Connect with us

Editorial

അഴിമതിക്കഥകള്‍ പിന്നെയും

Published

|

Last Updated

മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കഥകള്‍ അവസാനിക്കുന്നില്ല. കമ്പനിയുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കേസുകള്‍ വിജിലന്‍സ് അന്വേഷിച്ചു കൊണ്ടിരിക്കെ പുതിയതൊന്നു കൂടി പുറത്തു വന്നിരിക്കുന്നു. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ എസ് ഐ ഡി സി)ഡയറക്ടറുടെ ഗള്‍ഫിലെ കമ്പനിയുമായി ക്ലിങ്കര്‍ (ചുണ്ടാമ്പുകല്ല്)ഇറക്കുമതിക്ക് കരാറുണ്ടാക്കിയതിലെ വെട്ടിപ്പിന്റെ കഥയാണിത്. കേന്ദ്ര പൊതമേഖലാ സ്ഥാപനമായ സിമന്റ് കോര്‍പറേഷനില്‍ നിന്ന് ടണ്ണിന് 2,600 രൂപക്ക് ക്ലിങ്കര്‍ ലഭിക്കുമെന്നിരിക്കെ 2000 രൂപ കൂടുതല്‍ നല്‍കിയാണ് 60 കോടി രൂപക്ക് ഒന്നേ മുക്കാല്‍ ലക്ഷം ടണ്‍ ക്ലങ്കര്‍ വന്‍വാങ്ങിയത്. കമ്പനിയുടെ ചേര്‍ത്തല പ്ലാന്റി ലേക്കെന്ന പേരിലാണ് ഇടപാട് നടത്തിയതെങ്കിലും ഏറിയ പങ്കും വാളയാറിലെ പ്ലാന്റിലാണ് എത്തിച്ചത്. മലബാര്‍ സിമന്റ്‌സിന് വളയാറില്‍ സ്വന്തമായി ക്ലിങ്കര്‍ ഖനിയുണ്ടെന്നിരിക്കെ ഇവിടേക്ക് പുറത്തുനിന്ന് കൊണ്ടുവരേണ്ടതില്ല. വാളയാര്‍ പ്ലാന്റില്‍ ആവശ്യമുള്ളതിലുമപ്പുറം ഈ ഖനിയില്‍ നിന്ന് ലഭിക്കും. ഇവിടെ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ ടണ്ണിന് 5000 രൂപ കൂടുതല്‍ വരും ഇറക്കുമതി ക്ലിങ്കറിന്. മാത്രമല്ല, കൊച്ചി തുറമുഖത്താണ് ക്ലങ്കര്‍ ഇറക്കുന്നത്. അവിടെ നിന്ന് വാളയാറിലെത്തിക്കാന്‍ ഗതാഗതച്ചെലവ് വേറെയും. ഇതുവഴി കമ്പനിക്ക് ദശകോടികളാണ് നഷ്ടമായത്. വന്‍ അഴിമതി നടന്നിട്ടുണ്ട് ഈ ഇടപാടിലെന്നാണ് വിശ്വസിക്കപ്പെടുന്നത്.
വിവിധ ഇടപാടുകളില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച ആറ് കേസുകള്‍ ഇതിനകം വിജിലന്‍സ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫ്‌ളൈ ആഷ് വാങ്ങിയതിലുള്ള ക്രമക്കേട്, ചില ജില്ലകളിലെ ഡീലര്‍മാര്‍ക്ക് പ്രത്യേക ഇളവ് നല്‍കിയതിലൂടെ സംഭവിച്ച നഷ്ടം, 2014-15 കാലത്ത് ക്ലിങ്കര്‍ ഇറക്കുമതി ചെയ്തതില്‍ 5.49 കോടി രൂപ നഷ്ടമായത്, നിയമസഭാ ഉപസമിതിയുടെ നിര്‍ദേശം മറികടന്ന് സിമന്റ് സംഭരണത്തിന് വെയര്‍ ഹൗസിംഗ് കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാറില്‍ 2.3 കോടി നഷ്ടമായത്, നിലവാരം കുറഞ്ഞ കല്‍ക്കരി വാങ്ങിയതും സ്റ്റോക്ക് ചെയ്ത ഫ്‌ളൈ ആഷ് യഥാസമയം ഉപയോഗിക്കാത്തിനെ തുടര്‍ന്ന് 18.77 കോടി നഷ്ടമായത് തുടങ്ങിയവയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. എം ഡി പത്മകുമാര്‍, മുന്‍ എം ഡി സുന്ദര മൂര്‍ത്തി, ഡെപ്യൂട്ടി മാനേജര്‍ ജി നമശ്ശിവായം, ഡെപ്യൂട്ടി മാനേജര്‍ മുരളീധരന്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ എം വേണുഗോപാല്‍, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, വ്യവസായി വി എം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രതികളാണ്.
