ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന; കോഴിക്കോട് ബീച്ചിലെ ഉന്തുവണ്ടി കച്ചവടം നിരോധിച്ചു

Posted on: July 21, 2016 9:17 am | Last updated: July 21, 2016 at 9:17 am
SHARE

കോഴിക്കോട്: ബീച്ചില്‍ കച്ചവടം നടത്തുന്ന ഉന്തുവണ്ടികളില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ വ്യാപക പരിശോധന. ഭൂരിഭാഗം ഉന്തുവണ്ടികളിലും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബീച്ചിലെ ഉന്തുവണ്ടി കച്ചവടം താത്കാലികമായി നിര്‍ത്തിവെപ്പിച്ചു. പൂര്‍ണമായും വൃത്തിഹീനമായ മൂന്ന് ഉന്തുവണ്ടികള്‍ ആരോഗ്യ വകുപ്പ് പിടിച്ചെടുത്തു.
ജില്ലയില്‍ പകര്‍ച്ച വ്യാധികളും മറ്റ് മഴക്കാല രോഗങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബീച്ചിലെ ഉന്തുവണ്ടികളില്‍ വില്‍പ്പന നടത്തുന്ന ഉപ്പിലിട്ട പഴങ്ങളില്‍ ഭൂരിഭാഗവും കേടുവന്നതും ഏറെ കാലപ്പഴക്കം കഴിഞ്ഞതുമാണെന്ന് കണ്ടെത്തി. ഉപ്പിലിട്ടത് സൂക്ഷിക്കുന്ന കുപ്പികളിലും പൂപ്പല്‍ ബാധയുമുണ്ടായിരുന്നു. മിക്ക കടകളിലെയും പഴങ്ങള്‍ മുറിക്കാനുപയോഗിക്കുന്ന കത്തി, ഐസ് ഉരതുന്നതിനുപയോഗിക്കുന്ന ബ്ലേഡ്, മറ്റുപകരണങ്ങള്‍ എന്നിവ തുരുമ്പെടുത്ത നിലയിലായിരുന്നു. ഉപയോഗ ശൂന്യമായ ഫ്രിഡ്ജ് കൊണ്ടുവന്ന് അതിലാണ് മിക്കവരും ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനക്ക് ശേഷം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ബീച്ചില്‍ പ്രാഥമിക ശുചീകരണം നടത്തി.
വരും ദിവസങ്ങളില്‍ ശുചീകരണം ഊര്‍ജിതമാക്കും. ഇതിന് ശേഷം നിബന്ധനകള്‍ക്ക് വിധേയമായി കച്ചവടം അനുവദിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കടപ്പുറത്തെ മണലിലേക്കിറക്കി ഉന്തുവണ്ടി കച്ചവടം ഇനി അനുവദിക്കില്ല. കച്ചവടത്തിന് ശേഷം ഉന്തുവണ്ടികള്‍ ബീച്ചില്‍ തന്നെ നിര്‍ത്തിയിടുന്നതും അനുവദിക്കില്ല. വണ്ടികള്‍ രാത്രിയോടെ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്തും. ഉന്തുവണ്ടിയോടു ചേര്‍ന്ന് തട്ടുകളോ മറ്റു വെച്ചുകെട്ടലുകളോ അനുവദിക്കില്ല. ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് ഉപയോഗിക്കുന്നത് കര്‍ശനമായി തടയും. ഐസിന്റെ ബില്ല് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.
അംഗീകൃത തൊഴിലാളികളെയല്ലാതെ കച്ചവടം നടത്താന്‍ അനുവദിക്കില്ല. ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കാന്‍ ഉന്തുവണ്ടിക്ക് സമീപം സംവിധാനമൊരുക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി സുരേഷ്ബാബു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി കെ വത്സന്‍, ശൈലേഷ് നേതൃത്വം നല്‍കി.