മൂന്ന് വര്‍ഷം മുമ്പ് മരിച്ച ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലം മാറ്റം; ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

Posted on: July 21, 2016 12:02 am | Last updated: July 20, 2016 at 11:39 pm
SHARE

seatമുംബൈ: മഹാരാഷ്ട്രയില്‍ മൂന്ന് വര്‍ഷം മുമ്പ് മരിച്ച എക്‌സൈസ് ഓഫീസര്‍ക്ക് ഈ മാസം സ്ഥലംമാറ്റ ഉത്തരവ് നല്‍കി. വിചിത്രമായ ഉത്തരവ് നല്‍കിയ എക്‌സൈസ് സൂപ്രണ്ട് ഓഫീസിലെ ക്ലര്‍ക്കിനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. 2013ല്‍ ജൂലൈയില്‍ കോലാപൂരില്‍ നിന്നും നാസിക്കിലേക്ക് പോകും വഴി റോഡപകടത്തില്‍ മരിച്ച എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് സബേലിനെയാണ് അധികൃതര്‍ ഈ മാസം ഏഴിന് നാസിക്കിലെ എക്‌സൈസ് ഫ്‌ളൈയിംഗ് സ്വകാഡിലെ സഹകരണ പഞ്ചസാര ഫാക്ടറിയിലേക്ക് സ്ഥലം മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ 181 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവിലാണ് വിവാദമായ സ്ഥലം മാറ്റം ഇടംപിടിച്ചത്. സന്ദീപ് സബേല്‍ അപകടത്തില്‍ മരിച്ച വിവരം എക്‌സൈസ് സുപ്രണ്ട് ഓഫീസ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് അധികൃതര്‍ക്ക് അമളി പറ്റിയത്. സംഭവത്തില്‍ സൂപ്രണ്ട് ഓഫീസിലെ ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലെജിസ്‌ലേറ്റീവ് കൗണ്‍സിലില്‍ കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ വിഷയം ഉന്നയിച്ചിരുന്നു.