റിയോ ഒളിമ്പിക്‌സില്‍ നിന്ന് റഷ്യ പുറത്തേക്ക്;കായിക കോടതി അപ്പീല്‍ തള്ളി

Posted on: July 21, 2016 4:06 pm | Last updated: July 21, 2016 at 8:12 pm
SHARE

russia olympicsന്യൂയോര്‍ക്ക്: ഉത്തേജകമരുന്ന് വിവാദത്തില്‍ കുരുങ്ങിയ റഷ്യയുടെ ഒളിമ്പിക്‌സ് മോഹങ്ങള്‍ക്ക് തിരിച്ചടി. റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു റഷ്യന്‍ അത്‌ലറ്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ലോക കായിക ആര്‍ബിട്രേഷന്‍ കോടതി തള്ളി. ഉത്തേജക മരുന്നിന്റെ വ്യാപക ഉപയോഗത്തെ തുടര്‍ന്ന് അത്‌ലറ്റുകളെ വിലക്കിയ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നടപടി ചോദ്യം ചെയ്താണ് റഷ്യ അപ്പീല്‍ സമര്‍പ്പിച്ചത്.

അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെയാണ് അത്‌ലറ്റുകള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് റിയോയിലേക്ക് പറക്കാനിരുന്ന 68 റഷ്യന്‍ അത്‌ലറ്റുകളെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വിലക്കിയത്.സാംപിളുകള്‍ മാറ്റി പുതിയതു നിറയ്ക്കാനുള്ള സംവിധാനങ്ങളടക്കം സര്‍ക്കാര്‍ പിന്തുണയോടെയായിരുന്നു കാര്യങ്ങള്‍. ആഭ്യന്തര ഇന്റലിജന്‍സ് സര്‍വീസിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരുന്നു സാംപിളുകള്‍ മാറ്റിക്കൊണ്ടിരുന്നത്. എന്നു മാത്രമല്ല ഡപ്യൂട്ടി സ്‌പോര്‍ട്‌സ് മന്ത്രി യൂറി നഗോര്‍നിഖ് ആയിരുന്നു സംരക്ഷിക്കപ്പെടേണ്ട ‘ഉത്തേജക താരങ്ങളുടെ’ പട്ടിക തയാറാക്കിയിരുന്നതെന്ന അതീവ ഗുരുതരമായ കണ്ടെത്തലും വാഡയുടെ റിപ്പോര്‍ട്ടിലുണ്ട്.

സര്‍ക്കാര്‍ പിന്തുണയോടെ താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന് കണ്‌ടെത്തിയതോടെ റഷ്യയെ ഒളിമ്പിക്‌സില്‍ നിന്നും പൂര്‍ണമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.അതേസമയം, ഉത്തേജക ഉപയോഗത്തിന്റെ പേരില്‍ റഷ്യയെ ഒളിംപിക്‌സില്‍ നിന്നു വിലക്കണോ എന്ന കാര്യത്തില്‍ രാജ്യാന്തര ഒളിംപിക് സമിതി (ഐഒസി) ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഞായറാഴ്ച ഇതുസംബന്ധിച്ചു തീരുമാനമാകുമെന്നാണു റിപ്പോര്‍ട്ട്. കായിക കോടതിയുടെ തീരുമാനത്തിനു അനുസരിച്ചാവും ഐഒസിയുടെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ റഷ്യ റിയോ ഒളിംപിക്‌സില്‍നിന്നു പുറത്തുപോകാനാണു സാധ്യത. വാഡയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി റഷ്യയോട് വിശദീകരണം തേടിയിരുന്നു. 387 അംഗ ടീമിനെയാണ് റഷ്യ റിയോ ഒളിമ്പിക്‌സിനായി തെരഞ്ഞെടുത്തത്. ഇതില്‍ 68 താരങ്ങളാണ് അത്‌ലറ്റിക്‌സില്‍ മത്സരിക്കേണ്ടിയിരുന്നത്.