സ്വര്‍ഗത്തിലേക്ക് കുറുക്കു വഴികളില്ല

Posted on: July 20, 2016 6:00 am | Last updated: July 19, 2016 at 11:56 pm
SHARE

ആര്‍തര്‍ക്വേസ്റ്റലര്‍ ലോകപ്രസിദ്ധനായ നോവലിസ്റ്റും പത്രപ്രവര്‍ത്തകനും നിരൂപകനും ആയിരുന്നു. (1905-1983) ആദ്യം ക്രിസ്ത്യാനിയും പിന്നീട് കമ്മ്യൂണിസ്റ്റും ഒടുവില്‍ മുസ്‌ലിമുമായി മാറിയ എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ”പരാജയപ്പെട്ട ദൈവം’ എന്ന ഗ്രന്ഥം പ്രസിദ്ധമാണ്. തന്റെ ഏഴു കൊല്ലത്തെ കമ്മ്യൂണിസ്റ്റ് ജീവിതത്തെ വിലയിരുത്തിക്കൊണ്ടെഴുതിയ ആ പുസ്തകത്തില്‍ ബൈബിള്‍ പഴയനിയമത്തിലെ ഒരു കഥ ഉദ്ധരിച്ചു കൊണ്ട് തന്റെ കമ്മ്യൂണിസ്റ്റ് സ്വപ്‌നം എങ്ങനെ തകര്‍ന്നു എന്നു വിശദീകരിക്കുന്നുണ്ട്.
കഥയിതാണ്. ഗോത്രപിതാവായ യാക്കോബ് ജ്യേഷ്ഠന്‍ ഏശാവിനെ ഭയന്നു പ്രവാസജീവിതം നയിക്കുന്നതിനിടയില്‍ പുറജാതിക്കാരനായ ലാബാന്‍ എന്ന സമ്പന്നന്റെ ആടുകളെ മേയ്ക്കുന്ന ജോലി ചെയ്യുന്നു. ആടുകളെ മേയ്ച്ചു ലാബാന്റെ ഭൃത്യഗൃഹത്തില്‍ താമസിക്കുമ്പോള്‍ യാക്കോബിന്റെ ദൃഷ്ടികള്‍ ലാബാന്റെ ഇളയ പുത്രി അതിസുന്ദരിയായ റാഹേലില്‍ പതിക്കുന്നു. സമ്പന്നകുമാരിയായ റാഹേലിനെ ഭാര്യയായി കിട്ടണമെങ്കില്‍ നാട്ടാചാരപ്രകാരമുള്ള മഹര്‍ നല്‍കണം. അതിനുള്ള മാര്‍ഗം ഒന്നും ഇല്ലാതിരുന്നതിനാല്‍ റാഹേലിന്റെ അപ്പനായ ലാബാനുമായി യാക്കോബ് ഒരു കരാറുണ്ടാക്കുന്നു. വരുന്ന ഏഴു വര്‍ഷം ലാബാന്റെ അടിമയായി ജീവിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ആടുകളെ മേയ്ച്ചു കഴിഞ്ഞു കൊള്ളാം. പകരം റാഹേലിനെ തനിക്കു ഭാര്യയായി തരണം. അതായിരുന്നു വ്യവസ്ഥ. കരാറുപ്രകാരം ഏഴു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ യാക്കോബിന്റെയും റാഹേലിന്റെയും വിവാഹനിശ്ചയം നടന്നു. വിവാഹ ദിവസം മൂടുപടത്തില്‍ ആച്ഛാദിതയായ നവവധുവിനെ യാക്കോബിന്റെ കിടപ്പു മുറിയിലേക്കു മുറപ്രകാരം ആനയിച്ചു. പ്രഭാതത്തില്‍ മൂടുപട വിമുക്തയായ നവവധുവിനെ കണ്ടപ്പോള്‍ യാക്കോബ് ഞെട്ടിപ്പോയി. തലേ രാത്രിയില്‍ താന്‍ മധുവിധു ആസ്വദിച്ചത്; കഴിഞ്ഞ ഏഴു വര്‍ഷം തന്റെ മനസ്സില്‍ പ്രേമഭാജനം ആയിക്കൊണ്ടു നടന്നിരുന്നത് ആരെയാണോ, ആര്‍ക്കുവേണ്ടിയാണോ ഏഴു സുദീര്‍ഘ വര്‍ഷം അടിമപ്പണി ചെയ്തു തന്റെ കൗമാരൂര്‍ജം നഷ്ടപ്പെടുത്തിയത് ആ റാഹേലെന്ന സൗന്ദര്യധാമം അല്ല മുന്നില്‍ നില്‍ക്കുന്നത്. വിരൂപ റാണിയെന്നു വിശേഷിപ്പിക്കാവുന്ന റാഹേലിന്റെ ജ്യേഷ്ഠത്തി ലേയാ! ഇതെന്തൊരു ചതിവായിപ്പോയി. യാക്കോബ് നെഞ്ചുരുകി വിലപിച്ചു.
