കരിപ്പൂരില്‍ കരാര്‍ തൊഴിലാളികള്‍ക്ക് പാസ് നല്‍കാതെ പിരിച്ച് വിടാന്‍ നീക്കം

Posted on: July 21, 2016 9:21 am | Last updated: July 21, 2016 at 9:21 am
SHARE

കൊണ്ടോട്ടി: കരിപ്പൂരില്‍ എയര്‍ ഇന്ത്യാ ഗ്രൗണ്ട് ഹാന്റലിംഗ് കരാര്‍ ഏജന്‍സിക്ക് കീഴില്‍ തൊഴിലെടുക്കുന്നവരെ പിരിച്ചുവിടാന്‍ നീക്കം.
ഡല്‍ഹി ആസ്ഥാനമായുള്ള കുള്ളാര്‍ ഹോസ്പിറ്റാലിറ്റിയാണ് കരിപ്പൂരിലെ ഗ്രൗണ്ട് ഹാന്റിലിംഗ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 400 ല്‍ അധികം തൊഴിലാളികളാണ് കരിപ്പൂരില്‍ കരാര്‍ ഏജന്‍സിക്ക് കീഴില്‍ തൊഴിലെടുക്കുന്നത്. കരാര്‍ തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളം നല്‍കുന്നതിനോ പി എഫ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ കരാര്‍ ഏജന്‍സി കാലങ്ങളായി തയാറായിട്ടില്ല. കൗണ്ടര്‍ ഹാന്റലിംഗ്, ട്രാക്ടര്‍ ഡ്രൈവര്‍, ലോഡിംഗ് അണ്‍ലോഡിംഗ് തുടങ്ങിയ വിഭാഗങ്ങളിലായാണ് കരാര്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. തൊഴിലാളികള്‍ക്ക് വിമാനത്തവാളത്തിലേക്ക് പ്രവേശിക്കുന്നതിന് കരാര്‍ ഏജന്‍സിയുടെ അപേക്ഷയില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് പാസ് നല്‍കുന്നത്. കഴിഞ്ഞ മാസത്തോട് കൂടി ഇവരുടെ പാസിന്റെ കാലാവധി കഴിഞ്ഞിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിവസങ്ങളുടെ കാലാവധി വെച്ചായിരുന്നു പാസ് നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസം മുതല്‍ പാസ് പുതുക്കുന്നതിനും കരാര്‍ ഏജന്‍സി തയാറായില്ല. പാസ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടിലെത്തിയെങ്കിലും സി ഐ എസ് എഫ് ജവാന്മാര്‍ ഇവരെ തടയുകയും ഇത് വാക്കേറ്റത്തിലെത്തുകയും ചെയ്തിരുന്നു. ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യാ ട്രാന്‍സ്‌പോര്‍ട്ട് ലിമിറ്റഡിലെ തൊഴിലാളികളെ കരിപ്പൂരില്‍ കൊണ്ടുവന്നു തദ്ദേശിയരായ തൊഴിലാളികളെ ഒഴിവാക്കുകയാണ് കരാര്‍ ഏജന്‍സി ഉദ്ദേശിക്കുന്നത്. നേരത്തെ ഇത്തരം നീക്കമുണ്ടായിരുന്നെങ്കിലും തൊഴിലാളികള്‍ ഇത് ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു.