സുശീല ഭട്ടിനെ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് വിഎസ്

Posted on: July 20, 2016 8:34 am | Last updated: July 20, 2016 at 11:13 am
SHARE

തിരുവനന്തപുരം: സുശീല ഭട്ടിനെ റവന്യൂ കേസുകള്‍ വാദിക്കുന്ന ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്ത് നിന്ന് മാറ്റരുതെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കെതിരായ കേസുകള്‍ ഹൈക്കോടതിയില്‍ അന്തിമ പരിഗണനയിലെത്തി നില്‍ക്കുമ്പോള്‍ പ്ലീഡറെ മാറ്റുന്നത് ശരിയല്ല. ഇത് കേസില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കുമെന്നും വിഎസ് കത്തില്‍ പറയുന്നു.

സുശീല ഭട്ടിനെ മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാക്കാളും പരിസ്ഥിതി പ്രവര്‍ത്തകരും നേരത്തെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നടപടി അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്ന കുത്തകകളെ സഹായിക്കാനാണെന്നായിരുന്നു ആക്ഷേപം. എന്നാല്‍ സര്‍ക്കാര്‍ മാറുമ്പോള്‍ പ്ലീഡറെ മാറ്റുന്നത് സ്വാഭാവികമാണ് എന്നായിരുന്നു റവന്യൂ മന്ത്രിയുടെ പ്രതികരണം.