പണം ക്ലോസറ്റിലിട്ട സംഭവം: പോലീസ് സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധിച്ചു

Posted on: July 20, 2016 9:16 am | Last updated: July 20, 2016 at 9:16 am
SHARE

തേഞ്ഞിപ്പലം: വിജിലന്‍സ് റെയ്ഡിനിടെ തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ ജീവനക്കാര്‍ കണക്കില്‍പ്പെടാത്ത പണം ഓഫീസിലെ ക്ലോസറ്റിലിട്ട സംഭവത്തെ തുടര്‍ന്ന് പോലീസ് ഇന്നലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന നടത്തി.
വിജിലന്‍സ് സി ഐ. ഗംഗാധരന്‍, എസ് ഐ. എം മുഹമ്മദാലി, എ എസ് ഐ. ടി പി അനില്‍കുമാര്‍, സീനിയര്‍ സി പി ഒ. കെ വി അലിസാബിര്‍, ഡയറി ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ സൂപ്രണ്ട് കെ കെ ബാലമുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സെപ്റ്റിക് ടാങ്കില്‍ വെള്ളവും കക്കൂസ് മാലിന്യവും കടലാസുകളും മറ്റും ഉണ്ടായിരുന്നതിനാല്‍ പണം കണ്ടെത്താനുള്ള ശ്രമം ഏറെ ദുഷ്‌കരമായിരുന്നു. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു തേഞ്ഞിപ്പലത്തെ വിജിലന്‍സ് റെയ്ഡ്. എന്നാല്‍ തേഞ്ഞിപ്പലത്ത് മിന്നല്‍ പരിശോധനക്കിടെ സബ് രജിസ്ട്രാര്‍ പെരുവള്ളൂര്‍ ചാത്രത്തൊടി സ്വദേശി മുഹമ്മദാണ് പണം ക്ലോസറ്റിലിട്ടത്.
ഇതിനിടെ 500 രൂപ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ പിടിച്ചെടുത്തിരുന്നു. റെയ്ഡ് നടന്ന തിങ്കളാഴ്ച തന്നെ ഓഫീസിലെ ബാത്ത് റൂം സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ തന്നെ വിജിലന്‍സ് എത്തി ബാത്ത് റൂം തുറക്കുകയും സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധിക്കുകയുമായിരുന്നു.