Connect with us

Editorial

അഭിഭാഷകരുടെ അതിക്രമം

Published

|

Last Updated

നീതിന്യായ വ്യവസ്ഥക്ക് തന്നെ കളങ്കമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നടന്ന അഭിഭാഷക അക്രമം. ഇത് പരിഹരിക്കാന്‍ അനുരഞ്ജന ശ്രമം നടക്കുന്നതിനിടെ ഇന്നലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും അക്രമം നടന്നു. സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഹൈക്കോടതിയിലെ 200ല്‍ പരം അഭിഭാഷകര്‍ തേര്‍വാഴ്ച നടത്തിയത്. ധനേഷ് മാത്യു നിരപരാധിയാണെന്നും അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആരോപിച്ചായിരുന്നു അക്രമം. കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഓടിച്ചിട്ടു മര്‍ദിച്ച അഭിഭാഷകര്‍ ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്തു. കോടതിക്കകത്തെ മീഡിയ റൂമിലുണ്ടായിരുന്ന വനിതാമാധ്യമ പ്രവര്‍ത്തകയെ അവിടെ നിന്ന് ബലമായി പിടിച്ചിറക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചു കോടതിക്ക് പുറത്ത് ധര്‍ണ നടത്തുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരെയും അക്രമത്തില്‍ നിന്ന് അവരെ രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവര്‍മാരെയും വളരെ മോശമായ രീതിയില്‍ അപഹസിക്കുകയും മര്‍ദിക്കുകയുമുണ്ടായി.
കൊച്ചി കോണ്‍വെന്റ് റോഡില്‍ വെച്ചാണ് പീഡനം നടന്നതായി പറയുന്നത്. ജോലി കഴിഞ്ഞു അതുവഴി തിരിച്ചു വരികയായിരുന്ന പെണ്‍കുട്ടിയോട് ധനേഷ് മാത്യു അപര്യാദയായി പെരുമാറിയത്രെ. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു പെണ്‍കുട്ടി രേഖാമുലം പരാതി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ പരാതി കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടിയെ സ്വാധീനിച്ചു ധനേഷിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് അഭിഭാഷകരുടെ വാദം. അതാണ് വസ്തുതയെങ്കില്‍ അതിന് പരിഹാരം കാണാന്‍ നിയമത്തിന്റേതായ മാര്‍ഗങ്ങളുണ്ട്. കോടതിയില്‍ സത്യം ബോധ്യപ്പെടുത്തി നിരപരാധിത്വം തെളിയിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യാം. പകരം കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുന്നതും അഴിഞ്ഞാടുന്നതും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
അടുത്തിടെ ഡല്‍ഹി പട്യാല ഹൗസില്‍ അരങ്ങേറിയ അഭിഭാഷക ഗുണ്ടായിസത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു കൊച്ചിയിലെ സംഭവം. കള്ളക്കേസില്‍ കുടുക്കി ജെ എന്‍ യു വിദ്യാര്‍ഥി കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴായിരുന്നു ജെ എന്‍ യു വിദ്യാര്‍ഥികളെയും അധ്യാപകരെയും മാധ്യമ പ്രവര്‍ത്തകരെയും അഭിഭാഷകരും സംഘ്പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്നു തല്ലിച്ചതച്ചത്. വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്ന രംഗം ചാനലുകള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണണ് അവര്‍ക്ക് നേരെ തിരിഞ്ഞതും ക്യാമറകള്‍ നശിപ്പിച്ചതും. സംഭവത്തില്‍ ഇരുപതോളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. കൊലവിളിയുമായി അക്രമികള്‍ പാഞ്ഞടുത്തപ്പോള്‍ ജഡ്ജിയുടെ ചേംബറില്‍ കയറിയാണ് അന്ന് മാധ്യമ പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷിച്ചത്. ഈ ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കുകയും പ്രതിഷേധ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍. അവരുടെ മുമ്പിലാണിപ്പോള്‍ ഗുണ്ടായിസം അരങ്ങേറിയതെന്നതാണ് വിരോധാഭാസം.
അഭിഭാഷകര്‍ നിയമം കൈയിലെടുക്കുകയും അഴിഞ്ഞാടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍മന്ത്രിയെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരില്‍ നിന്ന് മര്‍ദനമേറ്റിരുന്നു. കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പ് വേളയില്‍ കിരണ്‍ബേദിയുടെ ഓഫീസ് തല്ലിത്തകര്‍ത്തതും അഭിഭാഷകരായിരുന്നു. 2009ല്‍ മദ്രാസ് ഹൈക്കോടതിയിലും അതേ വര്‍ഷം തന്നെ കര്‍ണാടക ഹൈക്കോടതിയിലും 2007ല്‍ വരാണസി കോടതിയിലും അഭിഭാഷക ഗുണ്ടായിസം അരങ്ങേറുകയുണ്ടായി.
ജുഡീഷ്യല്‍ വ്യവസ്ഥയെ സംരക്ഷിക്കുകയും നിയമം ഉയര്‍ത്തിപ്പിടിക്കുകയും പൗരാവകാശം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടവരാണ് അഭിഭാഷകര്‍. അവര്‍ തന്നെ ഈ രീതിയില്‍ നീങ്ങിയാല്‍ നിയമവാഴ്ചയുടെ അവസ്ഥ എന്താകും? മൂല്യങ്ങളുടെ സംരക്ഷകരായി വര്‍ത്തിക്കുകയും ധാര്‍മികച്യുതിക്കെതിരെ പ്രതികരിക്കുകയും ചെയ്യേണ്ട അഭിഭാഷക സമൂഹം ക്രിമിനലുകളുടെ സംരക്ഷകരാകുന്നത് ആശങ്കാജനകമാണ്. കൊച്ചിയില്‍ പീഡനത്തിന് വിധേയമായ യുതിയെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസ് തേച്ചുമായ്ച്ചു കളയാന്‍ പ്രതിയുടെ ബന്ധുക്കളും ചില അഭിഭാഷകരും ശ്രമിച്ചിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് അഭിഭാഷകരെ ക്ഷുഭിതരാക്കിയതെന്നാണറിയുന്നത്. മാധ്യമങ്ങള്‍ക്ക് തെറ്റ് സംഭവിച്ചേക്കാം. വാര്‍ത്തകള്‍ നല്‍കുന്ന രീതിയോട് പലര്‍ക്കും വിയോജിപ്പുമുണ്ടാകാം. അതിനെതിരെ പ്രതികരിക്കേണ്ടത് മാന്യമായും ജനാധിപത്യ മാര്‍ഗേനയുമായിരിക്കണം. ഗുണ്ടായിസത്തിലൂടെയല്ല. അത് അഭിഭാഷക ലോകത്തിന് മാത്രമല്ല, നീതിന്യായ വ്യവസ്ഥക്ക് തന്നെ നാണക്കേടാണ്.

---- facebook comment plugin here -----

Latest