ഗുജറാത്ത് തിളച്ചുമറിയുകയാണ്; ജാതി ഭീകരതക്കെതിരെ

ഗോവധനിരോധത്തിന്റെ മറവില്‍ മതന്യൂനപക്ഷങ്ങള്‍ക്കും അധഃസ്ഥിത സമൂഹങ്ങള്‍ക്കുമെതിരെ അഴിഞ്ഞാടുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് കനത്ത പ്രഹരമാണ് ഗുജറാത്ത് പ്രക്ഷോഭം. ദാദ്രികളും ഝാര്‍ഖണ്ഡുകളും ഷിംലകളും രാജ്യത്തെമ്പാടും അടിച്ചേല്‍പ്പിക്കുന്ന ഹിന്ദുത്വത്തിന്റെ പശുരാഷ്ട്രീയത്തിന് ഗുജറാത്തിലെ ദളിത് സമൂഹം ശക്തമായ തിരിച്ചടി നല്‍കുകയാണ്. ജാതി സമൂഹങ്ങളെ ന്യൂനപക്ഷസമൂഹങ്ങള്‍ക്കെതിരെ തിരിച്ചുവിട്ട് വിശാലഹിന്ദു ഐക്യമുണ്ടാക്കാനുള്ള അമിത്ഷാമാരുടെ സോഷ്യല്‍ എന്‍ജിനീയറിംഗ് രാഷ്ട്രീയ തന്ത്രത്തിന് ഗുജറാത്തിലെ ദളിത് സമൂഹം തന്നെ പ്രതിരോധം സൃഷ്ടിക്കുന്ന കാഴ്ച. നായാടി മുതല്‍ നമ്പൂതിരി വരെ എന്നൊക്കെ പറഞ്ഞ് പിന്നാക്ക ദളിത്‌പ്രേമം നടിക്കുന്ന ബി ജെ പിയുടെ സവര്‍ണജാതി പ്രത്യയശാസ്ത്രമാണ് ദളിത് ജനതയുടെ പ്രക്ഷോഭജ്വാലകളാല്‍ ഗുജറാത്തിലിപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
Posted on: July 22, 2016 6:00 am | Last updated: July 22, 2016 at 12:14 am
SHARE

37964-qogxautrbq-1469031755ഗുജറാത്തിലെ ഗീര്‍ സോമനാഥ് ജില്ലയിലെ ഉനയില്‍ ചത്ത പശുവിന്റെ തൊലിയുരിച്ച ദളിത് യുവാക്കളെ ക്രൂരമായി അക്രമിച്ച സവര്‍ണജാതി ഭീകരതക്കെതിരെ രാജ്യത്തെമ്പാടുമുള്ള മതനിരപേക്ഷ ശക്തികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. ചത്ത പശുവിന്റെ തൊലിയുരിച്ച യുവാക്കളെ പശുവിനെ കൊന്നെന്നാരോപിച്ചാണ് സംഘപരിവാര്‍ പിന്തുണയുള്ള സവര്‍ണജാതി ഗുണ്ടകള്‍ ജൂലായ് 11-ന് അക്രമിച്ചത്. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഉനയില്‍ ദളിത് സംഘടനകളുടെ മുന്‍കൈയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഇന്നിപ്പോള്‍ ആ പ്രതിഷേധം ഗുജറാത്തിലൊട്ടാകെ പടര്‍ന്നിരിക്കുകയാണ്. ജൂലായ് 11-ന്റെ സംഭവം തുടര്‍ച്ചയായി ഗുജറാത്തില്‍ നടക്കുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെയുള്ള പൊട്ടിത്തെറിക്കുള്ള നിമിത്തമാവുകയായിരുന്നു. ഏഴ് ദളിത് യുവാക്കളെ നഗ്നരാക്കി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം കത്തിപ്പടര്‍ന്നത്.