ആ സന്ദര്‍ഭം ബൈബിള്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:’യാക്കോബ് ലാബനോടു ചോദിച്ചു; അങ്ങ് എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തത്. റാഹേലിനു വേണ്ടിയല്ലേ ഞാന്‍ ജോലി ചെയ്തത്. അങ്ങ് പിന്നെ എന്തിനാണ് എന്നെ കബളിപ്പിച്ചത്? ലാബാന്‍ പറഞ്ഞു: മൂത്തവള്‍ നില്‍ക്കേ ഇളയവളെ വിവാഹം ചെയ്ത് അയക്കുന്ന പതിവ് ഞങ്ങളുടെ ദേശത്തില്ല. ലാബാന്‍ യാതൊരു കൂസലും കൂടാതെ മറുപടി പറഞ്ഞു. ഏതായാലും നീ എന്റെ മൂത്തമകള്‍ ലേയയെ പ്രാപിച്ചു. ഇനി മുറപ്രകാരം മധുവിധുവിന്റെ ആഴ്ചവട്ടം പൂര്‍ത്തിയാക്കുക. റാഹേലിനെ നിനക്കു വധുവായിക്കിട്ടണമെന്നത്ര മേല്‍ നിര്‍ബന്ധമാണെങ്കില്‍ അവള്‍ക്കു വേണ്ടി മറ്റൊരു ഏഴു സംവത്സരം കൂടി നീ എന്റെ അടിമയായി എന്റെ ആട്ടിന്‍കൂട്ടത്തെ മേയ്ക്കുക. അതിനുള്ള പ്രതിഫലമായി അനുജത്തി റാഹേലിനെയും നിനക്കു ഭാര്യയായി തരാം. ലാബാന്റെ ആ നിര്‍ദേശം പാലിക്കുകയല്ലാതെ യാക്കോബിനു മുമ്പില്‍ മറ്റു പോംവഴികളൊന്നും ഉണ്ടായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ ഹൃദയം അത്രമേല്‍ റാഹേല്‍ എന്ന സൗന്ദര്യധാമത്തോടു പറ്റി ചേര്‍ന്നു പോയിരുന്നു. (ബൈബിള്‍, ഉല്‍പത്തി 29:21-28)
പരസ്പരാനുരാഗത്തിന്റെ ഏറ്റവും ഉദാത്തമായ ഒരു മാതൃകയായി യാക്കോബ് റാഹേല്‍ ബന്ധം പില്‍ക്കാലത്തു വാഴ്ത്തപ്പെട്ടിട്ടുണ്ട്. ആര്‍തര്‍ക്വേസലര്‍ ഈ കഥ പറയുന്നതെന്തിനെന്ന് ആദ്യം തന്നെ സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:’ഞാന്‍ ഏഴു കൊല്ലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സേവിച്ചു. റാഹേലിനെ നേടാനായി യാക്കോബ് ലാബാന്റെ ആടു മേയ്ച്ചത്രയും കാലം. സമയം പൂര്‍ത്തിയായപ്പോള്‍ ഇരുട്ടിന്റെ മറവില്‍ കൂടാരത്തിലേക്കു വധു ആനയിക്കപ്പെട്ടു. പ്രഭാതമായപ്പോഴാണ് പോയ ഏഴു വര്‍ഷമായി താന്‍ കരുതിവെച്ചിരുന്ന പ്രണയോര്‍ജം തന്റെ യഥാര്‍ഥ പ്രേമഭാജനം ആയ സുന്ദരിയായ റാഹേലില്ല വിരൂപിണിയായ ലേയയിലാണ് ചൊരിയപ്പെട്ടത് എന്നറിഞ്ഞത്. ഒരു മിഥ്യയുടെ കൂടെ കിടന്നതിന്റെ നടുക്കത്തില്‍ നിന്നു യാക്കോബ് ഒരു നാളും മോചിതനായിരിക്കില്ലെന്ന് ആര്‍തര്‍ക്വേസ്റ്റലര്‍ സംശയിക്കുന്നു. (പേജ് 75) ഇതു തന്നെയല്ലേ മതപരമോ രാഷ്ട്രീയപരമോ ആയ വ്യാമോഹത്തിനടിമപ്പെട്ട് അടിമയാകുകയും ആത്മബലി നല്‍കുകയും ചെയ്യുന്ന തീവ്രവാദികളെയും ഭീകരപ്രവര്‍ത്തകരെയും കാത്തിരിക്കുന്ന അനുഭവം. സ്വര്‍ഗം തേടി പോകുന്നവര്‍ നേരെ നരകത്തില്‍ എത്തിച്ചേരുന്നു.”വണ്ടേ നീയും തുലയുന്നു വിളക്കും കെടുത്തുന്നു.’
സൗന്ദര്യസമൃദ്ധി ലക്ഷ്യമാക്കി അടിമവേല ചെയ്ത അവസാനം കണ്ടെത്തിയതു വൈരൂപ്യത്തിന്റെ മിഥ്യകളായിരുന്നു എന്ന മോഹഭംഗം പാശ്ചാത്യ സാഹിത്യ കൃതികളുടെ ഒരു പൊതുസ്വഭാവമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. സാഹിത്യത്തില്‍ മാത്രമല്ല വ്യക്തികളും പ്രസ്ഥാനങ്ങളും ജനതകളും എന്തിനു രാഷ്ട്രങ്ങള്‍ തന്നെയും ഈ മോഹഭംഗത്തിന്റെ അന്ധകാര ഗര്‍ത്തങ്ങളിലൂടെ കടന്നു പോയതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിന്റെ ശവകുടീരങ്ങളില്‍ നിന്നും സത്യാന്വേഷകര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഏതാനും ആഴ്ചകളിലായി കേരളീയ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഇസില്‍ (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത്) എന്ന ഇബിലീസ് പ്രസ്ഥാനത്തെ ചുറ്റിപ്പറ്റി പുരോഗമിക്കുന്ന മാധ്യമ ചര്‍ച്ചകള്‍ അനേകരുടെ ഉറക്കം കെടുത്തുന്നു. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 22 പേരെ കാണാതായിരിക്കുന്നതായും ഇവര്‍ മേല്‍ സൂചിപ്പിച്ച തീവ്രവാദപ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കാം എന്നുമാണ് നിഗമനം. ഇവരില്‍ എട്ടു ദമ്പതിമാര്‍, മൂന്നു കുട്ടികള്‍, ഏതാനും ഗര്‍ഭസ്ഥ ശിശുക്കള്‍ പോലും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. ഇവരില്‍ ചിലരെല്ലാം സിറിയയിലും അഫ്ഗാനിലും എത്തിയതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പറയുന്നു. പലരുടെയും ലക്ഷ്യം ഇറാന്‍, യമന്‍, തുടങ്ങിയ ഐ എസ് കേന്ദ്രങ്ങളാണെന്നും അഭ്യൂഹം ഉണ്ട്.
