കെ ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തു

Posted on: July 21, 2016 11:06 pm | Last updated: July 22, 2016 at 12:08 am
SHARE

K BABUകൊച്ചി: മുന്‍ സര്‍ക്കാറിന്റെ കാലത്ത് ബാര്‍- ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതിലും അഴിമതി നടത്തിയെന്ന പരാതിയില്‍, എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തു. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം നടത്തിയ ത്വരിത പരിശോധനയില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് റേഞ്ച് എസ് പി. ടി നാരായണന്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് ഡി വൈ എസ് പി ഫിറോസ് എം ശഫീഖ് ആണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ത്വരിത പരിശോധനാ റിപ്പോര്‍ട്ടും എഫ് ഐ ആറിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ത്വരിത പരിശോധനയുടെ ഭാഗമായി കെ ബാബുവിന്റെയും എക്‌സൈസ് വകുപ്പിലെ ഒരു അണ്ടര്‍ സെക്രട്ടറിയുടെയും എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലെ സൂപ്രണ്ടിന്റെയും മൊഴിയെടുത്തതായി വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്.
ബാറുടമ വി എം രാധാകൃഷ്ണന്‍ പ്രസിഡന്റായ കേരള ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനാണ് പരാതി നല്‍കിയത്. പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ക്ക് പ്രഥമൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വിജിലന്‍സ് കോടതിയില്‍ നല്‍കിയ 25 പേജുള്ള ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്. ബാര്‍ ലൈസന്‍സിനും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കമുള്ള അപേക്ഷകള്‍ മന്ത്രി ദുരുദ്ദേശ്യത്തോടെ വെച്ചുതാമസിപ്പിച്ചതിന് വിജിലന്‍സിന് തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറക്കാനായി ബിവറേജസ് കോര്‍പറേഷന്‍ തയ്യാറാക്കിയ ഔട്ട്‌ലെറ്റുകളുടെ പട്ടികയില്‍ മന്ത്രി ബാബു മാനദണ്ഡങ്ങള്‍ മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം മാറ്റം വരുത്തിയതായും വിജിലന്‍സ് കണ്ടെത്തി. ബാര്‍ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകളില്‍ പലതും മന്ത്രി മാസങ്ങളോളം വെച്ചുതാമസിപ്പിച്ചു. ചില അപേക്ഷകളില്‍ ഉടന്‍ അനുമതി നല്‍കിയപ്പോള്‍ മറ്റു ചിലതിന്റെ കാര്യത്തില്‍ നാല് മാസം വരെ തീരുമാനം വൈകിച്ചു. ഇത് അഴിമതി നടത്തുന്നതിനാണെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ബിവറേജസ് കോര്‍പറേഷന്‍ തയ്യാറാക്കിയ 67 ഔട്ട്‌ലെറ്റുകളുടെ പട്ടികയില്‍ നിന്ന് മന്ത്രി ഇടപെട്ട് പന്ത്രണ്ട് ഔട്ട്‌ലെറ്റുകള്‍ ഒഴിവാക്കുകയും പകരം മന്ത്രിയുടെ ഓഫീസിന്റെ താത്പര്യപ്രകാരമുള്ള പന്ത്രണ്ട് ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത് ബാറുടമകളില്‍ ചിലരെ സഹായിക്കാനാണെന്ന ആരോപണവും വിശദമായി അന്വേഷിക്കേണ്ടതുണ്ട്. പട്ടികയിലെ ചില ഔട്ട്‌ലെറ്റുകളുടെ പേരുകള്‍ മന്ത്രിയുടെ പി എ സ്ലിപ്പ് എഴുതി ഒട്ടിച്ച നിലയിലായിരുന്നുവെന്ന് രേഖകളുടെ പരിശോധനയില്‍ വ്യക്തമായി.
മൊഴികളെ കൂടുതലായി ആശ്രയിക്കാതെ രേഖകളുടെ പരിശോധനയാണ് ക്വിക്ക് വെരിഫിക്കേഷനില്‍ പ്രധാനമായും നടന്നത്. കേസിന്റെ തുടരന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കുമെന്നാണ് സൂചന. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കേണ്ടത് എന്നതിനാല്‍ വിജിലന്‍സിന്റെ തിരുവനന്തപുരത്തെ ഏതെങ്കിലും യൂനിറ്റിനെ അന്വേഷണം ഏല്‍പ്പിക്കാനും സാധ്യതയുണ്ട്.