ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂവ് വയനാട്ടിലും വിരിഞ്ഞു

Posted on: July 20, 2016 5:40 am | Last updated: July 19, 2016 at 11:40 pm
SHARE

മാനന്തവാടി: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂവ് വയനാട്ടിലും വിരിഞ്ഞു. ‘അമോര്‍ ഫോഫാലസ് ടൈറ്റാനം’ എന്ന പൂവാണ് പേരിയയിലെ ഗുരുകുലം ബോട്ടണിക്കല്‍ ഗാര്‍ഡനില്‍ വിരിഞ്ഞത്. ‘ടൈറ്റാന്‍സ് ആരം’ എന്നാണ് ഈ പൂവിനെ ഇംഗ്ലീഷില്‍ വിളിക്കുന്നത്. ഇന്തോനേഷ്യയിലെ സുമാത്രാ ദ്വീപുകളിലെ വനങ്ങളിലാണ് ഈ പൂവ് കാണുന്നത്. ഇന്തോനേഷ്യക്ക് പുറത്ത് ഈ പൂവ് വിരിഞ്ഞത് ആദ്യമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ പി കെ ഉത്തമന്‍ പറഞ്ഞത്.
ഒരു ദിവസമാണ് ഈ പൂവിന്റെ ആയുസ്. ഇന്തോനേഷ്യയിലെ മണ്ണ് കൊണ്ടുവന്നാണ് വിത്ത് നടുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പൂവിരിഞ്ഞത്. അസഹ്യമായ മണമാണ് ഈ പൂവിനുള്ളത്. ഈ ഗന്ധം ഇഷ്ടമുള്ള ഈച്ചകള്‍ പൂവിനുള്ളില്‍ പ്രവേശിച്ചാണ് പാരഗണം നടത്തുക. പൂവ് വിരിയുന്ന സമയത്ത് ആണ്‍പൂക്കളാണ് ആദ്യം വിരിയുക. ഈച്ചകള്‍ പൂവിനകത്ത് കയറുന്നതോടെ പൂവിനകത്തെ രോമങ്ങള്‍ക്ക് സാദൃശ്യമുള്ള വാതില്‍ അടയും. 24 മണിക്കൂറിനുശേഷം പെണ്‍പൂവ് വിരിയുന്നതോടെ ഈച്ചകള്‍ ആണ്‍പൂവില്‍ നിന്നും പെണ്‍പൂവിലേക്ക് മാറും. ഇതോടെയാണ് പരാഗണം നടക്കുക. മൂന്നു മീറ്ററോളം ഉയരമുണ്ട് പൂക്കുലക്ക്. ഒരു മീറ്ററോളം വിസതൃതിയും ഈ അപൂര്‍വ പുഷ്പത്തിനുണ്ട്. ടൈറ്റാന്‍സ് ആരം വിരിഞ്ഞതറിഞ്ഞ് വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് സന്ദര്‍ശകരാണ് ഗരുകുലം ബോട്ടാണിക്കല്‍ ഗാര്‍ഡനിലെത്തിയത്.
പശ്ചിമഘട്ട മലനിരകളിലെ അപൂര്‍വങ്ങളയായ നിരവധി സ്യങ്ങളുടെ വന്‍ ശേഖരം ഈ ബോട്ടണിക്കല്‍ ഗാര്‍ഡനിലുണ്ട്. ജര്‍മന്‍ സ്വദേശിയായ വൂള്‍ഫ് ഗാങ് തിയര്‍കോഫ് 1981ല്‍ ആരംഭിച്ചതാണ് പേരിയയിലെ ഗുരുകുലം ബോട്ടോണിക്കല്‍ ഗാര്‍ഡന്‍. രണ്ടു വര്‍ഷം മുമ്പ് പേരിയ സ്വാമി എന്നറിയപ്പെട്ടിരുന്ന വൂള്‍ഫ് ഗാങ് അന്തരിച്ചു. കേരളത്തിലെ തന്നെ അപൂര്‍വമായ സസ്യങ്ങളുടെ കാവലാളാണ് ഈ ഗാര്‍ഡന്‍.