മുസ്‌ലിം ജനതയോ ഭരണാധികാരികളോ ഇത്തരം തീവ്രവാദ ഗ്രൂപ്പുകളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് ആശ്വാസകരമാണ്. എന്നാല്‍ ഏഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലെ പല പിന്‍നില രാജ്യങ്ങളിലും തീവ്രവാദം ശക്തിപ്പെടുകയും അതു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കയറ്റി അയക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഏതാനും ദശകങ്ങളായി നിലവിലുണ്ട്. അല്‍ ഖാആഇദ, ബോക്കോ ഹറാം, ഫിലിപ്പിന്‍സിലെ അമ്പുസയ്യാഫ്, അശ്ശബാബ്, ഹര്‍ക്കത്തുല്‍ മുജാഹിദിന്‍ ഇവയൊക്കെയാണ് പ്രധാനമായും ഭീകരപ്രവര്‍ത്തനങ്ങള്‍ കെട്ടഴിച്ചു വിടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടനകള്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ്‌ലാമിയേയും ചില മാധ്യമങ്ങള്‍ ഈ പട്ടികയില്‍പ്പെടുത്തിക്കാണുന്നു. വിവിധ മുജാഹിദ് ഗ്രൂപ്പുകള്‍ക്കു നേരെയും ചിലരൊക്കെ വിരല്‍ ചൂണ്ടുന്നുണ്ട്. പക്ഷേ, കേരളത്തിലെ ഇത്തരം പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ ആണയിട്ടു പറയുന്നു: തങ്ങള്‍ക്കാര്‍ക്കും ഈ കൂട്ടരും ആയി യാതൊരു ബന്ധവും ഇല്ല. തീവ്രവാദത്തിന്റെ വേരുകള്‍ പൊന്തിവരുന്നത് മതമൗലികതാവാദത്തില്‍ നിന്നാണ്. ഇതു രണ്ടും തമ്മിലുള്ള ഇണചേരലില്‍ നിന്നും മനുഷ്യത്വ വിരുദ്ധമായ ഭീകരപ്രവര്‍ത്തനങ്ങള്‍ ഉരുത്തിരിയുന്നു.
ലോകമതങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അരോഗ്യ ദൃഡഗാത്രമെന്നു പ്രശംസിക്കപ്പെട്ടിരുന്നത് ഇസ്‌ലാമായിരുന്നു. ഇസ്‌ലാമിന്റെ യൗവനയുക്തമായ ശരീരത്തില്‍ പടര്‍ന്നു പിടിച്ച ഒരു അര്‍ബുദം ആണ് ഇസില്‍ ഉള്‍പ്പെടെയുള്ള തീവ്രവാദപ്രസ്ഥാനങ്ങളുടെ ആശയസംഹിതകള്‍. ഹെന്റിക്ക് ഇബ്‌സന്റെ’പ്രേതങ്ങള്‍ എന്ന നാടകത്തില്‍ മധ്യ വയസ്സ് പിന്നിട്ട് ആര്‍ത്തവ വിരാമം സംഭവിച്ച നായിക, തനിക്കുണ്ടായ രക്തസ്രാവത്തെ, തനിക്കു നഷ്ടപ്പെട്ട യുവത്വത്തിന്റെ വീണ്ടും വരവായി തെറ്റിദ്ധരിച്ചാഹ്ലാദം പ്രകടിപ്പിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിട്ടുള്ളത് ഓര്‍ക്കുന്നു. വാര്‍ധക്യത്തിലെ ഈ രക്തസ്രാവം നഷ്ടപ്പെട്ട ആര്‍ത്തവത്തിന്റെ പുനരാഗമനം അല്ല ഗുരുതരമായ കാന്‍സറിന്റെ പ്രത്യക്ഷപ്പെടലാണെന്ന് ആ സ്ത്രീ തിരിച്ചറിയാന്‍ വൈകിപ്പോയിരുന്നു.
ഇതു തന്നെയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇസ്‌ലാമിനെ കേന്ദ്രീകരിച്ചുള്ള തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും അനിസ്‌ലാമികവും അത് അടിയന്തര ശസ്ത്രക്രിയ ആവശ്യമായ കാന്‍സറും ആണെന്നു യഥാര്‍ഥ ഇസ്‌ലാം മതവിശ്വാസികള്‍ തിരിച്ചറിയണം. ആര്‍ എസ് എസ് – സംഘ്പരിവാര്‍ ശക്തികളും അടങ്ങിയ പരമത വിദ്വേഷികള്‍ പ്രചരിപ്പിക്കുന്ന മതാത്മക ചിന്തകള്‍ മഹത്തായ ഹൈന്ദവ ബഹുസ്വര സംസ്‌കൃതിയുടെ ഹൃദയത്തെ തന്നെ ബാധിച്ച ഗുരുതരമായ ഒരു രോഗമാണെന്നു ഇവിടുത്തെ ഹിന്ദുക്കള്‍ മനസ്സിലാക്കണം. സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴികള്‍ തേടുന്ന, ആഗോള ഉപഭോഗാസക്തി, കമ്പോള കേന്ദ്രീകൃതമായ മനുഷ്യബന്ധങ്ങള്‍, അരാഷ്ട്രീയ വാദം ഇവ തുല്യഅനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മുഴുവന്‍ ലോകത്തിലേക്കും അമേരിക്കന്‍ സാമ്രാജ്യത്വം പല ലേബലുകള്‍ പതിപ്പിച്ചു കയറ്റുമതി ചെയ്യുന്ന ക്രിസ്ത്യന്‍ ഇവാന്‍ഞ്ചിലിസം. ഇവയെല്ലാം മതശരീരത്തിലെ അര്‍ബുദമാണ്. ഗോള്‍വര്‍ക്കര്‍ അല്ല ഗാന്ധിജിയും രാധാകൃഷ്ണനും ടാഗോറും ഒക്കെയാണ് ഹൈന്ദവ ഗുരുക്കന്മാരെന്നു ഹിന്ദു സഹോദരങ്ങള്‍ മനസ്സിലാക്കണം.
എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളും വലതുപക്ഷ മൗലികതാവാദങ്ങള്‍ക്കു വളംവെച്ചു കൊടുക്കുന്നവയും അന്യായമായ ബലപ്രയോഗങ്ങളെ ന്യായീകരിക്കാനുമുള്ള ആസൂത്രീത തന്ത്രങ്ങളുമാണ്. ആഗോള കത്തോലിക്കാ മതത്തിനു ബദലായി വളര്‍ന്നുവന്ന കമ്മ്യൂണിസവും പുറമെ മതവിരുദ്ധമെന്നു ഭാവിക്കുമെങ്കിലും ആന്തരികമായി സംഘടിത മതത്തിന്റെ ഒരു സമാന്തര പരിണാമം തന്നെയാണ്. ഒരര്‍ഥത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ഊന്നിയ ഒരു നൂതനമതരൂപം തന്നെയായിട്ടാണ് സാമാന്യജനങ്ങള്‍ക്കനുഭവപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ പഴയ പൗരോഹിത്യ മതവും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും തമ്മിലുണ്ടായിരുന്ന വ്യത്യാസം നേര്‍ത്ത്‌നേര്‍ത്ത് തിരോഭവിച്ചിരിക്കുന്നു. ദാസ് കാപ്പിറ്റലില്‍ മാര്‍ക്‌സ് എഴുതി: പുതിയ സമൂഹത്തെ ഗര്‍ഭം ധരിച്ചിരിക്കുന്ന പഴയ സമൂഹത്തിന്റെ പേറ്റച്ചി മാത്രമായിരിക്കണം ബലപ്രയോഗം. (Das Capital BK I Vol.II page 8)
