Connect with us

Kerala

അഭിഭാഷകരുടെ അഴിഞ്ഞാട്ടം: കെ യു ഡബ്ല്യു ജെ അപലപിച്ചു

Published

|

Last Updated

കോഴിക്കോട്: ഹൈക്കോടതി പരിസരത്ത് റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ആക്രമിച്ച സംഭവത്തെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ യു ഡബ്ല്യു ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ അപലപിച്ചു. മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇഷ്ടമില്ലാത്ത വാര്‍ത്തകളുടെ പേരിലാണ് അഭിഭാഷകരുടെ അഴിഞ്ഞാട്ടം. മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം അഭിഭാഷകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയും വനിതാ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെക്കുകയുമായിരുന്നു. ഉപരോധ സമരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാനും ശ്രമമുണ്ടായി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നീതിന്യായ വ്യവസ്ഥ അനുവദിച്ചതാണ്. ഇത് അട്ടിമറിക്കാനാണ് ഒരു കൂട്ടം അഭിഭാഷകര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതി നടപടി സ്വീകരിക്കണം. നിയമനീതിന്യായ വ്യവസ്ഥയുടെ കാവലാളാവേണ്ടവര്‍ അന്യായങ്ങള്‍ക്കു കൊടിപിടിക്കുന്നത് അങ്ങേയറ്റം ഗൗരവതരമാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് അവസരമൊരുക്കാനും ക്രമസമാധാനം നിലനിര്‍ത്താനും പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രസ്‌ക്ലബ് ഭാരവാഹികളായ കെ സി റിയാസ്, പി വിപുല്‍നാഥ് പങ്കെടുത്തു.

Latest