Connect with us

Gulf

ലോക ജനതയോട് ഐക്യപ്പെടാന്‍ ദോഹ കെട്ടിടങ്ങള്‍ നിറങ്ങളണിയും

Published

|

Last Updated

ദോഹ: ആഗോള ജനതയോട് ഖത്വറിന്റെ സ്‌നേഹവും ഐക്യവും അറിയിക്കാന്‍ ദോഹ നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ ഇനി വര്‍ണങ്ങളണിയും. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സംഭവവികാസങ്ങളോടനുബന്ധിച്ച് രാജ്യത്തെ പ്രധാന കെട്ടിടങ്ങള്‍ നിറമണിയുന്നത് കഴിഞ്ഞ ആഴ്ചകളിലാണ് ആരംഭിച്ചത്. തുടര്‍ന്നും ഇത്തരം ഐക്യദാര്‍ഢ്യമുണ്ടാകും.
ദുരന്തങ്ങളില്‍ അനുഭാവം പുലര്‍ത്തിയും ആഹ്ലാദങ്ങളില്‍ പങ്കു ചേര്‍ന്നും ഓരോ ദേശങ്ങളുടെയും പതാക വര്‍ണങ്ങളിലാണ് കെട്ടിടങ്ങള്‍ പ്രകാശിക്കുക. ഒടുവില്‍ ഫ്രാന്‍സ് നഗരമായ നീസിലുണ്ടായ ഭീകരാക്രമണത്തില്‍ അനുശോചിച്ചും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് കെട്ടിടങ്ങള്‍ ഫ്രഞ്ച് പതാക നിറം സ്വീകരിച്ചത്. കഴിഞ്ഞദിവസം തുര്‍ക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറിശ്രമത്തില്‍, തുര്‍ക്കി ഭരണകൂടത്തോടും ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വിവിധ കെട്ടിടങ്ങള്‍ തുര്‍ക്കിയുടെ പതാകയില്‍ പ്രകാശിച്ചിരുന്നു. സഊദി ആക്രണത്തോടുള്ള അനുശോചന സൂചകമായി പച്ച നിറത്തിലാണ് കെട്ടിടങ്ങള്‍ പ്രകാശിച്ചത്.
ടോര്‍ച്ച് ദോഹ, ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ ഹോട്ടല്‍, ആഭ്യന്തരമന്ത്രായം കെട്ടിടം തുടങ്ങിയവാണ് പതാക വര്‍ണങ്ങളില്‍ ഐക്യപ്പെടുന്നത്. തുര്‍ക്കിയിലെ സൈനിക അട്ടിമറിശ്രമത്തിനെതിരെ അവിടത്തെ ഭരണകൂടത്തോടും ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടോര്‍ച്ച് ദോഹയും ഷെറാട്ടണ്‍ ദോഹയും തുര്‍ക്കിയുടെ നിറങ്ങളണിഞ്ഞ് പ്രകാശിച്ചു. ഔദ്യോഗികമായി ആവശ്യപ്പെടുമ്പോഴും സ്വയമേവതന്നെയും ഇത്തരത്തില്‍ വിവിധ രാജ്യങ്ങളുടെ നിറങ്ങളില്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കാറുണ്ടെന്ന് ടോര്‍ച്ച് ദോഹ ജനറല്‍ മാനേജര്‍ ശരീഫ് സാബ്രി അറിയിച്ചു. സഉദി അറേബ്യയിലെ ചാവേര്‍ ആക്രണം, ഫ്രാന്‍സ് ദേശീയദിനാഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണം, തുര്‍ക്കിയിലെ അട്ടിമറിശ്രമം എന്നീ സംഭവങ്ങളില്‍ ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പ്രാദേശിക അതോറിറ്റികളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നതായും അദ്ദേഹം ദോഹ ന്യൂസിനോട് പ്രതികരിച്ചു.
കായികപരിപാടികളുമായി ബന്ധപ്പെട്ട് ഖത്വര്‍ ഒളിംപിക്‌സ് കമ്മിറ്റി, ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ആവശ്യം ഉയരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെട്ടിടങ്ങള്‍ നിറം മാറുന്നതിനെതിരെ ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഫലസ്തീന്‍, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കപ്പെടാത്തതെന്താണെന്നാണ് വിമര്‍ശകരുടെ ചോദ്യം. ദേശീയ, അന്തര്‍ദേശീയ സംഭവവികാസങ്ങളോടനുബന്ധിച്ച് ലാന്‍ഡ് മാര്‍ക്ക് കെട്ടിടങ്ങളുടെ നിറം മാറുന്ന രീതി വന്‍കിട നഗരങ്ങള്‍ നേരത്തേ സ്വീകരിച്ചു വരുന്നുണ്ട്. യു എ ഇയിലെ പ്രധാന കെട്ടിടമായ ബുര്‍ജ് ദുബൈ പതിവായി വിവിധ നിറങ്ങള്‍ സ്വീകരിച്ച് അന്തര്‍ദേശീയ സമൂഹത്തോട് ഐക്യപ്പെട്ടു വരുന്നുണ്ട്. ഖത്വര്‍ ദേശീയ ദിനത്തില്‍ ഖത്വര്‍ പതാകയുടെ വര്‍ണത്തിലാണ് ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ദുബൈ പ്രശോഭിച്ചത്.

Latest