ക്രിക്കറ്റ് പിച്ചില്‍ സുപ്രീം കോടതിയുടെ അമ്പയറിംഗ്

ലോധകമ്മീഷന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് ഒമ്പതംഗ ഉന്നതാധികാര സമിതിയെന്നത്. ഇതില്‍തന്നെ ക്രിക്കറ്റ് താരങ്ങള്‍, സി എ ജി പ്രതിനിധി എന്നിവര്‍ വരേണ്ടതുണ്ട്. സി എ ജിയുടെ സാന്നിധ്യം ബോര്‍ഡിന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കും. താരങ്ങളുടെ സാന്നിധ്യം ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് ബലമേകുന്നതാകും. നിലവില്‍ രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും സാന്നിധ്യം ബോര്‍ഡിനെ സ്വജനപക്ഷപാതത്തിലേക്കും അഴിമതിയിലേക്കും നയിക്കുന്നു എന്നതാണ് ഇത്തരമൊരു നിര്‍ദേശത്തിന് പിന്നില്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബി സി സി ഐ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം, ഓരോ സംസ്ഥാനത്തിനും ഒരു വോട്ട് എന്നിവ നടപ്പാകുന്നതോടെ കാലങ്ങളായി പ്രബലശക്തികളായി വിലസിയിരുന്ന ഗുജറാത്ത്, മഹാരാഷ്ട്ര അസോസിയേഷനുകളുടെ ബോര്‍ഡിലെ ശക്തി ക്ഷയിക്കും.
Posted on: July 21, 2016 6:00 am | Last updated: July 20, 2016 at 11:26 pm
SHARE

ഏറെക്കാലത്തെ നിയമ ചര്‍ച്ചകളും ബി സി സി ഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ)യുടെ കടുത്ത എതിര്‍പ്പും അവസാനിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഭരണം കൂടുതല്‍ സുതാര്യമാക്കുന്നതിനു വേണ്ടി നിയമിച്ച ജസ്റ്റിസ് ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചിരിക്കുകയാണ്. ചുരുക്കം ചില നിര്‍ദേശങ്ങളൊഴിച്ച് ബാക്കിയെല്ലാം അംഗീകരിച്ച കോടതി നടപടി കോഴ ആരോപണങ്ങളും അധികാരത്തിനു വേണ്ടിയുള്ള മസില്‍പിടുത്തങ്ങളും മൂലം കളങ്കിതമായിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഭരണരംഗം സമുദ്ധരിക്കുമെന്നാണ് കായികപ്രേമികളും വിദഗ്ധരും കരുതുന്നത്. ഇതില്‍ പല നിര്‍ദേശങ്ങളും നിലവില്‍ ബി സി സി ഐയുടെ നടത്തിപ്പില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താന്‍ ഉതകുന്നതാണ്. എടുത്തുപറയാവുന്ന കാര്യം ബി സി സി ഐ എന്നത് ചോദ്യം ചെയ്യാന്‍ പറ്റാത്ത എന്തോ ഒരു സംഭവമാണെന്ന ചിലരുടെ ധാരണകളുടെ പൊളിച്ചെഴുത്താണ്. കായികസംഘടന എന്ന നിലയില്‍ സര്‍ക്കാറില്‍ നിന്നും പല ഇളവുകളും ലഭിക്കുന്നുണ്ടെങ്കിലും കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത രീതിയില്‍ ബി സി സി ഐ വളര്‍ന്നിരുന്നു എന്നതാണ് സത്യം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ബി സി സി ഐയെ പിണക്കാന്‍ അതിലെ രാഷ്ട്രീയസാന്നിധ്യം പാര്‍ട്ടികള്‍ക്ക് വിഘാതമായിരുന്നു. അതിനെയാണ് യഥാര്‍ഥത്തില്‍ സുപ്രീം കോടതി പിടിച്ചുകെട്ടുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തിനകം നിരവധി തവണ ബി സി സി ഐക്ക് കോടതികളുടെ ‘അടികള്‍’ ഏറ്റുകൊണ്ടിരിക്കുകയാണ്. കടുത്ത വേനലില്‍ കോടിക്കണക്കിന് ലിറ്റര്‍ വെള്ളം പിച്ച് നനയ്ക്കാന്‍ വേണ്ടി ചെലവാക്കി ഐ പി എല്‍ മത്സരങ്ങള്‍ മുംബൈയില്‍ നടത്തുന്നതിനെതിരെ ചില സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കോടതി നടത്തിയ പരാമര്‍ശങ്ങളും അതിനെത്തുടര്‍ന്ന് മുംബൈയില്‍ നിന്ന് മത്സരങ്ങള്‍ മാറ്റേണ്ടിവന്നതും ബി സി സി ഐയെ സംബന്ധിച്ചിടത്തോളം വന്‍ അടിയായിരുന്നു. ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ബോര്‍ഡ് നിരത്തിയ എല്ലാ ന്യായങ്ങളും ‘സ്‌ട്രൈറ്റ് ഡ്രൈവി’ലൂടെ സിക്‌സറിനു പറത്തിയിരിക്കുകയാണ് സുപ്രീം കോടതി.
