? വലിയ കോമഡി, കുമ്മനം രാജശേഖന്‍ മാണിയെയും കിനാവുകണ്ടിരിക്കുന്നു എന്നതാണ്. മൂപ്പര്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. തങ്ങള്‍ തന്നെ അഴിമതി ആരോപണം ഉന്നയിക്കുകയും അഴിമതി തേയ്ച്ചുമായ്ച്ചു കളയാന്‍ സര്‍ക്കാര്‍ സംവിധാനവും പണവും ദുരുപയോഗം ചെയ്‌തെന്ന് ആരോപിക്കുകയും ചെയ്ത ഒരാളെയാണ് ഇങ്ങനെ പുണരാന്‍ ശ്രമിക്കുന്നത്!
കേരള കോണ്‍ഗ്രസുകളുടെ ഐക്യവും അങ്ങനെ തന്റെ ജന്മാഭിലാഷമായ മുഖ്യമന്ത്രി പദവും മാണി കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കോയ മുഖ്യമന്ത്രിയായ കാലത്ത് തന്നെ ആ പൂതി ഉള്ളിലുണ്ട്. 1996 നായനാര്‍ മന്ത്രിസഭയുടെ കാലത്ത് പി ജെ ജോസഫിനെ കൂടെക്കൂട്ടാന്‍ ഒരുമ്പെട്ടതാണ്. പി സി ജോര്‍ജിന്റെ പാരയും പ്ലസ്ടു അഴിമതിയുടെ കണക്ക് കാട്ടിയുള്ള സി പി എമ്മുകാരുടെ ഭീഷണിയും കൊണ്ടാണ് ജോസഫ് ഇടതുപക്ഷത്ത് തന്നെ തുടര്‍ന്നത്. പിന്നെയും എത്രയെത്ര ശ്രമങ്ങള്‍? വൈകിയാണെങ്കിലും ജോസഫിനെ കിട്ടി; വി എസിന്റെ കാലത്ത്. കൊടിയ ശത്രുവായ പി സി ജോര്‍ജിനെ പോലും മുഖ്യമന്ത്രി മോഹത്താല്‍ കൂടെക്കൂട്ടി. ഇപ്പോഴിതാ ആറ്റുനോറ്റു അടുത്തെത്തിയ ആ മുഖ്യമന്ത്രിപദം മരീചികയായി അകന്നുപോകുന്നു. ഇനിയൊരിക്കലും കിട്ടില്ലെന്ന് തോന്നുമാറ്. പോരാത്തതിന് അഴിമതിക്കാരനെന്ന ചീത്തപ്പേരും.
1965ലെ തിരഞ്ഞെടുപ്പില്‍ ഉദിച്ചുയര്‍ന്നതു മുതല്‍ ആരോടൊക്കെ ഏറ്റുമുട്ടിയാണ് ഇവിടെയെത്തിയത്? സ്ഥാപക നേതാവ് കെ എം ജോര്‍ജിനോട്, വലിയ നേതാവായിരുന്ന എ സി ചാക്കോയോട്, മഹാ പ്രമാണിയായ ബാലകൃഷ്ണ പിള്ളയോട്, ഗുരുവായ പി ടി ചാക്കോയുടെ മകന്‍ പി സി തോമസിനോട്, ജഗജില്ലിയായ പി സി ജോര്‍ജിനോട്, കുറേ കാലം പി ജെ ജോസഫിനോട്, താന്‍ തന്നെ പാലൂട്ടി വളര്‍ത്തിയ പി എം മാത്യുവിനോട്, ജ്ഞാനിയായ ടി എം ജേക്കബിനോട്. ഇത്രയൊക്കെയായിട്ടും മാണി തന്നെ മുമ്പനായി.
കരുണാകരന്‍ കഴിഞ്ഞാല്‍ വലിയ സൂത്രശാലിയാണ് മാണിയെന്നാണ് വെപ്പ്. ആ മാണിയെ കുടുക്കിയ മഹാസൂത്രശാലിയാരാണ്? കൊടുക്കണ്ടേ ആ കുശാഗ്ര ബുദ്ധിക്ക് ഒരു ചാണക്യ അവാര്‍ഡ്.

Latest