ഒമാനിലെ ചെറുപ്പക്കാരിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു

Posted on: July 21, 2016 7:08 pm | Last updated: July 21, 2016 at 7:09 pm
SHARE

YOUTHമസ്‌കത്ത്: കുട്ടികള്‍ ഉള്‍പെട്ട കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്ന് അധികാരികള്‍. മയക്ക് മരുന്ന് വിപണനം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയിലാണ് ചെറുപ്പക്കാരുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുന്നത്. മനുഷ്യക്കടത്ത് പോലുള്ളവയിലും കുട്ടികള്‍ പങ്കാളികളാകുന്നുവെന്നാണ് വ്യക്തമാകുന്നത്.
സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കെതിരെ രാജ്യം ശക്തമായ ബോധവല്‍കരണ ശ്രമം നടത്തുന്നതിനിടെയാണ് കുട്ടികള്‍ ഇത്തരം കേസുകളില്‍ അകപ്പെടുന്നതെന്നതാണ് ഗൗരവകരമായിരിക്കുന്നത്.
കുട്ടികള്‍ ഉള്‍പെട്ട 506 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പലതിലും മുതിര്‍ന്നവരും പങ്കാളികളാണ്. തൊട്ട് മുന്‍ വര്‍ഷം ഇത്തരത്തിലുള്ള കേസുകള്‍ 423 ആയിരുന്നു.
സോഷ്യല്‍ മീഡിയയുടെ സ്വാധീനമാണ് ചെറുപ്പക്കാരിലെ കുറ്റകൃത്യ വാസന വര്‍ധിക്കാന്‍ ഇടയാകുന്നതെന്നാണ് പറയപ്പെടുന്നത്.
പണക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് മയക്കുമരുന്ന് പോലുള്ളവ കണ്ടെത്തുന്നതിനാവശ്യമായ പണം ലഭ്യമാകുന്നുവെന്നത് ഗൗരവമായ വിഷയമാണ്. എന്നാല്‍ ഈ വലയിലകപ്പെട്ട പണക്കാരല്ലാത്ത കുട്ടികള്‍ മയക്ക് മരുന്ന് ലഭിക്കുന്നതിന് മോഷണം പോലുള്ള കാര്യങ്ങളിലും ഏര്‍പ്പെടുന്നു. ജുവൈനല്‍ അഫയേഴ്‌സിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ആക്രമണവും കയ്യേറ്റവുമാണ് ചെറുപ്പക്കാര്‍ ഉള്‍പെടുന്ന കേസുകളില്‍ പ്രധാനപ്പെട്ടത്.ട്രാഫിക് നിയമ ലംഘനം, വാഹന മോഷണം തുടങ്ങിയവയിലൊക്കെയാണ് കുട്ടികളുടെ പങ്കാളിത്തം വര്‍ധിച്ച് വരുന്നത്.
മതാപിതാക്കളുടെ സവിശേഷമായ ശ്രദ്ധ എപ്പോഴും ചെറുപ്പക്കാരായ കുട്ടികളിലുണ്ടാവണമെന്നും അവരെ നേര്‍വഴിയില്‍ നടത്തുനതിനുള്ള നീക്കങ്ങള്‍ വീടുകളില്‍ നിന്ന് തന്നെയാണ് ഉണ്ടാവേണ്ടതെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തുന്നു.