ചില കേസുകളില്‍ കോടതി കഴിഞ്ഞ വര്‍ഷം ത്വരിത പരിശോധനക്ക് ഉത്തരവിടുകയും പാലക്കാട് വിജിലന്‍സ് അന്വേഷണം നടത്തി പ്രഥമ ദൃഷ്ട്യാ കേസെടുക്കാന്‍ തെളിവുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതാണ്. എന്നാല്‍ തുടര്‍ നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഫയല്‍ മാറ്റിവെക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഇടപടലിനെ തുടര്‍ന്നാണ് കേസുകളില്‍ അടുത്തിടെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തയ്യാറായത്. ഇതു സംബന്ധിച്ചു രൂക്ഷമായ വിമര്‍ശനമാണ് രണ്ടാഴ്ച മുമ്പ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. മലബാര്‍ സിമന്റ്‌സ് കേസുകളില്‍ വിജിലന്‍സ് അന്വേഷണം വെറും പ്രഹസനമായി മാറിയെന്നു കുറ്റപ്പെടുത്തിയ കോടതി, രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോയെന്നും ചോദിക്കുകയുണ്ടായി. വിജിലന്‍സിന്റെ നിലവിലെ അന്വേഷണ രീതി സാധാരണക്കാര്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസ്യത ഇല്ലാതാക്കുമെന്നും കോടതി ഉണര്‍ത്തി. ഇതുസംബന്ധിച്ചു ഇപ്പോള്‍ നടക്കുന്ന അന്വേഷണം നീതിയുക്തമായിരിക്കണമെന്ന് കോടതി വിജലന്‍സിനെ പ്രത്യേകം ഉണര്‍ത്തുകയുണ്ടായി.
മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസുകള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു വരികയും രാഷ്ട്രീയ വൃത്തങ്ങളുമായി അടുത്ത ബന്ധമുള്ള വി എം രാധാകൃഷ്ണന്‍ പ്രതികളില്‍ ഉള്‍പ്പെടുകയും ചെയ്തതോടെ അന്വേഷണം മരവിക്കുകയായിരുന്നു. ഇടക്കാലത്ത് കമ്പനി സെക്രട്ടറിയും ഇന്റേണല്‍ ഓഡിറ്ററുമായിരുന്ന വി ശശീന്ദ്രനന്‍ കൊല്ലപ്പെട്ടത് ഈ കേസുമായി ബന്ധപ്പെട്ടാണെന്ന ആരോപണവും ഉയര്‍ന്നു. അതിനിടെ കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ട ശശീന്ദ്രന്റെ കുടുംബമാണ് ഹൈക്കോടതില്‍ ഹരജി നല്‍കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമവും നടത്തി. കോടതിയാണ് അത് തടഞ്ഞത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റിയും അന്വേഷണം മരവിപ്പിക്കാനുള്ള നീക്കങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിലായിരിക്കണം അന്വേഷണം നീതിയുക്തമായിരിക്കണമെന്ന് കോടതി പ്രത്യേകം ഉണര്‍ത്തിയത്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കേസില്‍ വിജിലന്‍സിന്റെ അന്വേഷണം എത്രത്തോളം ഫലപ്രദമാകും?

Latest