വന്‍ തൊഴിലവസരങ്ങള്‍ തുറന്നിട്ട് യു എ ഇ വ്യോമയാന രംഗം

Posted on: July 19, 2016 3:37 pm | Last updated: July 19, 2016 at 3:37 pm
SHARE

emirates copyദുബൈ:വ്യോമയാന രംഗത്തെ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ ഭാഗമായും വിവിധ വിമാനത്താവളങ്ങളുടെ വിപുലീകരണത്തിലൂടെയും 2025 ആകുമ്പോഴേക്കും ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍.

റിസപ്ഷ്യനിസ്റ്റ്, കാബിന്‍ ക്രൂ, എയര്‍പോര്‍ട് സര്‍വീസ് ഏജന്റ്, പൈലറ്റ്, ടെക്‌നിക്കല്‍ ആന്‍ഡ് ഗ്രൗണ്ട് സ്റ്റാഫ്, എന്‍ജിനിയേഴ്‌സ്, ആര്‍ക്കിടെക്ടുകള്‍, പ്രൊജക്ട് മാനേജര്‍മാര്‍, മറ്റിതര വിദഗ്ധ തൊഴിലാളികള്‍ എന്നിവരുടെ ആവശ്യകതയാണ് ഈ മേഖലയില്‍ വര്‍ധിച്ചുവരിക. ഈ മേഖലയിലെ മാനവിഭവ ശേഷി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ വ്യോമയാന രംഗത്തെ സ്ഥാപനങ്ങളുടെ ജീവനക്കാരുടെ ആവശ്യകതയും, ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളുമനുസരിച്ച് 2025 ആകുന്നതോടെ 12 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് യു എ ഇയില്‍ സൃഷ്ടിക്കപ്പെടുകയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വിവിധ വിമാനക്കമ്പനികളില്‍ പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നിരീക്ഷിക്കുന്നതിലൂടെ യു എ ഇയില്‍ വ്യോമയാന രംഗത്ത് അവസരങ്ങളുടെ കവാടങ്ങളാണ് തുറക്കെട്ടിരിക്കുന്നതെന്ന് വ്യക്തമാകുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിവിധ തസ്തികകളിലേക്ക് ഉന്നത തൊഴില്‍ നൈപുണ്യമുള്ള തൊഴിലാളികളെ തേടുന്നുണ്ട്. സര്‍വീസ് റിപ്പോര്‍ട്ട് മാനേജര്‍മാര്‍, ഇ-കൊമേഴ്‌സ് മാനേജര്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, സെക്യൂരിറ്റി ഏജന്റ്, കോണ്‍ട്രാക്ട് അഡ്മിഷന്‍ ഓഫീസര്‍ എന്നീ ഗണത്തിലുള്ള ജീവനക്കാരെയാണ് എമിറേറ്റ്‌സ് കൂടുതലായി നിയമിക്കുക.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്‌സും തങ്ങളുടെ തൊഴില്‍ ശക്തി വിപുലീകരിക്കുന്നതിന് തയ്യാറെടുക്കുന്നുണ്ട്.

കാബിന്‍ ക്രൂ, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ്, കോണ്‍ടാക്റ്റ് സെന്റര്‍ ഏജന്റ്, ഡിമാന്റ് മാനേജര്‍, പ്രൊജക്ട് മാനേജര്‍, വര്‍ ക്‌ഷോപ്പ് സൂപ്പര്‍ വൈസര്‍, എന്‍ജിനിയറിംഗ് കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോളര്‍, ഡാറ്റ സയന്റിസ്റ്റ് മാനേജര്‍, ഇന്‍ ഫ്‌ളൈറ്റ് ഷെഫ്, ഫുഡ് ആന്‍ഡ് ബീവറേജ് മാനേജര്‍, ഫസ്റ്റ് ഓഫീസര്‍ (കോ-പൈലറ്റ്) എന്നീ തസ്തികകളുടെ വന്‍ ശൃംഖലയാണ് ഇത്തിഹാദ് എയര്‍വേയ്‌സ് തൊഴിലന്വേഷകര്‍ക്ക് തുറന്നിട്ടിരിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഓക്‌സ്‌ഫോര്‍ഡ് എകണോമിക്‌സ് തയ്യാറാക്കിയ കണക്കുകളനുസരിച്ച് 2014ല്‍ വ്യോമയാന രംഗത്ത് ദുബൈയില്‍ 416,500 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ദുബൈ എമിറേറ്റിലെ മൊത്തം തൊഴില്‍ ശക്തിയുടെ 21 ശതമാനം വരുമിത്. ദുബൈയുടെ ആഭ്യന്തര വരുമാനത്തില്‍ 9,772 കോടി ദിര്‍ഹമിന്റെ വരുമാനമാണ് വ്യോമയാന മേഖല നേടിക്കൊടുത്തത്.

ദുബൈയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ 27 ശതമാനമാണ് ഇതിലൂടെ നേടിയത്.
എക്‌സ്‌പോ 2020 ലക്ഷ്യമിട്ട് വന്‍ വികസന കുതിപ്പാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്. എക്‌സ്‌പോയുടെ കാലയളവില്‍ 20 ലക്ഷം യാത്രക്കാരെയാണ് അധികമായി പ്രതീക്ഷിക്കുന്നത്. ആ വര്‍ഷത്തോടെ 126 ലക്ഷം യാത്രക്കാരുടെ വര്‍ധനവ് ഉണ്ടാകുമെന്ന് ദുബൈ എയര്‍പോര്‍ട് ഉന്നതോദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് മുന്നില്‍കണ്ട് എയര്‍പോര്‍ട് സൗകര്യങ്ങളുടെ വന്‍തോതിലുള്ള വിപുലീകരണമാണ് നടന്നുവരുന്നത്.

വിവിധങ്ങളായ നവീകരണ പദ്ധതികളിലൂടെ 7,500 പുതിയ തൊഴില്‍ സംരംഭങ്ങളാണ് 2015 പകുതിയോടെ തുറക്കപ്പെട്ടത്. ആ വര്‍ഷം അവസാനത്തോടെ 7,820 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സി സ്റ്റാഫ്, മറ്റിതര വിദഗ്ധ തൊഴിലാളികള്‍ എന്നിവരുള്‍പെടെ വിവിധങ്ങളായ ജീവനക്കാരെ നിലവില്‍ ഒട്ടനവധി കമ്പനികള്‍ ദുബൈ വിമാനത്താവളം കേന്ദ്രീകരിച്ച് നിയമിക്കുന്നുണ്ട്. മേഖലയിലെ പ്രധാന കേന്ദ്രമായി ദുബൈയെ കണക്കിലെടുത്താണ് ഈ നടപടികള്‍. വരുംവര്‍ഷങ്ങളില്‍ വന്‍കുതിച്ചുചാട്ടമാണ് വ്യോമ മേഖലയില്‍ ഈ നിയമനങ്ങളിലൂടെ സംഭവിക്കുകയെന്ന് വ്യോമ മേഖലയിലെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.