ദളിത് പീഡനം: ശക്തമായ നടപടിയുണ്ടാവുമെന്ന് രാജ്‌നാഥ് സിംഗ്‌

Posted on: July 20, 2016 2:53 pm | Last updated: July 21, 2016 at 10:10 am
SHARE

rajnath-singh.jpg.image.784.410ന്യൂഡല്‍ഹി: ഗുജറാത്തില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് ദളിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. സംഭവം ഖേദകരമാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഗുജറാത്തിലായാലും മറ്റേത് സംസ്ഥാനത്തായാലും ദളിതര്‍ക്കെതിരെ അക്രമമുണ്ടായാല്‍ അവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരുണ്ടാകും. ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ചുചേരണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

മര്‍ദനത്തിനിരയായവര്‍ക്ക് നീതി ഉറപ്പാക്കും. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നടപടി സ്വീകരിച്ചിട്ടുണ്ട്. കേസില്‍ ഒന്‍പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കും. ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യവിലോപത്തിന് നടപടിയെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇരകള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും രാജ്‌നാഥ് സിംഗ് സഭയെ അറിയിച്ചു.