സഭയില്‍ രാഹുല്‍ ഗാന്ധി ഉറങ്ങുകയായിരുന്നില്ല, കണ്ണടച്ച് ഇരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്

Posted on: July 20, 2016 9:09 pm | Last updated: July 20, 2016 at 9:12 pm
SHARE

RAHUL GANDHI SLEEPINGന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉറങ്ങുകയായിരുന്നില്ല. കണ്ണടച്ച് ഇരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്. ഗുജറാത്തില്‍ ദളിത് യുവാക്കള്‍ക്കെതിരായ അക്രമവും ഇതിനെ തുടര്‍ന്നുള്ള പ്രതിഷേധവും ചര്‍ച്ച ചെയ്യവേ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഉറങ്ങിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് വിശദീകരണവുമായി കോണ്‍ഗ്രസ് എംപി രേണുക ചൗധരി രംഗത്ത് വന്നു. സഭയില്‍ ഇത്രയും വലിയ ബഹളത്തിനിടയില്‍ എങ്ങനെ ഒരാള്‍ക്ക് ഉറങ്ങാന്‍ കഴിയുമെന്ന് രേണുക ചൗധരി ചോദിച്ചു.

പുറത്ത് ഭയങ്കര ചൂടാണ്. അദ്ദേഹം കണ്ണുകള്‍ക്ക് വിശ്രമം നല്‍കുകയായിരുന്നുവെന്നും രേണുക ചൗധരി പറഞ്ഞു. ഞങ്ങള്‍ അകത്ത് കയറിയാല്‍ അല്‍പ്പനേരം കണ്ണടച്ച് ഇരിക്കാറുണ്ട്. ഇതെങ്ങനെ ഉറക്കമാവുമെന്ന് രേണുക ചൗധരി ചോദിച്ചു. ഗൗരവമുള്ള വേറെ വിഷയങ്ങളുള്ളപ്പോള്‍ ഇത്തരം നിസാര കാര്യങ്ങള്‍ എന്തിന് ചര്‍ച്ച ചെയ്യുന്നുവെന്നും രേണുക ചോദിച്ചു.

ചര്‍ച്ചക്കിടെ ഉറങ്ങിയ രാഹുലിനെ ബി.എസ്.പി നേതാവ് മായാവതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗൗരവമുള്ള വിഷയങ്ങളെ രാഹുല്‍ എത്ര അലംഭാവത്തോടെയാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് മായാവതി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ദളിത് വിഷയം ഉയര്‍ത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണെന്നും മായാവതി കുറ്റപ്പെടുത്തി.