വില 27 രൂപയാക്കും; പച്ചത്തേങ്ങ സംഭരണം എല്ലാ കൃഷി ഭവനിലേക്കും

Posted on: July 20, 2016 6:01 am | Last updated: July 19, 2016 at 11:42 pm
SHARE

തിരുവനന്തപുരം: കൃഷിഭവന്‍ മുഖേനയുള്ള നാളികേര സംഭരണത്തിനായി പുതുക്കിയ ബജറ്റില്‍ നൂറു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സംഭരിക്കുന്ന നാളികേരത്തിന്റെ താങ്ങുവില കിലോക്ക് 25 രൂപയില്‍ നിന്നും 27 രൂപയാക്കിയതായും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. എം എം മണിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നാളികേര സംഭരണം മുഴുവന്‍ കൃഷിഭവനുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. സംഭരിക്കുന്ന നാളികേരം മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനായിരിക്കും മുന്‍ഗണന. അയല്‍സംസ്ഥാനങ്ങള്‍ ഈ രംഗത്ത് മുന്നേറ്റം കൈവരിച്ചപ്പോള്‍ സംസ്ഥാനം പിന്നിലായി. ഈ സാഹചര്യത്തില്‍ ആധൂനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മൂല്യാധിഷ്ഠിത ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനായി സംസ്ഥാനത്ത് മൂന്നു അഗ്രോപാര്‍ക്കുകള്‍ തുടങ്ങും. നാഫെഡ് മുഖേനയുള്ള കൊപ്രാസംഭരണവും ഊര്‍ജിതമാക്കും. കേടുവന്ന തെങ്ങുകള്‍ വെട്ടിമാറ്റാന്‍ നിലവില്‍ സഹായം നല്‍കുന്നുണ്ട്. പുതിയ തെങ്ങുകള്‍ വെച്ചുപിടിപ്പിക്കാന്‍ കൂടി സഹായം നല്‍കണമെന്ന ആവശ്യവും പരിഗണിക്കും.
തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഉയരം കുറഞ്ഞ തെങ്ങുകള്‍ വെച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കും.
തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉത്പാദനം കൂടിയതാണ് കേരളത്തില്‍ നാളികേരത്തിന്റെ വില കുറയാനിടയാക്കിയെന്നും മന്ത്രി പറഞ്ഞു.