Connect with us

International

അടിച്ചമര്‍ത്തല്‍ തുടരുന്നു; 15,000 വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

അങ്കാറ: തുര്‍ക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ കൂടുതല്‍ രൂക്ഷമാകുന്നു. മൊത്തം ഇരുപതിനായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിലരെ ചോദ്യം ചെയ്ത് വരികയാണ്.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 185 അഡ്മിറല്‍മാരും കേണല്‍മാരുമുണ്ട്. 1,500 ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും അറസ്റ്റിലായവരില്‍പ്പെടുന്നു. വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് നൂറുകണക്കിന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തും നടപടി വ്യാപകമാക്കുകയാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍.
രാജ്യത്തെ 15,200 വിദ്യാഭ്യാസ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും നടപടി പുരോഗമിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ഉന്നത ഓഫിസര്‍മാര്‍ ഉള്‍പ്പെടെ ഒമ്പതിനായിരത്തോളം ഉദ്യോഗസ്ഥരെ തുര്‍ക്കി ഭരണകൂടം ഔദ്യോഗിക സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇതില്‍ 7,899 പോലീസും രക്ഷാ സൈനികരും ഒരു പ്രവിശ്യാ ഗവര്‍ണറും 29 ഗവര്‍ണര്‍മാരും ഉള്‍പ്പെടും.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ 257 ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന് നീക്കിയിട്ടുണ്ട്. ശുദ്ധീകരണം നടപടി അതിരുവിടരുതെന്ന് യു എന്‍ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമത്തിനപ്പുറത്തേക്കുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും സമിതി വ്യക്തമാക്കി. അറസ്റ്റിലായവരെ പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളില്‍ സ്വതന്ത്ര നിരീക്ഷണ സംഘം സന്ദര്‍ശനം നടത്തണമെന്ന് മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു എന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ നിര്‍ദേശിച്ചു.
അതിനിടെ, ഇപ്പോള്‍ യു എസില്‍ കഴിയുന്ന പണ്ഡിതന്‍ ഫത്ഹുല്ല ഗുലന് അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. ഗുലന്റെ പങ്കിനുള്ള തെളിവ് അമേരിക്കക്ക് കൈമാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദിരിം അറിയിച്ചു. അട്ടിമറി ആസൂത്രണം ചെയ്തവര്‍ ഭീരുക്കളാണ്. അവരെ ഇളക്കിവിട്ടതും നിര്‍ദേശം നല്‍കിയതും വിദേശത്തുള്ള ഒരു പുരോഹിതനാണ്- ഗുലനെ പരാമര്‍ശിച്ച് യില്‍ദിരിം പറഞ്ഞു. പാര്‍ലിമെന്റിലെ എ കെ പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ടാങ്കുകള്‍ക്ക് ജനകീയ ശക്തിയെ അതിജീവിക്കാനാകില്ല. അട്ടിമറി ശ്രമത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും കടുത്ത ശിക്ഷ നല്‍കും. മുന്നോട്ടുള്ള പാത സുഗമമാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്. ഇനി ഒട്ടും സമയം കളയാനില്ല- യില്‍ദിരിം പറഞ്ഞു. അട്ടമറിയുമായി ബന്ധപ്പെട്ട് ഇന്ന് നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വധശിക്ഷ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം, ഗുലനെതിരെ നല്‍കിയ തെളിവുകളുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ അദ്ദേഹം തയ്യാറായില്ല. മാത്രമല്ല, ഗുലനെ വിട്ടുകിട്ടാനുള്ള ഔപചാരിക അപേക്ഷ തെളിവുകള്‍ക്കൊപ്പം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാനും അദ്ദേഹം വിസമ്മതിച്ചു. ഗുലനെ വിട്ടുകിട്ടണമെന്ന് നേരത്തേ ആവശ്യപ്പെട്ടുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, അത്തരമൊരു അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കിയത്.
അമേരിക്കയില്‍ സ്വയം പ്രഖ്യാപിത പ്രവാസ ജീവിതം നയിക്കുന്ന ഗുലന് തുര്‍ക്കിയില്‍ വന്‍ ജനസ്വാധീനമുണ്ട്. ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ ഹിസ്മത്ത് ഗ്രൂപ്പ് സജീവ സാന്നിധ്യമാണ്. അട്ടിമറിയില്‍ യാതൊരു പങ്കുമില്ലെന്ന് ഗുലന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്യാനുള്ള ഉപാധിയായി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ അട്ടിമറിയെ ഉപയോഗിച്ചേക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുര്‍ക്കിയില്‍ സംഭവിച്ച ദുര്യോഗത്തില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നേരത്തെ ഉര്‍ദുഗാന്റെ അടുത്തയാളായിരുന്നു ഗുലന്‍.