ഉര്‍ദുഗാന്‍: തുര്‍ക്കി രാഷ്ട്രീയത്തിലെ ആധ്യാത്മിക സാന്നിധ്യം

Posted on: July 21, 2016 6:00 am | Last updated: July 20, 2016 at 11:30 pm
SHARE

urduganതുര്‍ക്കിയുടെ ചരിത്രത്തിന് കഥകളൊരുപാട് പറയാനുണ്ട്. ഇസ്‌ലാമിക അധ്യാത്മികതയുടെ, ധിഷണയുടെ, ഭരണ നേതൃത്വത്തിന്റെ കേന്ദ്രങ്ങളായിരുന്നു ഒരു കാലത്ത് തുര്‍ക്കി. 1924ല്‍ ഉസ്മാനിയ ഖിലാഫത്ത് ശിഥിലമാക്കുന്നത് മുതലാണ് തുര്‍ക്കിയുടെ അസ്തിത്വത്തെ മാറ്റിയ കാടന്‍ പരിഷ്‌കാരങ്ങളുമായി മുസ്തഫ കമാല്‍ പാഷ രംഗത്ത് വരുന്നത്. ഇസ്‌ലാമികമായ എല്ലാതരം നൈതികതയെയും പിഴുതെറിഞ്ഞ് മതത്തിന്റെ പ്രത്യക്ഷഭാവങ്ങള്‍ പോലും പൊതുഇടങ്ങളില്‍ നിന്ന് ഇല്ലാതാക്കാനായിരുന്നു കമാല്‍ പാഷയുടെ ഭരണശ്രമങ്ങള്‍.
കമാല്‍പാഷ രൂപപ്പെടുത്തിയ മതവിമുക്തമായ തുര്‍ക്കി എന്ന ആശയത്തില്‍ നിന്ന് ഇസ്‌ലാമിക ദര്‍ശനങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന വിധത്തിലേക്ക് തുര്‍ക്കിയിലെ രാഷ്ട്രീയം കുതറി മാറുന്നത് 1969കള്‍ മുതലാണ്. മില്ലി നിസാം പാര്‍ട്ടി(എം എന്‍ പി)യാണ് ഈ സ്വഭാവത്തോടെ ആദ്യം നിലവില്‍ വന്ന പ്രസ്ഥാനം. നഖ്ശബന്‍ദി ത്വരീഖത്തിന്റെ ആധ്യാത്മിക ധാരയാണ് ഈ പാര്‍ട്ടിയുടെ ആശയപരമായ രൂപവത്കരണത്തെ സ്വാധീനിച്ചത്. നഖ്ശബന്‍ദി ത്വരീഖത്തിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയല്‍ അറുപതുകളില്‍ സജീവമായി ഉണ്ടായിരുന്ന ശൈഖ് ഈസാ സാഹിദാണ് എം എന്‍ പിക്ക് ധാര്‍മികപരമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ശൈഖിന്റെ പ്രധാന ലക്ഷ്യം, മതമൂല്യങ്ങള്‍ നിര്‍ബന്ധിത മാര്‍ഗത്തിലൂടെ നിഷ്‌കാസനം ചെയ്യപ്പെട്ട തുര്‍ക്കിയില്‍ ഇസ്‌ലാമിക അധ്യാത്മികതയുടെ പ്രഭാവം വിപുലപ്പെടുത്തുക എന്നതായിരുന്നു. സെക്യുലര്‍ സിസ്റ്റത്തിന്റെ നന്മകളെ ഉള്‍കൊണ്ടുകൊണ്ടായിരുന്നു ഈ പ്രസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത്.
ഈയൊരു സാഹചര്യത്തിലാണ് ഉര്‍ദുഗാന്റെ മതകീയ നിലപാടുകളും രാഷ്രീയ നിലപാടുകളും രൂപപ്പെടുന്നതും സജീവമാകുന്നതും. 1954ല്‍ ജനിച്ച ഉറുദുഗാന്‍ 1980ല്‍ ഇസ്താംബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. വിദ്യാര്‍ഥി കാലത്തേ എം എന്‍ പിയില്‍ ഉര്‍ദുഗാന്‍ ആകൃഷ്ടനായി. 1970-71 കാലത്ത് എം എന്‍ പിയിലൂടെ കൗമാരഘട്ടങ്ങള്‍ ചിലവഴിച്ചു. എം എന്‍ പിയുടെ തുടര്‍ച്ചയില്‍ രൂപപ്പെട്ട മില്ലി സലാമത്ത് പാര്‍ട്ടിയിലും രിഫാ പാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിച്ചു.
1994ല്‍ രിഫാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇസ്താംബൂള്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉര്‍ദുഗാന്‍ മത്സരിച്ചു. മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. 1998 വരെ മേയറായി അദ്ദേഹം തുടര്‍ന്നു. 1998ല്‍ രാഷ്ട്രീയക്കാരനെ തേടി നടത്തിയ ഒരു പോളില്‍ ഏറ്റവുമധികം പേര്‍ പിന്തുണച്ചത് ഉര്‍ദുഗാനെയായിരുന്നു.