ഇന്ത്യന്‍ ക്രിക്കറ്റില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ കാരണമാകുമെന്ന കാര്യം ഉറപ്പാണ്. ആറു മാസത്തിനകം നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന പറഞ്ഞ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് എഫ് എം ഐ ഖലിഫുല്ല എന്നിവരുള്‍പ്പെട്ട ബെഞ്ച് അതിന്റെ മേല്‍നോട്ടം മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ, മുന്‍ ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, അശോക് ഭാന്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷനു തന്നെ നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഫയലില്‍ മാത്രം കിടക്കുന്ന സാധാരണ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പോലെ ആകില്ല ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാവിയെന്ന് വിശ്വസിക്കാം. റിപ്പോര്‍ട്ട് സമര്‍പ്പിച്ചവര്‍ക്ക് അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം നല്‍കുക വഴി അക്കാര്യംകൂടി സുപ്രീം കോടതി ഉറപ്പുവരുത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ റിപ്പോര്‍ട്ട് അംഗീകരിച്ചയുടനെ തന്നെ ക്രിക്കറ്റ് ഭരണരംഗത്ത് ഇരട്ടപ്പദവിയുള്ളവരും 70 വയസ്സ് കഴിഞ്ഞവരും രാജിവെക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
പ്രസക്തമായ
ചോദ്യവും മറുപടിയും
വളരെ പ്രസക്തമായ ചോദ്യമാണ് ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ബി സി സി ഐ ചോദിച്ചത്. എന്തിനാണ് ക്രിക്കറ്റിന് മാത്രം ഇത്തരം നിയന്ത്രണങ്ങള്‍ എന്നതായിരുന്നു അത്. എന്നാല്‍ അതിന് കോടതി നല്‍കിയ മറുപടി അതിലുമേറെ പ്രസക്തമായിരുന്നു. ക്രിക്കറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ കായിക വിനോദം എന്നതിനപ്പുറം വലിയൊരു സാമ്പത്തിക ക്രയവിക്രയ മേഖലയാണെന്നതാണ് സുപ്രീം കോടതിയുടെ വിശദീകരണം. നിലവില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് സംഘടനയാണ് ബി സി സി ഐ. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ (ഐ സി സി യെ) പോലും നിയന്ത്രിക്കാന്‍ ശക്തമാണ് ബി സി സി ഐ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്നിവര്‍ ഐ സി സി യിലെ പ്രമുഖരാണെങ്കിലും ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള വന്‍വിപണി സാധ്യതകളാണ് ബി സി സി ഐയെ ശക്തരായി നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണതലത്തില്‍ ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വരുത്തുന്ന മാറ്റം അന്താരാഷ്ട്ര ക്രിക്കറ്റിനെ തന്നെ മാറ്റങ്ങള്‍ക്ക് വിധേയമാക്കും.