പ്രക്ഷോഭകാരികളില്‍ 11 യുവാക്കള്‍ ആത്മാഹുതി ശ്രമം നടത്തിയതുള്‍പ്പെടെ വളരെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് ഗുജറാത്തിലെങ്ങും സംജാതമായിരിക്കുന്നത്. ജൂലായ് 20ന് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ഗുജറാത്തിലെ വിശാലപ്രദേശങ്ങളെ നിശ്ചലമാക്കി. ഗീര്‍സോമനാഥ് ജില്ല ഉള്‍പ്പെടുന്ന സൗരാഷ്ട്ര മേഖലയിലും വടക്കന്‍ ഗുജറാത്തിലും ബന്ദ് പൂര്‍ണമായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. പലഭാഗങ്ങളിലും പോലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി. പോര്‍ബന്തറില്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രക്ഷോഭകാരികള്‍ തള്ളിക്കയറുകയുണ്ടായി. പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് വാഹന ഗതാഗതം നിലക്കുകയും പ്രക്ഷോഭകര്‍ പലയിടങ്ങളിലും പോലീസ് വാഹനത്തിനും ജീപ്പിനും നേരെ ആക്രമണം നടത്തുകയും ചെയ്തുവെന്നാണ്. മോദിയുടെ ഗുജറാത്ത് മോഡലിന്റെ തലസ്ഥാന നഗരമെന്ന് പറയുന്ന അഹമ്മദാബാദില്‍ പോലും സവര്‍ണ ഹിന്ദുത്വത്തിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. നഗരം സ്തംഭിപ്പിക്കുന്നരീതിയില്‍ സ്‌കൂളുകളും കടകളും അടപ്പിക്കുകയും വാഹനഗതാഗതം തടയുകയും ചെയ്തു.
പുതിയ സംഭവവും ഇതിനുമുമ്പ് പലപ്പോഴായി നടന്ന സമാനമായ ദളിത് പീഡനങ്ങളും സൃഷ്ടിച്ച രോഷജനകമായ സാഹചര്യമാണ് ഇപ്പോള്‍ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം ഉണ്ടാക്കിയിരിക്കുന്നത്. ബി ജെ പി സര്‍ക്കാരിന്റെ പരിരക്ഷയില്‍ അഴിഞ്ഞാടുന്ന ഗോ സംരക്ഷണ സഭകള്‍ക്കെതിരായ പ്രതിഷേധമാണിന്ന് അണ പൊട്ടിയൊഴുകുന്നത്.
ഗോവധനിരോധനത്തിന്റെ മറവില്‍ മതന്യൂനപക്ഷങ്ങള്‍ക്കും അധഃസ്ഥിത സമൂഹങ്ങള്‍ക്കുമെതിരെ അഴിഞ്ഞാടുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് കനത്ത പ്രഹരമാണ് ഗുജറാത്ത് പ്രക്ഷോഭം. ദാദ്രികളും ഝാര്‍ഖണ്ഡുകളും ഷിംലകളും രാജ്യത്തെമ്പാടും അടിച്ചേല്‍പ്പിക്കുന്ന ഹിന്ദുത്വത്തിന്റെ പശുരാഷ്ട്രീയത്തിന് ഗുജറാത്തിലെ ദളിത് സമൂഹം ശക്തമായ തിരിച്ചടി നല്‍കുകയാണ്. പശുരാഷ്ട്രീയത്തിനും ഹിന്ദുത്വ അജന്‍ഡക്കും മോദിയുടെ തട്ടകത്തില്‍ തന്നെ അടിച്ചമര്‍ത്തപ്പെട്ട ജാതിസമൂഹങ്ങള്‍ ശക്തമായ മറുപടി നല്‍കുന്നു. ജാതി സമൂഹങ്ങളെ ന്യൂനപക്ഷസമൂഹങ്ങള്‍ക്കെതിരെ തിരിച്ചുവിട്ട് വിശാലഹിന്ദു ഐക്യമുണ്ടാക്കാനുള്ള അമിത്ഷാമാരുടെ സോഷ്യല്‍ എന്‍ജിനീയറിംഗ് രാഷ്ട്രീയ തന്ത്രത്തിന് ഗുജറാത്തിലെ ദളിത് സമൂഹം തന്നെ പ്രതിരോധം സൃഷ്ടിക്കുന്ന കാഴ്ച. നായാടി മുതല്‍ നമ്പൂതിരി വരെ എന്നൊക്കെ പറഞ്ഞ് പിന്നാക്ക ദളിത്‌പ്രേമം നടിക്കുന്ന ബി ജെ പിയുടെ സവര്‍ണജാതി പ്രത്യയശാസ്ത്രമാണ് ദളിത് ജനതയുടെ പ്രക്ഷോഭജ്വാലകളാല്‍ ഗുജറാത്തിലിപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത്.
