കല്ലായി-പന്നിയങ്കര റോഡിലെ ഗതാഗതക്കുരുക്കിന് താത്കാലിക പരിഹാരം

Posted on: July 20, 2016 9:22 am | Last updated: July 20, 2016 at 9:22 am
SHARE

കോഴിക്കോട്: പന്നിയങ്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ പണി നടക്കുന്നതിനാല്‍ കല്ലായി-പന്നിയങ്കര റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് താത്കാലിക പരിഹാരമായി. മേല്‍പ്പാലത്തിന് താഴെ ഇരുവശങ്ങളിലൂടെ പോകുന്ന വീതി കുറഞ്ഞ റോഡുകള്‍ മഴയില്‍ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളുണ്ടായത് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.
ജില്ലാ കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന ഡി എം ആര്‍ സി, കോണ്‍ക്രീറ്റും മറ്റും ഉപയോഗിച്ച് പെട്ടെന്ന് ഇളകിപ്പോവാത്ത വിധത്തില്‍ റോഡിലെ കുഴിയടക്കുകയായിരുന്നു. വാഹനഗതാഗതത്തിന് വലിയ തടസമുണ്ടാവാത്ത വിധം ട്രാഫിക് പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം രാത്രിയാണ് റോഡിലെ കുഴികളെല്ലാം മൂടി ഗതാഗതം സുഗമമാക്കിയത്. രണ്ട് ഭാഗത്തേക്കുള്ള റോഡുകള്‍ക്കിടയില്‍ പന്നിയങ്കര റെയില്‍വേ ഗേറ്റിന് സമീപത്ത് പുതിയ ഓപ്പണിംഗ് നല്‍കിയതും തിരക്ക് കുറക്കാന്‍ സഹായകമായി. നേരത്തേ കല്ലായ് ഭാഗത്ത് നിന്ന് പന്നിയങ്കര ഗെയ്റ്റ് കടന്നുപോവേണ്ടവര്‍ പാലത്തിന്റെ തെക്കേ അറ്റത്ത് പോയി ‘യു ടേണെ’ടുത്ത് വരേണ്ടിയിരുന്നു. ഗെയ്റ്റ് കടന്ന് മീഞ്ചന്ത ഭാഗത്തേക്ക് പോകുന്നവര്‍ക്കും പുതിയ വഴി തുറന്നത് ആശ്വാസമാവും. പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ സമയമെടുക്കുമെങ്കിലും ഇതോടെ യാത്രക്കാരെ വലച്ചിരുന്ന ട്രാഫിക് ബ്ലോക്കിന് വലിയൊരാശ്വാസമാവും.
ഗതാഗതക്കുരുക്ക് കാരണം ചരക്ക് ലോറികളും ബസുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വി കെ കൃഷ്ണമേനോന്‍ റോഡിലൂടെ പോകുന്നത് സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി കാണിച്ച് ഇവിടത്തെ റെസിഡന്‍സ് അസോ. പ്രതിനിധികള്‍ ജില്ലാ കലക്ടറെ സമീപിച്ചിരുന്നു. ഈ വഴി വലിയ വാഹനങ്ങള്‍ പോകുന്നത് നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ട്രാഫിക് അസി. കമ്മീഷണര്‍ റെസിഡന്‍സ് അസോ. പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെയും വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെയും ഇതുവഴി സ്‌കൂള്‍ ബസുകളല്ലാത്ത വലിയ വാഹനങ്ങള്‍ പോകുന്നത് നിരോധിക്കാനും തീരുമാനമായി.
അതോടൊപ്പം സര്‍വീസ് റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ച്ചക്കകം വിതരണം ചെയ്യാനാണ് ഭൂമി ഏറ്റെടുക്കല്‍ ചുമതലയുള്ള എല്‍ എ (എന്‍.എച്ച്) സ്‌പെഷ്യല്‍ തഹസില്‍ദാറിന് ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.