പണം കായ്ക്കുന്ന മരം
ക്രിക്കറ്റ് ഒരു കായികയിനം എന്നതിലുപരി അതൊരു പണമുണ്ടാക്കാനുള്ള വഴിയും അതുപോലെ തന്നെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു ഇടവുമായി കണ്ടുള്ള ചില വന്‍ ശക്തികളുടെ ഇടപെടലുകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് രംഗം ഇത്ര അധഃപതിക്കാനിടയാക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ പി എല്‍) ആവിര്‍ഭാവത്തോടു കൂടി ഇന്ത്യയില്‍ ക്രിക്കറ്റ് എന്നത് സാമ്പത്തിക ചൂതാട്ടത്തിനുള്ള ഒരു വേദിയായി മാറിയതോടെയാണ് ക്രിക്കറ്റ് ഭരണരംഗം ചര്‍ച്ചാവിഷയമായത്. 2013ല്‍ ഐ പി എല്‍ വാതുവെപ്പ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ലോധ കമ്മീഷന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ക്രിക്കറ്റ് ഭരണരംഗം പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കമ്മീഷനായി പ്രവര്‍ത്തിക്കാന്‍ കോടതി സുപ്രീം കോടതി ജസ്റ്റിസ് ലോധയെ നിയമിക്കാനിടയാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഐ പി എല്‍ വരുത്തിവെച്ച കോഴക്കളിയാണ് യഥാര്‍ഥത്തില്‍ ഇത്തരമൊരു കമ്മീഷനിലേക്കും ക്രിക്കറ്റ് രംഗം മൊത്തം ഉടച്ചുവാര്‍ക്കുന്ന നിര്‍ദേശങ്ങളിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. വരുമാനം വര്‍ധിപ്പിക്കാന്‍ വിശ്രമമില്ലാത്ത മത്സരക്രമത്തിന് താരങ്ങളെ നിര്‍ബന്ധിക്കുന്ന അവസ്ഥയിലേക്കാണ് ഇപ്പോള്‍ ബി സി സി ഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ പല പ്രമുഖ താരങ്ങളും പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. ടി20 വേള്‍ഡ് കപ്പ്, ഐ പി എല്‍ അതുകഴിഞ്ഞ് ഇപ്പോള്‍ വിന്‍ഡീസ് പര്യടനം, അതിനുശേഷം കുറഞ്ഞഓവര്‍ മത്സരം സംഘടിപ്പിക്കാനുള്ള ബി സി സി ഐ നീക്കമാണ് താരങ്ങളുടെ എതിര്‍പ്പിന് പ്രേരകമാകുന്നത്. ക്രിക്കറ്റിന് ഫുട്‌ബോളിനോളം വേരോട്ടമില്ലാത്ത കേരളത്തില്‍ പോലും ബി സി സി ഐ സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കുന്ന ഫണ്ടിനെച്ചൊല്ലി പടലപ്പിണക്കങ്ങള്‍ നാം കണ്ടതാണ്. കൂടുതല്‍ സമയം പരസ്യങ്ങള്‍ക്കായി ലഭിക്കുന്നുവെന്നത് വന്‍കിട സ്‌പോര്‍ട്‌സ് ചാനലുകളെ ക്രിക്കറ്റ് മത്സരങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്യുന്നതിനായി മത്സരിപ്പിക്കുകയാണ്. ഈ ലൈവ് കവറേജാണ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കുന്ന ഘടകം.
സെഞ്ച്വറി വേണ്ട; സെവന്റി മതി
ക്രിക്കറ്റ് മത്സരത്തില്‍ സെഞ്ച്വറി നേടുക വളരെ ആവേശകരമാണെങ്കിലും ക്രിക്കറ്റ് ഭരണത്തിലിരുന്ന് ‘സെഞ്ച്വറി’ തികയ്ക്കാനുള്ള ചിലരുടെയൊക്കെ മോഹങ്ങള്‍ ‘ബൗണ്ടറി’ കടത്തലാണ് 70 വയസ്സ് കഴിഞ്ഞവര്‍ ബി സി സി ഐ തലപ്പത്ത് വരാന്‍ പാടില്ലെന്ന നിര്‍ദേശം വഴി സംഭവിക്കുന്നത്. ഇതുവഴി ഇന്ത്യന്‍ ക്രിക്കറ്റ് അടക്കിവാഴുന്ന ശരത്പവാര്‍, ശ്രീനിവാസന്‍ എന്നിവര്‍ക്ക് പുറത്തേക്കുള്ള വഴികാട്ടുകയാണ് സുപ്രീം കോടതി. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി നിരഞ്ജന്‍ ഷായും ഇതുമൂലം പുറത്തേക്കുള്ള വഴിയില്‍ തന്നെയാണ്. ഐ പി എല്‍ കോഴ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ കോടതി പരാമര്‍ശങ്ങളെത്തുടര്‍ന്ന് ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ടി വന്ന ശ്രീനിവാസന് സംസ്ഥാന ഭരണത്തില്‍നിന്നും ‘ഔട്ട്’ വിളിച്ചിരിക്കുകയാണ്. ഇരട്ടപ്പദവി ഒഴിവാക്കുന്നതിലൂടെ ബി സി സി ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, ബി സി സി ഐ ട്രഷറര്‍ അനിരുദ്ധ ചൗധരി, സെക്രട്ടറിമാരായ അജയ്ഷിര്‍കെ, അമിതാഭ് ചൗധരി എന്നിവര്‍ക്കും സംസ്ഥാന അസോസിയേഷനുകളിലുള്ള പദവികള്‍ ഒഴിയേണ്ടിവരും.
