സ്മാര്‍ട്ട് ഫോണ്‍ ഗെയിമുകള്‍ക്കെതിരെ റഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്

Posted on: July 21, 2016 6:30 pm | Last updated: July 21, 2016 at 6:30 pm
SHARE

ദോഹ: പുതുതായി വരുന്ന സ്മാര്‍ട്ട് ഫോണ്‍ ഗെയിം ആപ്ലിക്കേഷനുകള്‍ക്കെതിരെ കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. പോകിമന്‍ ഗോ, ജിയോകാച്ചിംഗ്, വേസ് തുടങ്ങിയ സ്മാര്‍ട്ട് ഗെയിം പ്രിയര്‍ക്കിടയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ആപ്പുകള്‍ക്കെതരെ ജാഗ്രത പാലിക്കണമെന്നാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്.
പോകിമന്‍ ഗോ ആപ്പ് ഒദ്യോഗികമായി ഖത്വറില്‍ റിലീസ് ചെയ്തിട്ടില്ലെങ്കിലും വി പി എന്‍ ഉപയോഗിച്ച് പലരും ഉപയോഗിക്കുന്നുണ്ട്. മാപ്പിംഗ് സോഫ്റ്റ്‌വെയര്‍ ഉപോഗിച്ച് വെര്‍ച്വല്‍ റിയാലിറ്റി സാധ്യതകള്‍ ഉപയോഗിക്കുന്ന ഗെയിം സ്വന്തം പരിസരങ്ങളില്‍ വിഹരിക്കുന്ന പോകിമന്‍ ജീവികളെ പന്തെറിഞ്ഞു വീഴ്ത്താന്‍ അവസരം സൃഷ്ടിക്കുന്നതാണ്. പൊതുനിരത്തുകളിലും ജനങ്ങള്‍ക്കിടയിലും ഇത്തരം ഗെയിമുമായി ഇറങ്ങുന്നവര്‍ സൃഷ്ടിക്കുന്നതും നേരിടുന്നതുമായ ഭീഷണികള്‍ സൂചിപ്പിച്ചാണ് അതോറിറ്റിയിയുടെ മുന്നറിയിപ്പ്. അല്‍ രാജ്യങ്ങളായ യു എ ഇയും കുവൈത്തും പോകിമന്‍ ഗോക്കെതിരെ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.
മാധ്യമ റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയകളില്‍ വരുന്ന വിവരങ്ങളും അനുസരിച്ച് സുരക്ഷയും സ്വകാര്യതയും ഇല്ലായ്മ ചെയ്യുന്ന സാഹചര്യങ്ങളുണ്ടെന്ന് അതോറിറ്റി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സുരക്ഷക്കു പ്രാധാന്യം കൊടുത്തുവേണം കളികളിലേര്‍പ്പെടാന്‍. വിശിഷ്യാ കുട്ടികളെ ശ്രദ്ധിക്കണം. പൊതുനിരത്തുകളിലിറങ്ങി ഗെയിം ഉപയേഗിക്കുന്നതാണ് അപകടകരം. നടന്നു കൊണ്ടു കളിക്കാന്‍ പ്രേരിപ്പിക്കുന്ന പോകിമന്‍ ഗോ പരിസരത്തുള്ള പൊതുജനത്തിനും ശല്യമാകാനിടയുണ്ട്. വാഹനമോടിക്കുമ്പോള്‍ ഗെയിം കളിക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് വഴിവെക്കും. ഡ്രൈവിംഗിനിടെ കളിക്കാതിരിക്കുകയും പൊതുസ്ഥലത്തെ കളി ഒഴിവാക്കുന്നതുമായി സുരക്ഷിതത്വമെന്ന് അതോറിറ്റി അറിയിക്കുന്നു.
സ്വകാര്യതാ പ്രശ്‌നങ്ങളെയും സൂക്ഷിക്കേണ്ടതണ്ട്. പോകിമന്‍ ഉള്‍പ്പെടെയുള്ള ഗെയിം ആപ്പുകള്‍ക്ക് ഫോണിലെ മറ്റു ആപ്പുകളായ ക്യാമറ, ലൊക്കേഷന്‍ സര്‍വീസ്, കോണ്‍ടാക്റ്റ് തുടങ്ങിയവയിലേക്ക് പ്രവേശം നല്‍കുന്നത് അപകടങ്ങള്‍ സൃഷ്ടിക്കും. അപരിചിതരമായ പോകിമന്‍ ഉപയോക്താക്കളുമായി ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പോകിമന്‍ ഗെയിമിലെ ‘പോക് സ്റ്റോപ്‌സ്’ ഫീച്ചറിനെക്കുറിച്ച് അറിഞ്ഞു വെക്കണം. പൊതുസ്ഥലത്ത് മറ്റുള്ളവര്‍ക്ക് നല്‍കേണ്ട പരിഗണനയും ആദരവും നല്‍കാന്‍ ശ്രദ്ധിക്കണം. സ്വകാര്യ സ്ഥലങ്ങളിലേക്കോ ഔദ്യോഗിക കെട്ടിടങ്ങിലേക്കോ പ്രദേശങ്ങളിലേക്കോ പ്രവേശിക്കാന്‍ പാടില്ല. ഇത്തരം പ്രദേശങ്ങളെക്കുറിച്ച് നേരത്തേ മനസ്സിലാക്കി വേണം വിനോദത്തിലേര്‍പ്പെടാന്‍.
ഇത്തരം ഗെയിമുകള്‍ ഉപയോഗിക്കുന്നവര്‍ ഡാറ്റ പ്ലാന്‍ സംബന്ധിച്ച് മനസ്സിലാക്കുകയും ഉപയോഗം ഇടക്കിടെ പരിശോധിക്കുകയും വേണം. ഇത്തരം ആപ്പുകല്‍ ജി പി എസ് ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ ഡാറ്റ ചോര്‍ത്തും. ഇത് അപ്രതീക്ഷിതമായ ബാധ്യത വരുത്തിവെക്കും. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ബില്‍ കണ്ട് ഞെട്ടേണ്ടി വരും. പുതിയ ഗെയിമുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അതോറിറ്റി അറിയിച്ചു.