ഹൈക്കോടതിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം: മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചു

Posted on: July 20, 2016 3:42 pm | Last updated: July 21, 2016 at 8:41 am
SHARE

HCകൊച്ചി: ഹൈക്കോടതി വളപ്പില്‍ വീണ്ടും സംഘര്‍ഷം. അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും
ഹൈകോടതി യിലെ മീഡിയാ റൂം താഴിട്ട് പൂട്ടുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് അഭിഭാഷകര്‍ ഹൈക്കോടതി പരിസരത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നത്കഴിഞ്ഞ വ്യാഴാഴ്ച യുവതിയെ കയറിപ്പിടിച്ച ഗവണ്‍മെന്റ് പ്‌ളീഡര്‍ക്ക് എതിരെ കേസെടുത്തത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിനെതിരെയാണ് തുടര്‍ച്ചയായി രണ്ടാം          ദിവസവും ഹൈക്കോടതിയില്‍ ഒരുസംഘം അഭിഭാഷകര്‍ അഴിഞ്ഞാടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴിക്കും മീഡിയാവണ്‍ ക്യാമറാമാന്‍ മോനിഷിനും മര്‍ദനമേറ്റു. ഇരുവരുടെയും ക്യാമറ തകര്‍ക്കാനും അഭിഭാഷകര്‍ ശ്രമിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ കടന്നുപിടിച്ചെന്ന കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹൈക്കോടതിയിലെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അഭിഭാഷകര്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്‍ എന്നിവര്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അക്രമമഴിച്ചുവിട്ട അഭിഭാഷകരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഹൈക്കോടതി വളപ്പില്‍ ധര്‍ണ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ കൂട്ടമായി എത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ടു. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിവീശി. ധര്‍ണയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നാണയത്തുട്ടുകള്‍ എറിയുകയും അവരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ധര്‍ണയ്ക്കു നേരെ ഒരു അഭിഭാഷകന്‍ ബൈക്കോടിച്ചു കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു.

ഇന്ന് ഉച്ചയോടെയാണ് കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞത്. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

ഹൈക്കോടതി പരിസരത്ത് സിറ്റി പോലീസ് കമ്മീഷണര്‍ അടക്കം വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.  ഹൈക്കോടതിക്ക് മുന്നില്‍ തുടങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം ഒഴിവാക്കാന്‍ ഇരു വിഭാഗങ്ങളും തമ്മില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ചര്‍ച്ച നടത്തുന്നുണ്ട്‌