നരേന്ദ്ര മോദി ഭരണത്തിനു കീഴില്‍ ന്യൂനപക്ഷ മതസമൂഹങ്ങള്‍ മാത്രമല്ല ദളിത് ജനസമൂഹങ്ങളും രാജ്യത്തുടനീളം വേട്ടയാടപ്പെടുകയാണ്. ഈയിടെ പുറത്തുവന്ന ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന രാജ്യമെമ്പാടും ദളിത് ജനസമൂഹങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അഭൂതപൂര്‍വമായ തോതില്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ്. മോദി അധികാരത്തിലെത്തിയ 2014-ല്‍ മാത്രം 58,515 കേസുകളാണ് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ 68.6 ശതമാനവും പട്ടികജാതിക്കാര്‍ക്കെതിരെ 19 ശതമാനവും അതിക്രമങ്ങള്‍ വര്‍ധിച്ചതായി എന്‍ സി ആര്‍ ബി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്.
ഹരിയാനയില്‍ ദളിത് അതിക്രമങ്ങളുടെ എണ്ണത്തില്‍ 245 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ അക്രമണങ്ങള്‍ 90 ദളിതര്‍ കൊലചെയ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും കൃത്യമായ തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സവര്‍ണ ജാതിബോധത്തിന് കീഴ്‌പെട്ട് പ്രവര്‍ത്തിക്കുന്ന പോലീസും കുറ്റാനേ്വഷണ ഏജന്‍സികളും കൃത്യമായ തെളിവുകളേയോ സാക്ഷികളേയോ കോടതിക്കുമുമ്പില്‍ എത്തിക്കുന്നില്ല എന്നതാണ് വസ്തുത. 1955ല്‍ ദളിതര്‍ക്കുനേരെയുള്ള അക്രമസംഭവങ്ങളില്‍ കേവലം 150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്തിപ്പോള്‍ ഇന്ത്യയില്‍ അത് 1.38 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. 2014-വരെയുള്ള കണക്കുകള്‍ പ്രകാരം 1,38,792 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എസ് സി വിഭാഗത്തിനെതിരായ അക്രമസംഭവങ്ങളില്‍ 47,604 കേസുകളാണ് 2014-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 39,408 കേസുകള്‍ 2013-ല്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഈ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായിട്ടുള്ള 6793 കുറ്റകൃത്യങ്ങള്‍ 2013-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2014-ല്‍ ഇത് 11,451 ആയി വര്‍ധിച്ചു. ഈ കണക്കുകള്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്ത് സംഭവിച്ച ദളിതുകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും ഉള്‍പ്പെടുന്നതല്ല. എത്രയോ ദളിത് പീഡനങ്ങളും അക്രമങ്ങളും കേസാകാതെ പോകുകയാണ് പതിവ്. വിവരവിപ്ലവത്തിന്റെ കാലത്തും ഉത്തരേന്ത്യയിലെ പലവിദൂരസ്ഥ ഗ്രാമങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ പുറംലോകം അറിയുന്നില്ല. കാരണം അവിടെ സവര്‍ണ ജാതിക്കാര്‍ പറയുന്നതോ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുള്ളു. സവര്‍ണജാതിക്കാര്‍ക്ക് അഹിതമായിട്ടുള്ളതൊന്നും പോലീസ് കേസാക്കാറുമില്ല.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനവും വിവേചനവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് സംഘ്പരിവാറിന്റെ മാതൃകയായിട്ടുള്ള ഗുജറാത്ത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ചൂണ്ടിക്കാണിച്ചത് ഗുജറാത്തില്‍ ഏറ്റവും കുറഞ്ഞത് 77 ഗ്രാമങ്ങളിലെങ്കിലും ദളിതര്‍ക്ക് സാമൂഹിക ഭൃഷ്ട് മൂലം നാട് വിട്ട് പോകേണ്ടിവന്നിട്ടുണ്ടെന്നാണ്. ന്യൂനപക്ഷങ്ങളുടെ മാത്രമല്ല മോദി ഭരണം ഗുജറാത്തില്‍ അരക്ഷിതരും നിരാലംബരുമാക്കിയത് ദളിത് ജനവിഭാഗങ്ങളെക്കൂടിയാണ്. മോദിഭരണത്തിന് കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ച് ദളിത് അതിക്രമങ്ങളില്‍ കേസെടുക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നതാണ്. എടുക്കുന്ന കേസുകളില്‍ തന്നെ 3.5 ശതമാനം മാത്രമാണ് കോടതി ശിക്ഷാനടപടികള്‍ക്ക് വിധേയമാകുന്നത്.
അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഗുജറാത്തിലെ ഒട്ടുമിക്ക ജില്ലകളിലും ദളിതര്‍ക്ക് ഇന്നും ക്ഷേത്രപ്രവേശനം സാധ്യമായിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അഹമ്മദാബാദ് സിറ്റിയില്‍ നിന്നും 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗല്‍സാന ഗ്രാമത്തിലെ അഞ്ച് ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഇല്ലാത്തതിനെക്കുറിച്ച് അനേ്വഷിച്ചിട്ടുണ്ട്. അയിത്തത്തിന്റെ പേരില്‍ ക്ഷേത്ര പ്രവേശം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിച്ച യുവാക്കളെ ഈ ഗ്രാമങ്ങളില്‍ നിന്ന് ബി ജെ പിയുടെ സഹായത്തോടെ സവര്‍ണര്‍ സാമൂഹിക ഭൃഷ്ട് കല്‍പിച്ച് പുറത്താക്കുകയാണ് ചെയ്തത്. ‘സ്വച്ഛ് ഭാരത്അഭിയാന്‍’ പാടിനടക്കുന്ന നരേന്ദ്ര മോദി ഭരിച്ച ഗുജറാത്തില്‍ ദളിതരെ തോട്ടിപ്പണിക്കാരാക്കി ആദര്‍ശവത്കരിക്കുകയാണ് സംഘ്പരിവാര്‍ ചെയ്തത്. ബി ജെ പിയുടെ ഹിന്ദുത്വ മാതൃകയുടെ പരീക്ഷണശാലയായ ഗുജറാത്തിലെ ദളിതരുടെ ജീവിതാവസ്ഥ അതീവ ഭീകരമാണ്. വിവേചനവും അടിമത്വവും പേറുന്നവരാണ് അധഃസ്ഥിത ജനത.
