280,000 വിശുദ്ധ ഖുര്‍ആന്‍ പ്രതികള്‍ വിദേശരാജ്യങ്ങളില്‍ വിതരണം ചെയ്തു

Posted on: July 20, 2016 7:16 pm | Last updated: July 25, 2016 at 7:20 pm
SHARE

31809313ദോഹ: ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വിസ് (റാഫ്) വിദേശ രാജ്യങ്ങളില്‍ 2,80,000 വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്തു. ഫിലിപ്പൈന്‍സ്, നൈജര്‍, സിയറ ലിയോണ്‍ എന്നിവിടങ്ങളിലാണ് ഖുര്‍ആന്‍ വിതരണം നടത്തിയത്.
സിയറ ലിയോണില്‍ മാത്രം 1,20,000 കോപ്പികള്‍ വിതരണം ചെയ്തുവെന്ന് റാഫ് അറിയിച്ചു. ഇത്തിഹാദു ദഅ്‌വത്തുല്‍ മുസ്‌ലിമീന്‍ എന്ന പ്രാദേശിക സംഘടനയുമായി സഹകരിച്ചാണ് ഖുര്‍ആന്‍ വിതരണം നടത്തിയത്. ശേഷിക്കുന്ന കോപ്പികള്‍ ഫിലിപ്പൈന്‍സ്, നൈജര്‍ എന്നീ രാജ്യങ്ങളിലേക്കു നല്‍കി.
അതിനിടെ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയുള്‍പ്പെടെ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട് റാഫും വിവിധ പ്രസാധകരുമായി കരാര്‍ ഒപ്പിട്ടു. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, സ്വാഹിലി, ചൈനീസ്, ഫിലിപ്പിനോ ഭാഷകളില്‍ 1,20,000 പ്രതികള്‍ അച്ചടിക്കുന്നതിനാണ് കരാറായത്. ഇംഗ്ലീഷിലും ഫ്രഞ്ച് ഭാഷകളിലുമായി 25,000 കോപ്പികളും സ്പാനിഷ്, സ്വാഹിലി പരിഭാഷകളോടെ 22,000 കോപ്പികളും ഫിലിപ്പിനോ ഭാഷയില്‍ 21,000 കോപ്പിയും ചൈനീസില്‍ അയ്യായിരം കോപ്പിയും അച്ചടിക്കാനാണ് ധാരണയിലെത്തിയത്. വിശുദ്ധ ഖുര്‍ആന്‍ അച്ചടിക്കുന്നതിനുള്ള മദീനയിലെ കിംഗ് ഫഹദ് പ്രിന്റിംഗ് കോംപ്ലക്‌സിന്റെ അംഗീകാരമുള്ള സഊദി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് വിഭാഗമായ ദാറുസ്സലാം വിതരണം ചെയ്യുന്ന മാതൃകയിലായിരിക്കും ഖുര്‍ആന്‍ പതിപ്പുകള്‍ അച്ചടിക്കുകയെന്ന് റാഫ് അറിയിച്ചു.
പരിഭാഷകളോടെയുള്ള പത്തുലക്ഷം വിശുദ്ധ ഖുര്‍ആന്‍ പതിപ്പുകള്‍ 50 രാജ്യങ്ങളിലായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമാണിത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 4,90,00 കോപ്പികളാണ് അച്ചടിച്ച് വിതരണം ചെയ്യുക. ഖത്വര്‍ ഔഖാഫ് മന്ത്രാലയത്തിന്റെയും സാംസ്‌കാരികകായിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി. ഒരു കോടി ഖത്വര്‍ റിയാലാണ് പദ്ധതിയുടെ പ്രാരംഭ ചെലവ് കണക്കാക്കുന്നത്. ഖത്വരി പൗരന്മാരും പ്രവാസികളും നല്‍കുന്ന സംഭാവനയില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുക. ദരിദ്ര രാജ്യങ്ങളില്‍ വര്‍ധിച്ചു വരുന്ന വിശുദ്ധ ഖുര്‍ആന്റെ ആവശ്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചില രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ കിട്ടാനില്ലെന്നു മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് സംരംഭത്തിനു തുടക്കമിട്ടത്.