അഴിമതി കര്‍ശനമായി തടയുന്നതിന് ഓഡിറ്റ് ബ്യൂറോക്ക് കൂടുതല്‍ അധികാരങ്ങള്‍

Posted on: July 20, 2016 7:22 pm | Last updated: July 20, 2016 at 7:22 pm
SHARE

ദോഹ: രാജ്യത്തെ പൊതു സേവനങ്ങളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അഴിമതിയും കൈക്കൂലിയും കര്‍ശനമായി നിയന്ത്രിക്കുന്നതന് നിയമം കര്‍ക്കശമാക്കുന്നു. ഓഡിറ്റ് ബ്യൂറോക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടാണ് നടപടി ശക്തപ്പെടുത്തുന്നത്. ഇതു സംബന്ധിച്ച് തയാറാക്കിയ കരട് നിയമം കഴിഞ്ഞ ദിവസം ശൂറാ കൗണ്‍സില്‍ അംഗീകരിച്ചു.
ഓഡിറ്റ് ബ്യൂറോക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സാമ്പത്തിക അവകാശവും നല്‍കിക്കൊണ്ടുള്ള നിയമത്തിനാണ് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് പെനിന്‍സുല പത്രം റിപ്പോര്‍ട്ട് ചെയ്തു. ഓഡിറ്റ് ബ്യൂറോ അമീറിന്റെ നേരിട്ട് കീഴിലാണ് പ്രവര്‍ത്തിക്കുക. ഇടനിലക്കാരെയെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ഓഡിറ്റ് ബ്യൂറോ നിലവില്‍ കൊണ്ടുവരുന്നതിന് നേരത്തേ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
തയാറാക്കിയ നിയമം അനുസരിച്ച് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഓഡിറ്റ് ബ്യൂറോക്ക് അധികാരം നല്‍കുന്നുണ്ട്. മന്ത്രാലയങ്ങള്‍ക്കു പുറമേ ബേങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം പരിശോധന നടത്താന്‍ ബ്യൂറോക്ക് അധികാരമുണ്ടാകും.
അതേസമയം പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നടപടികള്‍ക്കായി ശിപാര്‍ശ ചെയ്യാന്‍ മാത്രമാണ് ബ്യൂറോക്ക് അധികാരം ശിക്ഷ വിധിക്കാന്‍ അധികാരമുണ്ടാകില്ല. ഓഡിറ്റില്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്നിലോ മാധ്യമങ്ങള്‍ക്കു മുന്നിലോ വെളിപ്പെടുത്തുന്നതും വിലക്കുന്നു. പൊതുമുതല്‍ ദുര്‍വിനിയോഗമോ സാമ്പത്തിക ക്രമക്കേടോ അല്ലാത്ത കണ്ടെത്തലുകളായാലും പരസ്യപ്പെടുത്തുക പാടില്ല. എന്നാല്‍ അതിലെ രഹസ്യമാക്കി വെക്കേണ്ട ഭാഗങ്ങള്‍ മാറ്റിയ ശേഷം കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ ബ്യൂറോക്ക് അധികാരം നല്‍കുന്ന ഭേദഗതി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പൊതു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിന് ബ്യൂറോയുടെ പ്രവര്‍ത്തനം വലിയ ഫലം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഗൗരവവും ഉത്തരവാദിത്തവും കൊണ്ടുവരുന്നതിനാണ് ഓഡിറ്റ് ബ്യൂറോ അധികാരങ്ങളില്‍ ഭേദഗതി കൊണ്ടു വരുന്നതെന്ന് നേരത്തേ ബ്യൂറോവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
വിവരങ്ങല്‍ ചോഗിച്ചാല്‍ നല്‍കുക പോലും ചെയ്യാതെയാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ സൂചിപ്പിച്ചു. വേനല്‍ക്കാലത്ത് പിരിയുന്നതിനു മുമ്പ് ചേര്‍ന്ന ശൂറ കൗണ്‍സില്‍ പരഗിണിച്ച അവാസനത്തെ നിയമ നിര്‍മാണ രേഖയായിരുന്നു ഇത്.