ദളിതരായവര്‍ ചെയ്യുന്ന തോട്ടിപ്പണി അവര്‍ക്ക് ആത്മീയാനുഭവം നല്‍കുന്ന ധര്‍മശാസ്ത്ര വിധിയനുസരിച്ചുള്ളതാണെന്ന് പറയാന്‍ പോലും നരേന്ദ്രമോദിക്ക് മടിയുണ്ടായില്ല. മോദിയുടെ വാക്കുകള്‍ നോക്കൂ; ‘സ്വന്തം ജീവിതം നിലനിര്‍ത്താന്‍വേണ്ടി മാത്രമാണ് അവര്‍ ഈ ജോലി ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെയാണെങ്കില്‍ തലമുറകളായി അവര്‍ ഇത്തരം ജോലി ചെയ്യുമായിരുന്നില്ല….. ഏതെങ്കിലുമൊരു സമയത്ത് മൊത്തം സമൂഹത്തിനും ദൈവങ്ങള്‍ക്കും സന്തോഷമുണ്ടാക്കുന്നതിനു വേണ്ടി തങ്ങള്‍ ഈ ജോലി ചെയ്യണമെന്ന് ആര്‍ക്കെങ്കിലും ഉള്‍വിളി ഉണ്ടായിട്ടുണ്ടാവണം; ദൈവം അവരില്‍ അര്‍പ്പിച്ചതുകൊണ്ടാണ് അവര്‍ ഈ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി വൃത്തിയാക്കുക എന്ന ഈ ജോലി തുടരുന്നത് ആഭ്യന്തരമായ ഒരാത്മീയ പ്രവര്‍ത്തനമായിട്ടാണ്.’
ഇങ്ങനെയൊക്കെയുള്ള അത്ഭുതകരമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ഒരാള്‍ രാജ്യം ഭരിക്കുമ്പോള്‍ ദളിതുകള്‍ക്ക് എവിടെനിന്നാണ് സാമൂഹിക സുരക്ഷയും സാമൂഹിക നീതിയും കിട്ടുക. ഇന്ത്യയുടെ ഏറ്റവും വികസിത സംസ്ഥാനമായി ഗുജറാത്തിനെ എടുത്തുകാട്ടുന്നവര്‍ മനുഷ്യ വിസര്‍ജ്യം ചുമക്കുന്ന തോട്ടികളുടെ നാടായിതന്നെ ഗുജറാത്തിനെ അധഃപതിപ്പിക്കുകയാണ് മോദി ചെയ്തിട്ടുള്ളതെന്ന കാര്യം സമര്‍ഥമായി മറച്ചുപിടിക്കുകയാണ്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനമനുസരിച്ച് ഗുജറാത്തില്‍ 12,000-ലേറെ പേര്‍ തോട്ടിപ്പണിക്കാരായുണ്ട്.
സവര്‍ണ ജാതിരാഷ്ട്രീയമാണല്ലോ ഹിന്ദുത്വം. ഹിന്ദുത്വത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ച് രാജ്യം ഭരിക്കുന്ന ബി ജെ പി ദളിത് വിരുദ്ധമായ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പിറകില്‍ ആര്‍ എസ് എസ് ആണെന്ന കാര്യം നിരവധി തവണ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. അയിത്തവും ഗോവധവും വിഷയമാക്കി മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ കൂട്ടക്കൊലകള്‍ അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കങ്ങള്‍ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് സംഘപരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
സംഘ്പരിവാറിന്റെ പശുരാഷ്ട്രീയം ബി ജെ പിയെ തിരിച്ചുകുത്തുകയാണെന്നാണ് ഗുജറാത്ത് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. 2002ലെ വംശഹത്യയുടെ കാലത്ത് ദളിത് ജനസമൂഹങ്ങളെ മുസ്‌ലിം വിരോധത്താല്‍ വാളും ശൂലവുമേന്തിച്ച സംഘപരിവാറിന്റെ ഹിന്ദുത്വ അജന്‍ഡ ന്യൂനപക്ഷങ്ങളെ മാത്രമല്ല ദളിതരെയും വേട്ടയാടുന്ന സവര്‍ണപ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമാണെന്ന തിരിച്ചറിവാണ് ഗുജറാത്തിലെ ദളിത് പ്രക്ഷോഭങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടുന്നത്. തിളച്ചുമറിയുന്ന ഗുജറാത്ത് ഹിന്ദുത്വ ഫാസിസത്തിനെതിരെ രാജ്യമെമ്പാടും വളര്‍ന്നുവരുന്ന മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ഐക്യത്തിന് കരുത്ത് പകരുന്നതാണ്.