കമുക് തോട്ടങ്ങളില്‍ മഹാളി രോഗം പടരുന്നു

Posted on: July 20, 2016 9:18 am | Last updated: July 20, 2016 at 9:18 am
SHARE

ചങ്ങരംകുളം: മഴ ശക്തമായതോടെ ജില്ലയിലെ കമുക് തോട്ടങ്ങളില്‍ മഹാളി രോഗം പടര്‍ന്നു പിടിക്കുന്നു. പ്രതിരോധ മരുന്നുകള്‍ തളിച്ചിട്ടും രോഗം നിയന്ത്രിക്കാന്‍ കഴിയാത്തത് കമുക് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സമീപ ജില്ലകളിലെ തോട്ടങ്ങളിലും രോഗം പടര്‍ന്നു പിടിക്കുന്നുണ്ട്. പൂക്കുലയില്‍ നിന്നും വിരിഞ്ഞ ചെറിയ അടക്കകളായിരിക്കുന്ന സമയത്താണ് മഹാളി രോഗം പിടിപെടുന്നത്. ശക്തമായ മഴയും തണുപ്പുമാണ് രോഗത്തിന് കാരണമാകുന്നത്. രോഗം ബാധിക്കുന്നതോടെ ഞെട്ടികള്‍ ചീഞ്ഞ് അടക്കകള്‍ പാകമാകും മുമ്പ് തന്നെ പൂര്‍ണമായും കൊഴിഞ്ഞു പോകുകയാണ്.
പകര്‍ച്ച രോഗമായതിനാല്‍ ഒരു മരത്തില്‍ രോഗം ബാധിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മറ്റു മരങ്ങളിലേക്കും സമീപ തോട്ടങ്ങളിലേക്കും രോഗം വ്യാപിക്കും. ഇത് ഈ മേഖലയിലെ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ഫൈറ്റോക്ലോറ എന്ന ഒരിനം വൈറസാണ് രോഗം പരത്തുന്നത്.
തുരിശും ചുണ്ണാമ്പും ചേര്‍ത്ത ബോര്‍ഡോ മിശ്രിതം തളിക്കുകയാണ് രോഗത്തിനുള്ള പ്രതിവിധി. രോഗം പിടിപെട്ട അടക്കകള്‍ പൂര്‍ണമായും കൊഴിഞ്ഞു പോകും. രോഗം വരാതിരിക്കുവാനായി മുന്‍കൂട്ടി മരുന്നു തളിക്കുകയാണ് ഏക പ്രതിവിധി. ഇടതടവില്ലാതെ മഴപെയ്തു കൊണ്ടിരിക്കുന്നത് മരുന്ന് തെളിക്കുന്നതിന് പ്രതികൂലമാകുന്നുണ്ട്. മരുന്നു തളിക്കുന്നതിന് വേണ്ട ഉയര്‍ന്ന കൂലിയും മരുന്നിന്റെ ചെലവും കര്‍ഷകര്‍ക്ക് അമിതഭാരമാകുന്നുണ്ട്. ചില കര്‍ഷകര്‍ രണ്ടു തവണ മരുന്നു തളിച്ചെങ്കിലും വീണ്ടും രോഗം പിടിപെട്ടിട്ടുണ്ട്.
ബഹു ഭൂരിപക്ഷം കമുകിന്‍ തോട്ടങ്ങളിലും രോഗബാധ നിമിത്തം പാകമാകാത്ത അടക്കകള്‍ കൊഴിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്. കായ്കളിലും പൂവിലും വെള്ള നിറത്തിലെ പാടുകളുമായാണ് രോഗം ആദ്യം പ്രത്യക്ഷപെടുന്നത് ക്രമേണ അഴുകി കൊഴിഞ്ഞ് വീഴുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴ കാരണം പ്രതിരോധ മരുന്ന് തളിക്കാനും മിക്ക കര്‍ഷകര്‍ക്കും സാധിക്കുന്നില്ല. നല്ല വില അടയ്ക്കക്ക് ലഭിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിരിക്കെയാണ് മഞ്ഞളിപ്പ്, മഹാളി രോഗങ്ങള്‍ വ്യാപകമായത്. തൊഴിലാളികളുടെ ക്ഷാമവും, ഉപകരണങ്ങളുടെ അപര്യാപ്തതയും ഉയര്‍ന്ന കൂലിയും കമുക് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്.
രോഗബാധ കൂടുതലായതിനാല്‍ അടുത്ത സീസണില്‍ വിളവെടുപ്പ് ഗണ്യമായി കുറയുമെന്ന് കര്‍ഷകര്‍ പറയുന്നു. കമുക് കൃഷിയെ മാത്രം ആശ്രയിയിച്ച് നൂറുകണക്കിന് കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ചുണ്ണാമ്പും കോപ്പര്‍ സള്‍ഫേറ്റും ഉപയോഗിച്ചുള്ള ബോഡോ മിശ്രിതം മഹാളി രോഗത്തിന് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് പ്രതിരോധ ശേഷി നഷ്ടമാകുന്നതായി കര്‍ഷകര്‍ പറയുന്നു. അടുത്ത സീസണില്‍ വിളവെടുപ്പ് കുറയാന്‍ സാധ്യതയുള്ളതിനാല്‍ രോഗം ബാധിച്ച് കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.