കുറ്റിപ്പുറത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

Posted on: July 21, 2016 9:22 am | Last updated: July 21, 2016 at 9:22 am
SHARE

മലപ്പുറം: കോളറ ബാധ റിപ്പോര്‍ട്ട് ചെയ്ത കുറ്റിപ്പുറത്തും പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മാലിന്യ നിര്‍മാര്‍ജന്യം യഥാസമയം നടത്താന്‍ ഡി എം ഒ ഗ്രാമപഞ്ചായത്തിന് നിര്‍ദേശം നല്‍കി. തെരുവ് കച്ചവടം, സ്‌കൂളുകള്‍ക്ക് മുന്നില്‍ വില്‍പന നടത്തുന്ന അച്ചാറുകള്‍, പാനീയങ്ങള്‍ എന്നിവ നിരോധിച്ചു. കുടിവെള്ള സാമ്പിളുകള്‍ പരിശോധനക്കയച്ചു. ജലനിധി പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന ടാങ്കുകളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് വെള്ളം ശേഖരിച്ചത്. 16 സാമ്പിളുകള്‍ വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ ലാബിലേക്കാണ് പരിശോധനക്ക് അയച്ചത്. കോളറ ബാധിത മേഖലയിലെ 552 വീടുകള്‍ സന്ദര്‍ശിച്ചും മൈക്കിലൂടെയും ജാഗ്രതാ നിര്‍ദേശവും ബോധവത്ക്കരണവും നടത്തി. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ മൂന്ന് തവണ ആസൂത്രണ- ഏകോപന യോഗം ചേര്‍ന്നു. ഹോട്ടല്‍ ഉടമകളുടെ രണ്ട് യോഗങ്ങള്‍ ചേര്‍ന്ന് ഭക്ഷ്യസുരക്ഷക്കുള്ള മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ദേശിച്ചു.
ഒ ആര്‍ എസ് മുന്‍കരുതലായി ഡോക്‌സിസൈക്ലിസ് ഗുളികകളും സ്റ്റോക്കുണ്ടെന്ന് ഡി എം ഒ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. ജൂലൈ 20ന് പുലര്‍ച്ചെ മരിച്ച ജമീലയുടെ മരണ കാരണം കോളറയാണന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ മലം പരിശോധനക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചിട്ടുണ്ട്.