ഉര്‍ദുഗാനിലെ മതകീയ വ്യക്തിത്വത്തെ പഠിക്കുമ്പോള്‍ കൗതുകകരമായ അനേകം വസ്തുതകള്‍ കണ്ടെത്താനാവും. ഡോ. വെതിന്‍ ഹെപര്‍ തയ്യാറാക്കിയ കഹെമാ ങീറലൃിശ്യേ മിറ ഉലാീരൃമര്യ ശി രീിലോുീൃമൃ്യ ഠൗൃസല്യ എന്ന പഠനത്തില്‍ ഉര്‍ദുഗാനെ രൂപപ്പെടുത്തിയ നാല് ഘടകങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. പിതാവ്, ഇസ്താംബൂള്‍ പരിസരം, പ്രാഥമിക വിദ്യാലയത്തിലെ ഗുരു, സൂഫിസം. ഈ നാല് ഘടകങ്ങളില്‍ സൂഫിസത്തോടുള്ള താത്പര്യത്തെ സവിശേഷമായി അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ട്. കൗമാര കാലത്ത് നഖ്ശബന്ദി ശൈഖായ മഹ്മത് സാഹിതിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആധ്യാത്മിക സദസ്സുകളില്‍ ഉര്‍ദുഗാന്‍ നിരന്തരം പങ്കെടുക്കുമായിരുന്നു. 1980ലാണ് ഈ ശൈഖ് മരണപ്പെടുന്നത്. ആധ്യാത്മികതയുടെ പാരമ്പര്യം സജീവമായി നിലനിര്‍ത്തുമ്പോഴും തുര്‍ക്കിയിലെ രാഷ്ട്രീയത്തെ ക്രിയാത്മകമാക്കിയിരുന്നു അദ്ദേഹം. ഒരഭിമുഖത്തില്‍ സൂഫിസം തന്നെ എത്രമാത്രം അഗാധമായി സ്വാധീനിച്ചിട്ടുണ്ട് എന്ന് ഉര്‍ദുഗാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നഖ്ശബന്ദീ ശൈഖിന്റെ ആത്മീയ പിന്തുണ ഉള്ള ആ കാലത്തെ കോളജ് പഠന കാലത്തും സര്‍ഗാത്മക മത്സരങ്ങളിലും പഠനത്തിലും ഉര്‍ദുഗാന്‍ തിളങ്ങി നിന്നു. കവിതയോടുള്ള അനുരാഗം അന്ന് ഉര്‍ദുഗാനില്‍ സജീവമായിരുന്നു. സൂഫി സ്വാധീനമാണ് കവിതയുടെ ലോകത്തേക്ക് ഉര്‍ദുഗാനെ എത്തിക്കുന്നത്. 1973ല്‍ നടന്ന കവിതാപാരയണ മത്സരത്തില്‍ ഇസ്താംബൂളില്‍ നിന്നും അദ്ദേഹം ഒന്നാമതെത്തിയിട്ടുണ്ട്. കാവ്യ ഗുണമുള്ള പ്രഭാഷണങ്ങളും അദ്ദേഹത്തില്‍ നിന്നും ഉണ്ടാവാറുണ്ട്. പലപ്പോഴും ദൈവം അത്തരം വാക്യങ്ങളില്‍ കടന്നുവരും. ഉര്‍ദുഗാന്‍ പറഞ്ഞിട്ടുണ്ട്: ‘കണ്ണുകള്‍ മനുഷ്യനെ നോക്കുമ്പോള്‍ ദൈവത്തെക്കാണാന്‍ കഴിയുന്നില്ലെങ്കില്‍ ആ കണ്ണുകള്‍ അപൂര്‍ണമാണ്.’ സൂഫീദര്‍ശനത്തിന്റെ മധുരവും ആഴവും ഈ വാക്യത്തില്‍ പ്രകടം.
ആധ്യാത്മിക ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ ഉര്‍ദുഗാന്റെ പില്‍ക്കാലത്തെ ജീവിതത്തില്‍ സജീവമായി ഉണ്ടായിട്ടുണ്ട്. മതത്തെ ഉര്‍ദുഗാന്‍ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘മതം പ്രതിഫലിപ്പിക്കുന്നത് മനുഷ്യന്റെ സന്തോഷത്തെയാണ്. മനുഷ്യക്ഷേമം ഇസ്‌ലാമിന്റെ ലക്ഷ്യമാണെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്. സഹോദര മത സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സഹിഷ്ണുതാപരമായ സമീപനങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ഉര്‍ദുഗാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഏതു മതത്തില്‍ വിശ്വസിക്കുന്നവരാവട്ടെ, സഹിഷ്ണുതയും സ്‌നേഹവും ഹൃദയത്തില്‍ രൂപപ്പെടുമ്പോഴാണ് നല്ല പൗരന്മാര്‍ ഉണ്ടാവുന്നത്.
(തുടരും)