കുടിവെള്ള വിതരണത്തിലെ അശാസ്ത്രീയതയും പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനവും കോളറക്ക് കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍

Posted on: July 21, 2016 9:17 am | Last updated: July 21, 2016 at 9:17 am
SHARE

കോഴിക്കോട്: കുടിവെള്ള വിതരണത്തിലെ അശാസ്ത്രീയതയും പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനവും കോളറക്ക് കാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ജില്ലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കോഴിക്കോട് ജില്ലയില്‍ വയറിളക്ക രോഗവും ഷിഗെല്ല മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ പാലക്കാട് ജില്ലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഠനം നടത്തിയ ആരോഗ്യ സംഘം ചിറ്റൂര്‍ താലൂക്കിലെ പട്ടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വയലിനോട് ചേര്‍ന്നുകിടക്കുന്ന കിണറുകളില്‍നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. മഴ പെയ്യുന്നതോടെ അഴുക്ക് മുഴുവന്‍ കിണറിലത്തെും. കൂടുതല്‍ ശുചീകരണം നടത്താതെയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. പ്രദേശത്ത് പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നവരുടെ എണ്ണം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മലപ്പുറത്ത് കോളറ റിപ്പോര്‍ട്ട് ചെയ്ത കുറ്റിപ്പുറത്തും മഴ കനക്കുന്നതോടെ അഴുക്കുചാല്‍ നിറഞ്ഞ് മാലിന്യം റോഡിലേക്കാണ് എത്തുന്നത്. റോഡും അഴുക്കുചാലും ഒന്നാകുന്ന അവസ്ഥയാണ് അവിടെയുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴുക്കുചാലില്‍നിന്ന് ഒഴുകിയത്തെിയ മാലിന്യം പ്രദേശത്തെ ഹോട്ടലുകളിലെ നിലത്ത് എത്തുന്ന അവസ്ഥ വരെയുണ്ടായി. അതിന് സമീപമാണ് ഹോട്ടലുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കോളറ പടരുന്നതിന് അത് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്.നഗരങ്ങളില്‍ കുടിവെള്ള സ്രോതസ്സും കക്കൂസ് ടാങ്കുകളും തമ്മിലെ അകലം കുറവാണെന്നും കോളറ ഉള്‍പ്പെടെ രോഗങ്ങള്‍ പടര്‍ത്തുന്ന ബാക്ടീരിയകള്‍ ഇതിലൂടെ വെള്ളത്തില്‍ കലരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഴക്കാല പൂര്‍വ ശുചീകരണം പൂര്‍ണരീതിയില്‍ ഫലവത്താകുന്നില്ലന്നതാണ് ഇത്തരം രോഗങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും ഇത് ഫലപ്രദമാക്കാന്‍ കുറ്റമറ്റ സംവിധാനം രൂപപ്പെടുത്തണമെന്നും ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.