Connect with us

Gulf

#999 കഫേയും ഫുഡ് ട്രക്കും ദോഹ ഫയര്‍ സ്റ്റേഷനില്‍ തുറന്നു

Published

|

Last Updated

ഫയര്‍ സ്റ്റേഷനിലെ ഭക്ഷ്യ ട്രക്ക്‌

ദോഹ: വിശന്നു വയറു കത്തിയാലും ഇനി അത്യാഹിതങ്ങള്‍ക്കു വിളിക്കാവുന്ന 999 എന്ന നമ്പറില്‍ വിളിക്കാമോ. വിളിച്ചാല്‍ ഭക്ഷണമാവുമായി സിവില്‍ ഡിഫന്‍സ് വാഹനം പാഞ്ഞു വരുമോ. അത്രക്കിപ്പോള്‍ പറയാറായില്ലെങ്കിലും #999 കഫേ എന്ന പേരില്‍ ഭക്ഷ്യശാലയും ഭക്ഷ്യ ട്രക്കും പ്രവര്‍ത്തനമാരംഭിച്ചു. പഴയ സിവില്‍ ഡിഫന്‍സ് ട്രക്കു തന്നെയാണ് ഭക്ഷ്യ ട്രക്കിനായി ഉപയോഗിക്കുന്നത്. ഉടനില്ലെങ്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യാനുസരണം ഭക്ഷ്യവിഭവങ്ങള്‍ വിളമ്പാന്‍ ട്രക്ക് സര്‍വീസ് ഭാവിയില്‍ വരുമെന്ന് സംരംഭകര്‍ പറയുകയും ചെയ്യുന്നു.
ഖത്വര്‍ മ്യൂസിയവും സലാം ഹോസ്പിറ്റാലിറ്റിയും ചേര്‍ന്ന് ആരംഭിച്ച #999 കഫേയും ഫുഡ് ട്രക്കും പഴയ ദോഹ സിവില്‍ ഡിഫന്‍സ് ബില്‍ഡിംഗിന്റെ ആര്‍ട്ട് സ്റ്റുഡിയോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക രുചിഭേദങ്ങളുള്ള മെനുവുമായാണ് ഭക്ഷ്യശാല പ്രവര്‍ത്തിക്കുന്നത്. അറബി ഭക്ഷണങ്ങള്‍ക്കു പുറമേ ബര്‍ഗര്‍, ഐസ് ടീ, സാഫ്‌റണ്‍ ടീ തുങ്ങിയ ഇഷ്ട വിഭവങ്ങളുമുണ്ട്. സൂപ്പുകള്‍, സാലഡുകള്‍ തുടങ്ങി എല്ലാ തരം ഭക്ഷണ പ്രിയര്‍ക്കു വേണ്ടിയുമുള്ള മെനു വൈവിധ്യവും 999 കഫേ ഒരുക്കിയിരിക്കുന്നു. 20 മുതല്‍ 40 റിയാല്‍ വരെയാണ് നിരക്കുകള്‍.
ജനങ്ങള്‍ അത്യാവശ്യമായി വിശപ്പടക്കാന്‍ ആഗ്രഹിക്കുന്നുവോ അവിടെ അതിവേഗത്തില്‍ എത്തിക്കാനാകുന്ന സേവനം എന്ന നിലയില്‍ തന്നെയാണ് എമര്‍ജന്‍സി നമ്പര്‍ പേരില്‍ കഫേ ആരംഭിച്ചതെന്ന് ജനറല്‍ മാനേജര്‍ താമിര്‍ ലാചിന്‍ പറഞ്ഞു. ഘട്ടംഘട്ടമായി നടക്കുന്ന ഫയര്‍ സ്റ്റേഷന്‍ കോംപ്ലക്‌സ് വികസനത്തിന്റെകൂടി ഭാഗമായാണ് പുതിയ കഫേ. ഇവിടെ സിനിമ, ആര്‍ട്ട് ഷോപ്പ്, റസ്റ്റോറന്റ് എന്നിവയും നിലവില്‍ വരും.
കഫേയോടു ചേര്‍ന്നാണ് ഫുഡ് ട്രക്കും പ്രവര്‍ത്തിക്കുന്നത്. ലഘു ഭക്ഷ്യവിഭവങ്ങളാണ് ട്രക്കില്‍ ലഭിക്കുക. ഖത്വറിലെ രണ്ടാമത്തെ ഫയര്‍ എന്‍ജിന്‍ ട്രക്കാണിത്. നഗരത്തില്‍ ചുറ്റി സഞ്ചരിച്ച് ഭക്ഷണവിതരണം നടത്താന്‍ ട്രക്കിനു കഴിയും. എന്നാല്‍ ഇപ്പോള്‍ അതിനു ഉദ്ദേശ്യമില്ലെന്നും ഇപ്പോള്‍ കഫേയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ട്രക്ക് ഭാവിയില്‍ റോഡിലിറങ്ങിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ ഫുഡ് ട്രക്കാണിത്. പ്രമുഖ റസ്റ്റോറന്റായ ബര്‍ഗറിയുടെ ഫുഡ് ട്രക്ക് നേരത്തേ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ബര്‍ഗര്‍, ഫ്രൈ, ഡിംഗ്‌സ് എന്നിവയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബര്‍ഗറി ട്രക്ക് വില്‍പ്പന നടത്തുന്നു.
1982ല്‍ നിര്‍മിച്ച ഫയര്‍‌സ്റ്റേഷന്‍ ബില്‍ഡിംഗ് 2012ലാണ് ഖത്വര്‍ മ്യൂസിയത്തിനു കൈമാറിയത്. സിവില്‍ ഡിഫന്‍സ് ആസ്ഥാനം വിപുലമായ സൗകര്യങ്ങളോടെ മറ്റൊരിടത്തേക്കു മാറ്റിയപ്പോഴാണ് ഫയര്‍ സ്റ്റേഷന്‍ മ്യൂസിയത്തിനു കൈമാറിയത്. ഫയര്‍ സ്റ്റേഷന്‍ നവീകരണം നടത്തി ആര്‍ട്ട് ഗ്യാലറിയാക്കി മാറ്റുകയായിരുന്നു ഖത്വര്‍ മ്യൂസിയം. കഴിഞ്ഞ വര്‍ഷമാണ് പൊതുജനങ്ങള്‍ക്കായി ഫയര്‍‌സ്റ്റേഷന്‍ തുറന്നത്.

Latest