3,000 കോടി ചെലവില്‍ ദുബൈയില്‍ ‘പുഷ്പ നഗരം’

Posted on: July 21, 2016 6:05 pm | Last updated: July 21, 2016 at 6:05 pm
SHARE

FLOWER GARDENദുബൈ: പുഷ്പാകൃതിയില്‍ ദുബൈയില്‍ സ്മാര്‍ട് സൗകര്യത്തോടെയുള്ള താമസ-വാണിജ്യ നഗരം വരുന്നു. ‘ഡെസര്‍ട്ട് റോസ് സിറ്റി’ എന്ന പേരിലുള്ള പദ്ധതിക്ക് 3,000 കോടി ദിര്‍ഹമാണ് ചെലവഴിക്കുക. ഇതിന് ദുബൈ നഗരസഭ അംഗീകാരം നല്‍കി. ദുബൈ- അല്‍ ഐന്‍ റോഡിനോടു ചേര്‍ന്ന് 14,000 ഹെക്ടറിലാണ് നഗരം നിര്‍മിക്കുന്നത്.

വേള്‍ഡ് എക്‌സ്‌പോ 2020ക്ക് മുമ്പായി ഇതിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌കൂളുകള്‍, ഷോപ്പിംഗ് മാളുകള്‍, ആശുപത്രികള്‍, പോലീസ് സ്റ്റേഷന്‍ തുടങ്ങിയവ ഇവിടെയുണ്ടാകും. നഗരത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സൗരോര്‍ജ സംവിധാനങ്ങളെ ആശ്രയിച്ചാണ് നടത്തുക.
നഗരത്തിന്റെ 75 ശതമാനവും താമസ കേന്ദ്രങ്ങളായിരിക്കും. ആദ്യഘട്ടത്തില്‍ 1.6 ലക്ഷം പേര്‍ക്കു താമസിക്കാന്‍ സൗകര്യമൊരുക്കും. 20,000 പ്ലോട്ടുകള്‍ സ്വദേശി ഭവനങ്ങള്‍ക്കായി നല്‍കും.

10,000 ഭവനങ്ങള്‍ പ്രവാസികള്‍ക്കും നല്‍കും. പദ്ധതിക്കാവശ്യമായ ജലവും വൈദ്യുതിയും ഇവിടെ തന്നെ ഉത്പാദിപ്പിക്കും. കെട്ടിടങ്ങളുടെ മേല്‍കൂരക്ക് മുകളില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ പാനലുകളുടെ സഹായത്തോടെ 200 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. 40,000 ക്യുബിക് മീറ്റര്‍ വെള്ളവും പദ്ധതി പ്രദേശത്തുനിന്ന് തന്നെ കണ്ടത്തെും. ഗതാഗത-വാര്‍ത്താവിനിമയ സംവിധാനങ്ങളുമുണ്ടാകും.

താപനില ക്രമീകരിക്കാനും അന്തരീക്ഷ വായു ശുദ്ധീകരിക്കാനും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങള്‍ സജ്ജീകരിക്കും. പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെട്ടിടസമുച്ചയം പൂര്‍ത്തിയാക്കുക. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നഗരസഭ എന്‍ജിനിയറിംഗ് ആന്‍ഡ് പ്ലാനിംഗ്് വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല റാഫിയയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഡെസര്‍ട്ട് റോസ് സിറ്റിയുടെ രൂപകല്‍പനയും നിര്‍മാണ മേല്‍നോട്ടവും കമ്മിറ്റിക്കായിരിക്കും.