ഡി എം ഒക്കെതിരെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നിസ്സഹകരണ സമരം

Posted on: July 20, 2016 9:17 am | Last updated: July 20, 2016 at 9:17 am
SHARE

മലപ്പുറം: ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി നടത്തുന്ന അവലോകന യോഗങ്ങളില്‍ മെഡിക്കല്‍ ബിരുദമില്ലാത്ത ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാരെ തരംതാഴ്ത്തുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നടപടിക്കെതിരെ നിസഹകരണ സമരം നടത്തുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിമാസ അവലോകന യോഗങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തമായ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഡോക്ടര്‍മാരുടെ സമ്മര്‍ദത്തിന് വഴങ്ങി ഡി എച്ച് എസും, ഡി എം ഒയും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്. ജൂണ്‍ ആറിന് ഹോട്ടല്‍ മഹേന്ദ്രപുരിയില്‍ നടന്ന ജില്ലാ തല അവലോകന യോഗത്തില്‍ ഡോക്ടര്‍മാരുടെ സംഘടന, മെഡിക്കല്‍ ബിരുദമില്ലാത്ത ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കുന്നതിനെ ചോദ്യം ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ ഡി എച്ച് എസിന്റെ നിര്‍ദ്ദേശം ലഭിച്ചെന്ന് പറഞ്ഞ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പിറ്റേന്ന് നടന്ന യോഗത്തില്‍ മെഡിക്കല്‍ ബിരുദമില്ലാത്ത ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാരെ വേദിയിലിരുത്തിയിരുന്നില്ല. ജില്ലയിലെ മെഡിക്കല്‍ ബിരുദമില്ലാത്ത ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരും ബ്ലോക്ക്ഗ്രാമതലത്തില്‍ ഹെല്‍ത്ത് സൂപ്രവൈസര്‍മാരും ഇന്‍സ്‌പെക്ടര്‍മാരുമാണ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡിഫ്തീരിയ, കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന ഈ ഘട്ടത്തില്‍ ജില്ലയിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് സംഘടനയുടെ അഭിപ്രായം. വിവിധ തലങ്ങളില്‍ നടക്കുന്ന അവലോകന യോഗങ്ങളില്‍ നിന്നും ഘട്ടംഘട്ടമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മാറ്റിനിര്‍ത്തുന്നതിനുള്ള നീക്കം ജില്ലയിലെ ആരോഗ്യ സേവന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ പി കൃഷ്ണദാസ്, കെ മന്‍സൂര്‍ റഹ്മാന്‍, എം ഷാഹുല്‍ ഹമീദ് പങ്കെടുത്തു.