തടസ്സം നീങ്ങി; വി എസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാകും

Posted on: July 20, 2016 5:48 am | Last updated: July 19, 2016 at 11:49 pm
SHARE

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാകുന്നതിനുള്ള തടസ്സം നീങ്ങി. ഇതു സംബന്ധിച്ച നിയമമന്ത്രി എ കെ ബാലന്‍ അവതരിപ്പിച്ച 2016ലെ നിയമസഭ (അയോഗ്യതകള്‍ നീക്കം ചെയ്യല്‍) ഭേദഗതി ബില്‍ പാസ്സായി. വി എസിന്റെ വായടപ്പിക്കാനുള്ള ബില്ലാണ് ഭരണപക്ഷം കൊണ്ടുവന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ വോട്ടെടുപ്പ് കൂടാതെയാണ് ബില്‍ പാസ്സായത്.
സംസ്ഥാനത്ത് ഭരണരംഗത്ത് നവീകരണം ആവശ്യമാണെന്നും ഭരണപരിഷ്‌കാരം അനിവാര്യമാണെന്നും ബില്‍ അവതരിപ്പിച്ച മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഘടനയില്‍ അടിമുടി മാറ്റം കൊണ്ടുവരുന്നതിനാണ് കമ്മീഷന്‍ രൂപവത്കരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
1951ലെ അയോഗ്യതകള്‍ നീക്കം ചെയ്യല്‍ ആക്ട് മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്താണ് ബില്‍ പാസ്സാക്കിയത്. നിലവിലെ സാഹചര്യം അനുസരിച്ച് നിയമസഭാംഗത്തെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കുമ്പോള്‍ നിയമസഭാംഗമായി തുടരാനുള്ള യോഗ്യത ഇല്ലാതാകും. ഇത് ഒഴിവാക്കുന്നതിനാണ് ഭേദഗതി കൊണ്ടുവന്നത്. ഉദ്യോഗമല്ലാതെ ആദായകരമായ ഏതെങ്കിലും പദവി വഹിക്കുന്ന ഒരാള്‍ ഒരു സംസ്ഥാനത്തിന്റെ നിയമസഭയിലോ നിയമസമിതിയിലോ അംഗമായിരിക്കാന്‍ അയോഗ്യനാണ് എന്നതാണ് 1951ലെ നിയമം.
പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനുമുള്ള അയോഗ്യകതകള്‍ ഭേദഗതി ചെയ്യാന്‍ 2012ല്‍ ബില്‍ അവതരിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ പുതിയ സ്ഥാപനങ്ങളും തസ്തികകളും രണ്ട് വര്‍ഷത്തേക്ക് മാറ്റിവെക്കണമെന്ന ധനമന്ത്രിയുടെ പ്രസംഗത്തിന്റെ അന്തസത്തക്ക് വിരുദ്ധമാണ് ഭരണപരിഷ്‌കാര ചെയര്‍മാന്‍ നിയമനമെന്ന് പ്രതിപക്ഷം വിയോജനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
മന്ത്രിക്ക് തുല്യമായ ആനുകൂല്യങ്ങളും സജ്ജീകരണങ്ങളുമുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാനുള്ള ശ്രമം പൊതുപണത്തിന്റെ ദുര്‍വിനിയോഗമാണ്. ഈ നിയമനിര്‍മാണം സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയള്ളതാണെന്നും പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. സി പി എമ്മിലെ അധികാരതര്‍ക്കം പരിഹരിക്കാനാണ് നിയമം കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.