താരങ്ങള്‍ അധികാരത്തിലേക്ക്
കമ്മീഷന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് വര്‍ക്കിംഗ് കമ്മിറ്റിക്ക് പകരം ഒമ്പതംഗ ഉന്നതാധികാര സമിതിയെന്നതാണ്. ഇതില്‍തന്നെ ക്രിക്കറ്റ് താരങ്ങള്‍, കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലുടെ (സി എ ജി) പ്രതിനിധി എന്നിവര്‍ അംഗങ്ങളായി വരേണ്ടതുണ്ട്. സി എ ജിയുടെ സാന്നിധ്യം ബോര്‍ഡിന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിന് വഴിതെളിയിക്കും. ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യം ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് ബലമേകുന്നതാകും. നിലവില്‍ രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും സാന്നിധ്യം ബോര്‍ഡിനെ സ്വജനപക്ഷപാതത്തിലേക്കും അഴിമതിയിലേക്കും നയിക്കുന്നു എന്നതാണ് കമ്മീഷന്റെ ഇത്തരമൊരു നിര്‍ദേശത്തിന് പിന്നില്‍. ഉന്നതാധികാര സമിതിയില്‍ വനിതാ താരത്തിനും പ്രാധിനിധ്യമുണ്ടാകും. ബി സി സി ഐയെ വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരിക, ക്രിക്കറ്റ് വാതുവെപ്പ് നിയമാനുസൃതമാക്കുക എന്നീ ശുപാര്‍ശകള്‍ സുപ്രീം കോടതി പാര്‍ലമെന്റിന്റെ പരിഗണനയിലേക്ക് വിട്ടിരിക്കുകയാണ്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ബി സി സി ഐ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം, ഓരോ സംസ്ഥാനത്തിനും ഒരു വോട്ട് എന്നിവ നടപ്പാകുന്നതോടെ കാലങ്ങളായി പ്രബലശക്തികളായി വിലസിയിരുന്ന ഗുജറാത്ത്, മഹാരാഷ്ട്ര അസോസിയേഷനുകളുടെ ബോര്‍ഡിലെ ശക്തി ക്ഷയിക്കും. നിലവില്‍ ഒരു സംസ്ഥാനത്ത് തന്നെ വിവിധ അസോസിയേഷനുകളുടെ പേരില്‍ ഒന്നിലധികം വോട്ടുകള്‍ കരസ്ഥമാക്കി തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ബി സി സി ഐയെ ഉപയോഗിച്ച ലോബികള്‍ക്കുള്ള കനത്ത തിരിച്ചടി കൂടിയാണ് ഇത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇതുവരെ ബോര്‍ഡ് ഭരിച്ചിരുന്നവരുടെ ഇഷ്ടക്കാരും അവരുടെ താത്പര്യക്കാരും ബി സി സി ഐയിലും സംസ്ഥാന അസോസിയേഷനിലും ബാക്കിയാകുമെന്നത് കൊണ്ട് ശുദ്ധീകരണ പ്രക്രിയയുടെ പൂര്‍ണതക്ക് കാലങ്ങള്‍ എടുക്കുമെന്നത് തീര്‍ച്ചയാണ്.