കാശ്മീരില്‍ ആറാം ദിനവും പത്രങ്ങള്‍ മുടങ്ങി; അച്ചടി ഇന്ന് പുനരാരംഭിക്കും

Posted on: July 21, 2016 6:01 am | Last updated: July 20, 2016 at 11:42 pm
SHARE

srinagar-hindustan-kashmir-kashmir-leading-deserted-andrabi_d3262752-4d70-11e6-85e3-522dd231fa74ശ്രീനഗര്‍: കാശ്മീര്‍ താഴ്‌വരയില്‍ തുടര്‍ച്ചയായ ആറാം ദിവസവും പത്രങ്ങളുടെ അച്ചടി മുടങ്ങി. സംഘര്‍ഷത്തെ തുടര്‍ന്ന് താഴ്‌വരയില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാലാണ് പ്രാദേശിക പത്രങ്ങളുടെ അച്ചടി മുടങ്ങിയത്. അതേ സമയം, പത്രങ്ങള്‍ ഇന്ന് മുതല്‍ അച്ചടി പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അധ്യക്ഷതയില്‍ എഡിറ്റര്‍മാരുടെ യോഗം ഇന്നലെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് അച്ചടി പുനരാരംഭിക്കാന്‍ തീരുമാനമായത്. നിരോധമില്ലെന്ന് പറയുമ്പോഴും കഴിഞ്ഞ ദിവസം പോലീസ് നിര്‍ബന്ധിച്ച് ഒരു മാധ്യമസ്ഥാപനം അടപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സ്ഥാപനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട പത്ര ഉടമകള്‍ അച്ചടി നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
പത്രസ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി പ്രിന്റിംഗ് സാമഗ്രികള്‍ പിടിച്ചെടുക്കുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ഉണ്ടായതായി ഉടമകള്‍ ആരോപിച്ചു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ശനിയാഴ്ച അടിയന്തര യോഗം ചേര്‍ന്നാണ് കാശ്മീര്‍ താഴ്‌വരയിലെ പത്ര ഉടമകള്‍ പ്രസിദ്ധീകരണം നിര്‍ത്തുന്നതിന് തീരുമാനമെടുത്തത്. സര്‍ക്കാര്‍ പത്രസ്വാതന്ത്ര്യത്തിനു മേല്‍ കടന്നുകയറ്റം നടത്തുകയാണെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകരും കാശ്മീരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അതിനിടെ, ചൊവ്വാഴ്ച ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. ശ്രീനഗര്‍, ബുഡ്ഗാം ജില്ലാ മജിസ്‌ട്രേറ്റുകളും ബന്ധപ്പെട്ട മേഖലയില്‍ പത്രനിരോധമില്ലെന്ന് അറിയിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെയായി 43 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.