സ്ഥാനമാറ്റം: ടിപി സെന്‍കുമാറിന്റെ ഹര്‍ജി തള്ളി

Posted on: July 21, 2016 10:45 am | Last updated: July 21, 2016 at 1:41 pm
SHARE

senkumarകൊച്ചി: പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. സ്ഥാനമാറ്റം മൂലം വേതനത്തില്‍ മാറ്റം വന്നെന്ന സെന്‍കുമാറിന്റെ ആവശ്യം മാത്രമാണ് ട്രൈബ്യൂണല്‍ അംഗീകരിച്ചത്. സെന്‍കുമാറിന്റെ ശമ്പള സ്‌കെയിലില്‍ മാറ്റം വരുത്തരുതെന്ന് സിഎടി സര്‍ക്കാറനോട് ആവശ്യപ്പെട്ടു.

അഖിലേന്ത്യ സര്‍വീസ് ചട്ടവും കേരള പൊലീസ് ആക്ടും പ്രകാരം തനിക്കെതിരായ സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്നായിരുന്നു സെന്‍കുമാറിന്റെ വാദം. ഐപിഎസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ടു വര്‍ഷത്തിനുളളില്‍ നീക്കം ചെയ്യാന്‍ പാടില്ല. അല്ലാത്തപക്ഷം തക്കതായ കാരണമുണ്ടാകണം എന്നാണ് ചട്ടം. ഇതിന് വിരുദ്ധമായാണ് തന്നെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത്. ഇത് തരംതാഴ്ത്തലാണെന്നും സെന്‍കുമാര്‍ ഹര്‍ജില്‍ വാദിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ മാറുമ്പോള്‍ ഉദ്യോഗസ്ഥ സ്ഥാനചലനം സ്വാഭാവികമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സിഎടിയെ അറിയിച്ചത്. ജിഷവധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം തുടങ്ങിയ കേസുകളില്‍ സെന്‍കുമാറിന്റെ നടപടികള്‍ പോലീസ് സേനക്ക് അവമതിപ്പുണ്ടാക്കിയെന്നും സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു.

പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.