എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന് ബിരുദ പഠനത്തിന് അവസരമില്ല

Posted on: July 21, 2016 5:55 am | Last updated: July 20, 2016 at 11:58 pm
SHARE

കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം രോഗിയായ വിദ്യാര്‍ഥിക്ക് ബിരുദപഠനത്തിനുള്ള അവസരം കണ്ണൂര്‍ സര്‍വകലാശാല നിഷേധിക്കുന്നതായി ആക്ഷേപം. മാത്തില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നും പ്ലസ്ടു പാസായ കാങ്കോല്‍- ആലപ്പടമ്പ് കോലാച്ചിക്കുണ്ടിലെ കെ കെ കമലാക്ഷിയുടെ മകനായ കെ ഗോകുല്‍രാജിനാണ് കണ്ണൂര്‍ സര്‍വകലാശാല ബിരുദപഠനത്തിന് അവസരം നല്‍കാത്തത്. തനിക്ക് പഠിക്കാന്‍ അവസരം ഒരുക്കണമെന്ന് അഭ്യര്‍ഥിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് ഗോകുല്‍രാജ് അപേക്ഷ നല്‍കി.
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ പയ്യന്നൂര്‍ കോളജില്‍ ബി എസ് സി സുവോളജി കോഴ്‌സിനാണ് ഗോകുല്‍രാജ് ആദ്യം അപേക്ഷിച്ചത്. ട്രയല്‍ അലോട്ട്‌മെന്റ് പട്ടികയില്‍ ഗോകുല്‍രാജിന്റെ പേരുണ്ടായിരുന്നു. തുടര്‍ന്നുള്ള അലോട്ട്‌മെന്റ് പട്ടികയില്‍ പേര് ഒഴിവാക്കി. കാഴ്ചശക്തി കുറയുന്ന പ്രശ്‌നമുള്ളതിനാല്‍ സയന്‍സ് വിഷയം അനുവദിക്കാനാവില്ലെന്നായിരുന്നു ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സര്‍വകലാശാല അധികൃതരുടെ മറുപടി. എങ്കില്‍, ബി എ ഇംഗ്ലീഷിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗോകുല്‍രാജ് അപേക്ഷ നല്‍കി. എന്നാല്‍, ഇതുവരെയായും ഗോകുല്‍രാജിനെ സര്‍വകലാശല പരിഗണിച്ചില്ല.
എന്‍ഡോസള്‍ഫാന്‍ മൂലം വിവിധ രോഗങ്ങളുടെ തടവറയിലായ ഗോകുല്‍രാജ് പ്രതികൂലസാഹചര്യങ്ങളോട് പടവെട്ടിയാണ് പ്ലസ്ടുവിന് മികച്ച വിജയം സ്വന്തമാക്കിയത്. സീറോഡെര്‍മ പിഗ്‌മെന്റോസം, ഫോട്ടോഫോബിയ, ഹൈപ്പര്‍ ഫ്‌ളെക്‌സിബിലിറ്റി തുടങ്ങിയ രോഗങ്ങളാണ് ഗോകുല്‍രാജിന്റെ സ്വപ്‌നങ്ങള്‍ക്ക് കരിനിഴലായത്.
അച്ഛന്‍ മരിച്ചതിനാല്‍ അമ്മ കൂലിപ്പണിയെടുത്താണ് ഗോകുല്‍രാജിനെ പഠിപ്പിച്ചത്. രോഗം അലട്ടുമ്പോഴും പഠനകാര്യത്തില്‍ ഉത്സാഹിയായ ഗോകുല്‍രാജിന്റെ കാര്യത്തില്‍ മാത്തില്‍ സ്‌കൂളിലെ അധ്യാപകരും സഹപാഠികളും പ്രത്യേക താത്പര്യമെടുത്തിരുന്നു. മികച്ച നിലയില്‍ വിജയിച്ചപ്പോള്‍ ബിരുദത്തിന് പഠിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഗോകുല്‍രാജ്. എന്നാല്‍, സര്‍വകലാശാല അധികൃതരുടെ കടുംപിടുത്തം മൂലമാണ് ബിരുദപഠനം നിഷേധിക്കപ്പെടുന്നത്.