Connect with us

Malappuram

നിക്ഷേപ പദ്ധതി: പണം തേടി കൂടുതല്‍ നിക്ഷേപകര്‍ പോലീസ് സ്റ്റേഷനില്‍

Published

|

Last Updated

തിരൂര്‍: പാന്‍ബസാറിലെ തുഞ്ചത്ത് ജ്വല്ലേഴ്സ് നിക്ഷേപ പദ്ധതിയില്‍ വഞ്ചിതരായ കൂടുതല്‍ പേര്‍ ഇന്നലെ തിരൂര്‍ പോലീസ് സ്റ്റേഷനിലെത്തി. ഇന്നലെ രാവിലെ മുതലേ തിരൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ആളുകള്‍ എത്തുകയായിരുന്നു.
അഞ്ഞൂറിലേറെ പേര്‍ ഇന്നലെ മാത്രം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജ്വല്ലറിയിലെത്തിയ പലര്‍ക്കും ഇന്നലെ പണം തിരിച്ചു നല്‍കുമെന്ന് ജ്വല്ലറി ജീവനക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് വിശ്വസിച്ചാണ് ആളുകള്‍ ഇന്നലെ പോലീസ് സ്റ്റേഷനിലെത്തിയത്. നൂറിലേറെ ആളുകള്‍ മലപ്പുറം റോഡിലെ തുഞ്ചത്ത് ജ്വല്ലേഴ്സിന് മുന്നിലുമെത്തി. ഇതോടെ നിക്ഷേപ പദ്ധതിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പണം തേടിയായിരുന്നു നൂറു കണക്കിന് നിക്ഷേപകര്‍ ഇന്നലെ തിരൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. നിക്ഷേപകരില്‍പ്പെട്ട ഒരു വിഭാഗം ആളുകള്‍ ശേഖരിച്ച കണക്കുകളനുസരിച്ച് 190 പേര്‍ക്ക് മാത്രമായി 1.40 കോടി രൂപ നല്‍കാനുണ്ട്. ആയിരക്കണക്കിന് നിക്ഷേപകരുള്ളതിനാല്‍ മൊത്തം തുക കോടികള്‍ വരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. പോലീസില്‍ ലഭ്യമായ പരാതികളടക്കം പത്തു കോടിയോളം രൂപയുടെ നിക്ഷേപം വിവിധ പദ്ധതികളിലായി നടന്നതായാണ് പോലീസിന്റെ വിലയിരുത്തല്‍. തീരദേശ നിവാസികളടക്കമുള്ള സാധാരണക്കാരായ സ്ത്രീകളാണ് പണം തേടി ഇന്നലെ പോലീസ് സ്റ്റേഷനു മുന്നിലെത്തിയവരില്‍ അധികവും. ചെറു പ്രായത്തിലുള്ള കുട്ടികളുടെ പേരിലും വിവാഹാവശ്യത്തിനായും പദ്ധതിയില്‍ ചേര്‍ന്നവരും എത്തിയിരുന്നു.
നിക്ഷേപകരുടെ മുന്നില്‍ പോലീസ് കൈമലര്‍ത്തിയതോടെ വന്നവര്‍ വിഷമ വൃത്തത്തിലായി. നിക്ഷേപകര്‍ തയാറാണെങ്കില്‍ കേസെടുക്കാമെന്നും മറ്റൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നുമായിരുന്നു പോലീസ് നിലപാട്. ഇതിനിടെ പുതിയ പരാതിക്കാരും എത്തിയതോടെ സ്റ്റേഷന്‍ വളപ്പില്‍ നിക്ഷേപകരുടെ തിരക്കായി. പുതിയ പരാതികള്‍ സ്വീകരിക്കാന്‍ പോലീസ് ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയതോടെ വരി പോലീസ് സ്റ്റേഷന് പുറത്തേക്ക് വരെ നീണ്ടു. ഒടുവില്‍ രജിസ്റ്ററില്‍ ചേര്‍ക്കാതെ എല്ലാവരുടേയും പരാതികള്‍ പോലീസുകാര്‍ നേരിട്ടുവാങ്ങി ആളുകളെ മടക്കി അയച്ചു. വൈകുന്നേരം വരെയും ആളുകള്‍ പോലീസ് സ് റ്റേഷനിലും ജ്വല്ലറിക്ക് മുന്നിലുമെത്തി. സാധാരണക്കാര്‍ക്കു പുറമെ കൂടുതല്‍ മുതല്‍ മുടക്കി ജ്വല്ലറിയില്‍ നിക്ഷേപിച്ചവരും വഞ്ചിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് അറിയുന്നത്.
ജ്വല്ലറി ഉടമകള്‍ നല്‍കിയ വണ്ടിച്ചെക്കുകളുമായും ചിലര്‍ ഇന്നലെ പോലീസ് സ്റ്റേഷനിലെത്തി. പണം തിരിച്ചു തരേണ്ട സമയപരിധി കഴിഞ്ഞപ്പോള്‍ ചെക്ക് നല്‍കിയെന്നും ബേങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്നു പറഞ്ഞ് മടങ്ങിയെന്നും നിക്ഷേപകര്‍ പറഞ്ഞു. ഒരു വിഭാഗം നിക്ഷേപകര്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ്. ഇവര്‍ ഇന്നലെ പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് നിക്ഷേപകരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. ഓരു കോടി നാല്‍പത് ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്നത് ഇവര്‍ തയാറാക്കിയ കണക്കാണ്. 1300 രൂപ മുതല്‍ 7.70ലക്ഷം രൂപവരെ ലഭിക്കാനുള്ളവര്‍ പരാതിക്കാരിലുണ്ട്. രണ്ടര പവന്‍ സ്വര്‍ണം മുതല്‍ 44 പവന്‍ സ്വര്‍ണം വരെ നിക്ഷേപമായി നല്‍കിയവരുമുണ്ട്. സ്വര്‍ണാഭരണങ്ങള്‍ ഈടായി നല്‍കി പണം വായ്പ വാങ്ങുകയും യഥാസമയം പണം തിരിച്ചു നല്‍കിയിട്ടും ആഭരണം മടക്കി നല്‍കുന്നില്ലെന്ന് തലക്കാട് സ്വദേശിനിയായ വീട്ടമ്മ പറഞ്ഞു. ഇവരുടെ 43 പവനോളം പദ്ധതിയില്‍ കുടുങ്ങിട്ടുണ്ട്. ലഭിക്കുന്ന പരാതികളെല്ലാം സ്വീകരിച്ച് പ്രത്യേകം രജിസ്റ്ററില്‍ ചേര്‍ത്ത് സൂക്ഷിക്കുക മാത്രമാണ് ഇപ്പോള്‍ പോലീസ് ചെയ്യുന്നത്. നിക്ഷേപകര്‍ കൂട്ടത്തോടെയെത്തിയ കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ഇരുനൂറിലേറെ പരാതികള്‍ ലഭിച്ചിരുന്നു.

Latest