ഒമാനില്‍ ക്രൂഡ്ഓയില്‍ ഉല്‍പാദനത്തില്‍ വര്‍ധനവ്

Posted on: July 20, 2016 5:38 pm | Last updated: July 20, 2016 at 5:38 pm
SHARE

OILമസ്‌കത്ത്: സുല്‍ത്താനേറ്റിന്റെ പ്രതിദിന ക്രൂഡ് ഓയില്‍ ഉല്‍പാദനം 10 ലക്ഷം ബാരലിന് മുകളിലെത്തി. 10,12,321 ബാരലാണ് ഒരു ദിവസം ഉല്‍പാദിപ്പിക്കുന്നത്. പ്രതിമാസം മൂന്ന് കോടിയിലധികം ബാരലുകളാണ് ഒമാന്‍ എണ്ണ വിപണിക്ക് സമ്മാനിക്കുന്നത്. അതായത് 3,036,9,640 ബാരലുകള്‍. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തെ കണക്ക് പ്രകാരമാണിത്. മെയ് മാസത്തെക്കാള്‍ 1.25 ശതമാനത്തിന്റെവളര്‍ച്ചയാണിതില്‍ നേടിയിരിക്കുന്നതെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം പുറത്ത്‌വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

2,66,98,224 ബാരല്‍ ക്രൂഡോയിലാണ് ജൂണില്‍ രാജ്യം കയറ്റുമതി ചെയ്തത്. പ്രതിദിനം 889,941 ബാരല്‍ വരുമിത്. തൊട്ട് മുന്‍ മാസത്തെ അപേക്ഷിച്ച് 2.41 ശതമാനത്തിന്റെ വര്‍ധനവ് കയറ്റുമതിയിലുംകൈവരിച്ചിട്ടുണ്ട്.
ഒമാനില്‍ നിന്ന് ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. ജൂണില്‍ ചൈനയിലേക്കുള്ള ഒമാന്റെ കയറ്റുമതി മൊത്തം കയറ്റുമതിയുടെ 84.84 ശതമാനമാണ്.

തൊട്ട് മുന്‍ മാസത്തെക്കാള്‍ 22.41 ശതമാനത്തിന്റെ വര്‍ധനവോടെയാണീ നിലയിലെത്തിയിരിക്കുന്നത്. തായ്‌വാനിലേക്കുള്ള കയറ്റുമതിയും ഈ കാലയളവില്‍ 4.16 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ജപ്പാനിലേക്കും തെക്കന്‍ കൊറിയയിലേക്കുമുള്ള കയറ്റുമതിയില്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. യഥാക്രമം 3.46 ശതമാനവും 1.88 ശതമാനവും കുറഞ്ഞ കയറ്റുമതിയാണ് ജൂണില്‍ ഈ രാജ്യങ്ങളിലേക്ക് ഉണ്ടായിരിക്കുന്നത്.

എണ്ണ വിലയില്‍ നേരിയ തോതില്‍ വര്‍ധനവ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഈ രംഗത്ത് പ്രത്യേക ഉണര്‍വ് സമ്മാനിച്ചിട്ടുണ്ട്. ജൂണില്‍ വെസ്റ്റ ്‌ടെക്‌സാസ് ക്രൂഡ്‌ഗ്രേഡ് ബാരലിന് 49.25 എന്ന രീതിയിലെത്തിയിട്ടുണ്ട്. മെയ് മാസത്തേക്കാള്‍ 1.98 ഡോളറിന്റെ വര്‍ധനവാണിത്.