Connect with us

Gulf

വേനല്‍ വിപണി കൊഴുപ്പിക്കാന്‍ ഷോപിംഗ് കേന്ദ്രങ്ങളില്‍ ഓഫര്‍ മഴ

Published

|

Last Updated

ദോഹ: വേനല്‍ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ച് ബിസിനസ് ഉയര്‍ത്താനായി രാജ്യത്തെ റീട്ടയില്‍ ഷോപ്പുകളില്‍ പ്രമോഷന്‍ പ്രളയം. വ്യത്യസ്തമായ ഓഫറുകളോടെയാണ് സെയിലുകള്‍. ഖത്വര്‍ സമ്മര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചും പ്രമോഷനുകള്‍ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. ഷോപിംഗ് രംഹത്ത് പ്രമോഷന്‍ തരംഗം ഇന്നലെ ഗള്‍ഫ് ടൈംസ് പത്രം പ്രധാന വാര്‍ത്തയുമാക്കി.
ഈദുല്‍ ഫിത്വറിന് ശേഷം വസ്ത്ര വ്യാപാര രംഗത്തുണ്ടാകുന്ന തളര്‍ച്ച മറികടക്കാനായി ഈ സമയത്ത് പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കാറുള്ളത് പതിവാണെന്ന് മിഡില്‍ ഈസ്റ്റിലെ വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖ സ്ഥാപനത്തിന്റെ മാനേജര്‍ പറഞ്ഞു. ഖത്വറിലെ താമസക്കാര്‍ക്കായി രാജ്യത്താകെയുള്ള ശാഖകളില്‍ തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് 9, 15, 19 റിയാലില്‍ തുടങ്ങുന്ന ഓഫറാണ് നല്കുന്നതെന്നും ഇദ്ദേഹം അറിയിച്ചു.
ഭക്ഷ്യേതര വസ്തുക്കളില്‍ പലതും പോലെ വസ്ത്രവ്യാപാര രംഗത്തും ഈ സമയത്ത് തീര്‍ത്തും മന്ദഗതിയാണ് അനുഭവപ്പെടാറുള്ളത്. റമസാനും ഈദുല്‍ ഫിത്വറിനുമായി ആളുകള്‍ വസ്ത്രങ്ങള്‍ വാങ്ങിയതിന് പുറമേ വാര്‍ഷിക അവധിക്കാലമായതിനാല്‍ നിരവധി കുടുംബങ്ങള്‍ പേര്‍ രാജ്യത്തിന് പുറത്താണെന്നതും വ്യാപാര രംഗത്തെ പിന്നോട്ടടിക്കു കാരണമാണ്. താങ്ങാവുന്ന തുകയില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന ഓഫര്‍ സമയത്ത് കൂടുതല്‍ പേര്‍ വാങ്ങാനെത്തുന്നതായും അത് പുതിയ കമ്പോള രീതികള്‍ക്ക് ഉപയോഗ പ്രദമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതേ അഭിപ്രായം പ്രമുഖ കായികോത്പന്ന വിതരണ സ്ഥാപനങ്ങളും പ്രകടിപ്പിക്കുന്നു. ഓഫ് സീസണില്‍ ഉത്പന്നങ്ങള്‍ക്ക് ഓഫര്‍ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുന്നവര്‍ ഈ സമയത്താണ് സാധനങ്ങള്‍ വാങ്ങാനെത്തുകയെന്നും അദ്ദേഹം പറയുന്നു. ഈ ഓളത്തിനിടയില്‍ തങ്ങളുടെ പ്രതിമാസ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്ഥാപനങ്ങള്‍. വസ്ത്രങ്ങള്‍, വ്യത്യസ്ത ഇനങ്ങളിലുള്ള ഷൂസുകള്‍, സൈക്കിളുകള്‍, മറ്റ് കായികോപകരണ വസ്തുക്കള്‍ തുടങ്ങിയവ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതായും അദ്ദേഹം പറയുന്നു. ഖത്വര്‍ ഉള്‍പ്പെടെയുള്ള ജി സി സി രാജ്യങ്ങളില്‍ കായികോത്പന്ന വിതരണ കേന്ദ്രങ്ങള്‍ 20 മുതല്‍ 65 ശതമാനം വരെയാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

Latest