കമ്മ്യൂണിസ്റ്റുകാനോന്‍ നിയമങ്ങളിലെ അസ്ഥാനത്തുള്ള അന്യായമായ ബലപ്രയോഗത്തെ ന്യായീകരിക്കുന്ന വകുപ്പുകള്‍ റദ്ദാക്കണം എന്ന ആവശ്യം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ സ്‌നേഹിക്കുന്ന പാര്‍ട്ടി അംഗങ്ങളില്‍ നിന്നും അനുഭാവികളില്‍ നിന്നും ഉയര്‍ന്നു വന്നിട്ട് ഏറെ നാളായി. ഇത്തരം ധൈഷണിക തിരുത്തല്‍ നിര്‍ദേശങ്ങള്‍ തിരസ്‌ക്കരിച്ചതാണ് സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അവര്‍ സൃഷ്ടിച്ചു എന്നു നമ്മള്‍ വിശ്വസിച്ചിരുന്ന കമ്മ്യൂണിസ്റ്റു സ്വര്‍ഗരാജ്യങ്ങള്‍ വീണടിയുന്നതിനു കാരണമായത്. ഇതോടെ ലോകം കീഴടക്കാനുള്ള അമേരിക്കയുടെ അടവുകള്‍ക്കു വേഗത കൂടി. യൂറോപ്പിലേയും അമേരിക്കയിലേയും ക്രൈസ്തവ ലോകം അവിടുത്തെ ചെറുപ്പക്കാരുടെ ജീവിതക്കൂത്താട്ടങ്ങളെ ജനാധിപത്യപരമായ രീതിയില്‍ പ്രതിരോധിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു. മതം ഒരുപജീവനമാര്‍ഗമാക്കിയ പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അതാവശ്യമില്ലെന്നു വന്നു. ഈ ശൂന്യത നികത്താന്‍ മുസ്‌ലിം ബുദ്ധിജീവികള്‍ നടത്തിയ ശ്രമങ്ങളിലേക്കു യൂറോ-അമേരിക്കന്‍ രാജ്യങ്ങളിലെ ചെറുപ്പക്കാര്‍ ആകൃഷ്ടരായി. ഫ്രാന്‍സിലും ലണ്ടനിലും ന്യൂയോര്‍ക്കിലും ഒക്കെ മോസ്‌കുകളും മതപാഠശാലകളും പുതുതായി സ്ഥാപിക്കപ്പെട്ടു. വീണുകിട്ടിയ ഇത്തരം ചില നല്ല അവസരങ്ങളെ ഗുണപരമായി പരിവര്‍ത്തനപ്പെടുത്തുന്നതിനു പകരം അക്രമമാര്‍ഗങ്ങളിലൂടെ സ്വര്‍ഗത്തിലേക്കു കുറുക്കുവഴി തേടുന്ന ക്ഷുദ്രശക്തികള്‍ അരങ്ങ് അലങ്കോലപ്പെടുത്തിക്കൊണ്ട് ആര്‍ത്തുവിളിച്ചു. ഏറ്റവും ഒടുവില്‍ ഫ്രാന്‍സില്‍ ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചു കയറ്റി നിരപരാധികളായ 84 മനുഷ്യജീവികളെ കൊന്നൊടുക്കിയതിന്റെ പാപഭാരവും മുസ്‌ലിം തീവ്രവാദികളുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും കൂടുതല്‍ അപകടകരമായ വലതുപക്ഷ തീവ്രവാദം ശക്തിപ്പെടുന്നതിന് ഇവയെല്ലാം കാരണമാകും. വടി കൊടുത്തടിമേടിക്കുന്ന ഈ പ്രതിഭാസത്തിന്റെ പ്രതിധ്വനികളാണ് കാസര്‍കോട്ടും പാലക്കാട്ടും തിരുവനന്തപുരത്തും ഒക്കെ സംഭവിച്ചത്. ഇതിന്റെ പേരില്‍ മുസ്‌ലിംകളെ അടച്ചാക്ഷേപിക്കാനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. സഹോദരാ, ആദ്യം നിന്റെ കണ്ണിലെ കോലെടുക്കൂ – പിന്നീടാകാം അപരന്റെ കണ്ണിലെ കരടെടുക്കാന്‍.
(ഫോണ്‍: 9446268581)